25 April Thursday

നാല് മാസം അന്വേഷിച്ചിട്ടും ശിവശങ്കറിനെതിരെ തെളിവുകള്‍ ലഭിച്ചില്ലേ: കസ്റ്റംസിന് കോടതിയുടെ രൂക്ഷവിമര്‍ശനം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 25, 2020


കൊച്ചി
നയതന്ത്ര ബാഗിൽ സ്വർണം കടത്തിയ കേസിൽ കസ്‌റ്റംസിന്‌ കോടതിയുടെ രൂക്ഷ വിമർശം. മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെതിരെ നാലുമാസമായിട്ടും തെളിവൊന്നും കിട്ടിയില്ലേയെന്ന്‌ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള അഡീഷണല്‍ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ചോദിച്ചു. ശിവശങ്കറിനെ 10 ദിവസത്തേക്ക്‌ കസ്‌റ്റഡിയിൽ വിട്ടുകിട്ടണമെന്ന കസ്‌റ്റംസ്‌‌ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു‌ വിമർശം. വാദത്തിനുശേഷം അഞ്ചുദിവസത്തെ കസ്‌റ്റഡി അനുവദിച്ചു.


 

എൻഫോഴ്‌സ്‌മെന്റ്‌ കേസിൽ ജയിലിൽ കഴിയുന്ന ശിവശങ്കറിനെ ചൊവ്വാഴ്‌ച കസ്‌റ്റംസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
കേസിൽ 23–-ാം പ്രതിയാണ്. എന്നാൽ, പതിനൊന്നാം മണിക്കൂറിൽ അറസ്റ്റ് ചെയ്യാൻ ബലവത്തായ എന്ത്‌ തെളിവാണ് ലഭിച്ചതെന്ന്‌ കോടതി ചോദിച്ചു. നിരവധി തവണയായി അന്വേഷിക്കുന്നു. എന്ത് തെളിവ്‌ കണ്ടെത്താനാണ് കസ്റ്റഡിയിൽ ചോദിക്കുന്നതെന്ന്‌ വ്യക്തമാക്കണം. ശിവശങ്കറിനെ എന്തിന്‌ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നുപോലും  ഹർജിയിൽ വ്യക്തമാക്കിയിട്ടില്ല. സംഭവം നടക്കുമ്പോൾ ഇദ്ദേഹം ഉന്നതപദവി വഹിച്ചിരുന്നു. എന്നാൽ, കസ്റ്റംസ് രേഖകളിൽ പറയുന്നത്‌ മാധവൻ നായരുടെ മകൻ ശിവശങ്കർ എന്നുമാത്രം. ശിവശങ്കറിനെതിരെ ഗൗരവമായ ആരോപണങ്ങളാണ്‌ ഉയർത്തിയിരിക്കുന്നത്‌. ശിവശങ്കറിനെ കസ്റ്റംസിന്‌ പേടിയാണോ? അന്വേഷണ ഉദ്യോഗസ്ഥൻ മറുപടി നൽകണമെന്നും കോടതി പറഞ്ഞു.

ശിവശങ്കറിനെ കേസിൽ മനഃപൂർവം കുടുക്കാൻ ശ്രമിക്കുകയാണെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. നാലുമാസത്തിൽ ഒമ്പതുതവണ ചോദ്യംചെയ്തിട്ടും കിട്ടാത്ത എന്തു തെളിവാണ് ഇനി ലഭിക്കാനുള്ളത്. സ്വപ്ന ഇത്രയും നാളും നൽകാതിരുന്ന മൊഴി ഇപ്പോൾ നൽകിയത് ദുരൂഹമാണ്‌.

സ്വപ്‌നയുടെയും മറ്റ്‌ പ്രതികളുടെയും മൊഴികളിൽനിന്നാണ്‌ ശിവശങ്കറിനെതിരെ തെളിവ്‌ ലഭിച്ചതെന്ന്‌ കസ്‌റ്റംസ്‌ വ്യക്തമാക്കി. കള്ളക്കടത്തിന്റെ രീതികളെക്കുറിച്ചും കൂടുതൽ പേരുടെ പങ്കിനെക്കുറിച്ചും ചോദ്യം ചെയ്യണം. അന്വേഷണ സംഘത്തിന്റെ ആരോപണത്തിലെ ഗൗരവം പരിഗണിച്ചാണ്‌ അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വിടുന്നതെന്ന്‌ കോടതി വ്യക്തമാക്കി.

കാക്കനാട്‌ ജില്ലാ ജയിലിൽനിന്ന്‌ വീഡിയോ കോൺഫറൻസ്‌ വഴിയാണ് ശിവശങ്കർ ‌ കോടതിയിൽ ഹാജരായത്‌. ഡോളർകടത്ത്‌ കേസിൽ സരിത്, സ്വപ്‌ന എന്നിവരെയും അഞ്ചുദിവസത്തേക്ക്‌ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു. ഡോളർകടത്ത് കേട്ടുകേൾവി ഇല്ലാത്തതാണെന്നും  കോടതി ചൂണ്ടിക്കാട്ടി. കേസിൽ ഇരുവരുടെയും അറസ്റ്റ് നേരത്തെ രേഖപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top