29 March Friday

ഗോവയിൽ ബിജെപിയ്‌ക്ക്‌ തിരിച്ചടി; സീറ്റ്‌ കിട്ടാത്ത നേതാക്കൾ സ്വതന്ത്രരായി മത്സരിച്ചേക്കും

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022

പനാജി > ഗോവയിൽ ബിജെപിയ്‌ക്ക്‌ തിരിച്ചടി. സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന്‌ പിന്നാലെ വിമതനീക്കം ശക്തമാകുന്നു. പാർടിയിലെ സീറ്റ്‌ ലഭിക്കാത്ത മുതിർന്ന നേതാക്കളടക്കം സ്വതന്ത്രരായി മത്സരിക്കുമെന്നാണ്‌ സൂചന. വ്യാഴാഴ്‌ചയാണ്‌ ബിജെപിയുടെ 34സീറ്റുകളിലെ സ്ഥാനാർഥികളുടെ പട്ടിക പുറത്തുവന്നത്‌. സീറ്റ്‌ ലഭിക്കാതെ പോയ മുൻ മുഖ്യമന്ത്രി ലക്ഷ്മികാന്ത്‌ പർസേക്കർ, അന്തരിച്ച മുൻ മുൻഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്‌പൽ പരീക്കർ തുടങ്ങി നിരവധി നേതാക്കളാണ്‌ ബിജെപി സ്ഥാനാർഥികൾക്കെതിരെ സ്വതന്ത്രരായി മത്സരിക്കാൻ തയ്യാറെടുക്കുന്നതെന്നാണ്‌ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഉത്‌പൽ പരീക്കറിന്‌ മനോഹർ പരീക്കറുടെ സീറ്റായിരുന്ന പനാജി നൽകുമെന്നാണ്‌ പ്രതീക്ഷിച്ചിരുന്നത്‌. എന്നാൽ കോൺഗ്രസിൽനിന്ന്‌ കൂറുമാറിയെത്തിയ സിറ്റിങ്‌ എംഎൽഎ അന്റനാസിയോ ‘ബാബുഷ്‌’ മൊൻസരാറ്റെയ്‌ക്ക്‌ ബിജെപി സീറ്റ്‌ നൽകുകയായിരുന്നു. പനാജിയിൽ തന്നെ മത്സരിക്കാനാണ്‌ ഉത്‌പലിന്റെ നീക്കം. 25 വർഷം മനോഹർ പരീക്കറായിരുന്നു പനാജി എംഎൽഎ. അന്റനാസിയോയുടെ ഭാര്യ ജെന്നിഫറിനും ബിജെപി സീറ്റ്‌ നൽകി.

സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്ത ആറ്‌ മണ്ഡലത്തിൽ ഒന്ന്‌ ഉത്‌പൽ പരീക്കറിന്‌ വാഗ്‌ദാനം ചെയ്‌തതായി ബിജെപി ചുമതലക്കാരനായ ദേവേന്ദ്ര ഫട്‌നവിസ്‌ പറഞ്ഞിരുന്നു. നേതാവിന്റെ മകനെന്ന നിലയ്‌ക്ക്‌  ഉത്‌പലിന്‌ സീറ്റ്‌ നൽകാനാകില്ല. മറ്റൊരു സീറ്റ്‌ നൽകും- ഫട്‌നവിസ്‌ പറഞ്ഞു. പകരം സീറ്റ്‌ വാഗ്‌ദാനം ഉത്‌പൽ നിരാകരിച്ചതായാണ്‌ സൂചന. പനാജി പരീക്കർ കുടുംബത്തെ സംബന്ധിച്ച്‌ വൈകാരിക വിഷയമാണെന്നും മറ്റേതെങ്കിലും സീറ്റിൽ താൽപ്പര്യപ്പെടുന്നില്ലെന്നും ഉത്‌പലുമായി ബന്ധപ്പെട്ടവർ പറഞ്ഞു. സീറ്റ്‌ നിഷേധിക്കപ്പെട്ട മുൻ പൊതുമരാമത്ത്‌ മന്ത്രി ദീപക്‌ പുഷ്‌കറും  സ്വതന്ത്രനായി മത്സരിക്കുമെന്നാണ്‌ പുറത്തുവരുന്ന വിവരങ്ങൾ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top