കൊച്ചി
സംസ്ഥാനത്ത് സ്വർണവില സർവകാല ഉയരത്തിൽ. വെള്ളിയാഴ്ച പവന് 200 രൂപ വർധിച്ച് 43,040 രൂപയും ഗ്രാമിന് 25 രൂപ വർധിച്ച് 5380 രൂപയുമായി. ഫെബ്രുവരി രണ്ടിലെ 42,880 രൂപയാണ് മുൻ റെക്കോഡ് വില. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുതിച്ചുയർന്നതോടെയാണ് ഇവിടെയും കൂടിയത്. യുഎസിലെ സിലിക്കൺവാലി, സിഗ്നേച്ചർ, സിൽവർ ഗേറ്റ് ബാങ്കുകൾക്കുപുറകെ സ്വിറ്റ്സർലൻഡിലെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കായ ക്രെഡിറ്റ് സൂയിസും തകർച്ചയിലേക്ക് എന്ന വാർത്തയാണ് അന്താരാഷ്ട്ര വിപണിയിൽ പ്രതിസന്ധി സൃഷ്‌ടിക്കുന്നത്. യുഎസും അതുമൂലം ലോകമാകെയും 2008ന് സമാനമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നു എന്ന ആശങ്കയിൽ നിക്ഷേപകർ കൂടുതൽ സുരക്ഷിതനിക്ഷേപം എന്നനിലയ്ക്ക് സ്വർണത്തിലേക്ക് തിരിയുകയാണ്.
ബാങ്ക് തകർച്ചയുടെ ആദ്യവാർത്ത പുറത്തുവന്നതിനുശേഷം എട്ടുദിവസത്തിനിടെ സംസ്ഥാനത്ത് പവന് 2320 രൂപയാണ് കൂടിയത്. ഒരുപവൻ ആഭരണം വാങ്ങാൻ ജിഎസ്ടിയും പണിക്കൂലിയും ചേർത്ത് 46,500 രൂപയോളം കൊടുക്കേണ്ടിവരും. ഈ വർഷം തുടക്കത്തിൽ 40,480 രൂപയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..