28 March Thursday

തെളിവെവിടെ എന്ന്‌ വീണ്ടും കോടതി; യുഎഇ കോൺസുലേറ്റിന്റെ പങ്ക്‌ അന്വേഷിക്കേണ്ടതുണ്ടെന്ന്‌ എൻഐഎ, വിധി തിങ്കളാഴ്‌ച

സ്വന്തം ലേഖകൻUpdated: Wednesday Oct 7, 2020

കൊച്ചി > സ്വർണക്കടത്തിലൂടെ ലഭിച്ച പണം പ്രതികൾ  തീവ്രവാദപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതിന്  തെളിവുണ്ടോയെന്ന് വീണ്ടും ആവർത്തിച്ച്‌ എൻഐഎ കോടതി. കേസന്വേഷണം 85 ദിവസം പിന്നിട്ടിട്ടും അതിനുള്ള തെളിവ് ശേഖരിച്ചു കഴിഞ്ഞില്ലേയെന്നും ആറ്‌ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടുള്ള വാദത്തിനിടെ പ്രത്യേക എൻഐഎ കോടതി ചോദിച്ചു. യുഎപിഎ പ്രകാരം  ചുമത്തിയ കുറ്റങ്ങൾ സ്ഥാപിക്കാൻ തെളിവുകളില്ലെങ്കിൽ പ്രതികൾക്ക്‌ ജാമ്യമനുവദിക്കേണ്ടിവരുമെന്ന്‌ കഴിഞ്ഞ ദിവസം കോടതി പറഞ്ഞിരുന്നു.

നയതന്ത്രബാഗേജിൽ സ്വർണം കടത്തിയതിൽ യുഎഇ കോൺസുലേറ്റിന്റെ പങ്ക്‌ അന്വേഷിക്കേണ്ടതുണ്ടെന്ന്‌ വാദത്തിനിടെ ഇതാദ്യമായി  എൻഐഎ അറിയിച്ചു. നയതന്ത്ര ചാനലിൽ സ്വർണ്ണം കടത്തുന്നതിൽ കോൺസുലേറ്റ്‌ അധികൃതർ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കാളിയായിട്ടുണ്ടോ എന്ന്‌ അറിയേണ്ടതുണ്ട്‌. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പരിശോധിച്ച്‌  കോൺസുലേറ്റ്‌ അധികൃതരെ ചോദ്യംചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കണം. യുഎഇയിൽ അറസ്‌ററിലായ ഫൈസൽ ഫരീദിനെയും റബിൻസ്‌ ഹമീദിനെയും ചോദ്യംചെയ്യുന്നതോടെ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകും. സ്വർണക്കടത്തുകാർ യുഎഇ സുരക്ഷിതകേന്ദ്രമായാണ്‌ കാണുന്നത്‌.  പ്രതികളിൽ പലരും യുഎഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ്. അറസ്റ്റ് ഉറപ്പായപ്പോൾ ചിലർ അവിടേക്ക് രക്ഷപെട്ടു. സൗഹൃദരാജ്യമായ യുഎഇയിൽ ഇവർ എങ്ങനെ സുരക്ഷിതരായി താമസിക്കുന്നു എന്നതും അന്വേഷിക്കണമെന്ന്‌ എൻഐഎ പറഞ്ഞു.

പ്രോസിക്യൂഷന്‌ വേണ്ടി അസിസ്‌റ്റന്റ്‌ സോളിസിറ്റർ ജനറൽ പി വിജയകുമാർ ബുധനാഴ്‌ചയും ഹാജരായി. സ്വർണ്ണക്കടത്ത്‌ കേസിൽ യുഎപിഎ ചുമത്തുന്നത്‌ എന്തുകൊണ്ടാണെന്നും പ്രതികൾ ഭീകരപ്രവർത്തനത്തിൽ പങ്കെടുത്തതിന്‌ തെളിവുണ്ടോ എന്നും കോടതി അദ്ദേഹത്തോട്‌ ആരാഞ്ഞു. അറസ്റ്റിലായവർക്കെല്ലാം അന്താരാഷ്‌ട്ര ബന്ധമുണ്ടെന്നും സാമ്പത്തിക ലാഭത്തിന്‌ വേണ്ടി മാത്രമല്ല പലരും സ്വർണ്ണക്കടത്ത്‌ നടത്തിയതെന്നും മറ്റു കാര്യങ്ങൾ തുടരന്വേഷണത്തിൽ വ്യക്തമാകുമെന്നും പി വിജയകുമാർ ബോധിപ്പിച്ചു.

നാലാംപ്രതി സന്ദീപ്‌ നായർ കോടതിയിൽ നൽകിയ കുറ്റസമ്മതമൊഴി  തിങ്കളാഴ്‌ച പരിശോധിച്ചശേഷമാകും ജാമ്യാപേക്ഷയിൽ  വിധി പറയുക. ചൊവ്വാഴ്‌ച ആലുവ സിജെഎം കോടതിയിലാണ്‌ സന്ദീപ്‌ നായർ മൊഴിനാൽകിയത്‌. ഉച്ചക്ക്‌ രണ്ടിനാരംഭിച്ച മൊഴി രേഖപ്പെടുത്തൽ രാത്രി പന്ത്രണ്ടോടെയാണ്‌ പൂർത്തിയായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top