27 April Saturday

ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള; ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

തിരുവനന്തപുരം> കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും അമ്യൂസിയം ആർട്സയൻസും ചേർന്ന് സംഘടിപ്പിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ (ജിഎസ്എഫ്‌കെ) ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ, മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവ് ഡോ. എം സി ദത്തൻ, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. എസ് പ്രദീപ് കുമാർ, അമ്യൂസിയം ട്രസ്റ്റിമാരായ ഡോ. അജിത് കുമാർ ജി, ഡോ. രതീഷ് കൃഷ്ണൻ, ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന പ്രസിഡന്റ് ബി. രമേഷ്, അമ്യൂസിയം ഗ്യാലറി മാനേജർ രമ്യ വിൽഫ്രഡ് എന്നിവർ പങ്കെടുത്തു.

ഈ വർഷം ഡിസംബറിൽ തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലാണ് ഏഷ്യയിലെ ഏറ്റവും വലിയ ശാസ്ത്ര-വിജ്ഞാനോൽസവത്തിന് അരങ്ങൊരുങ്ങുന്നത്. ഇതിനായി കെഎസ്ഐഡിസിയുടെ കൈവശമുള്ള 20 ഏക്കർ സ്ഥലം താൽക്കാലികമായി വിട്ടുനൽകും. രണ്ടുമാസം നീണ്ടുനിൽക്കുന്ന ശാസ്ത്രോൽസവത്തിനായി 2022ലെ സംസ്ഥാന ബജറ്റിൽ നാലു കോടി രൂപ വകയിരുത്തിയിരുന്നു. ആകെ പത്തുകോടിയോളം രൂപ ചെലവു കണക്കാക്കുന്ന മേളയിൽ ബാക്കി തുക സ്പോൺസർഷിപ്പിലൂടെയും ടിക്കറ്റിലൂടെയും കണ്ടെത്താനാണ് പദ്ധതി.

ശാസ്ത്രരംഗത്തു പ്രവർത്തിക്കുന്ന വിദഗ്ദ്ധരാണ് പരിപാടിയുടെ സ്‌ക്രിപ്റ്റ് തയ്യാറാക്കുന്നത്. ‘ലൈഫ് സയൻസ്’ എന്ന വിഷയത്തിൽ അധിഷ്ഠിതമായി നടത്തുന്ന മേളയിൽ ക്യൂറേറ്റ് ചെയ്ത അതിവിപുലമായ ശാസ്ത്രപ്രദർശനം ഉൾപ്പെടുന്ന ഫെസ്റ്റിവൽ കോംപ്ലക്‌സാണ് മുഖ്യ ആകർഷണം. ഇതിനായി 2.5 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള പവലിയൻ തയ്യാറാക്കും. മെഗാ വാക്-ഇന്നുകൾ, ഡിജിറ്റൽ ഇന്ററാക്ടീവ് പ്ലാറ്റ്‌ഫോമുകൾ, റെപ്ലിക്കകൾ, യഥാർഥ വസ്തുക്കളുടെ പ്രദർശനം തുടങ്ങിയവയെല്ലാം ഇതിനായി ഉപയോഗിക്കും. പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിന്റെ ‘ജീവന്റെ വൃക്ഷം’ എന്ന പ്രശസ്തമായ ഡ്രോയിംഗിനെ അടിസ്ഥാനമാക്കിയാണ് ജിഎസ്എഫ്‌കെയുടെ ലോഗോ രൂപകൽപന ചെയ്തിരിക്കുന്നത്.

രാത്രികാല വാനനിരീക്ഷണം, വിദ്യാർഥികൾക്കായി സയൻസ് കോൺഗ്രസ്, ശിൽപശാലകൾ, കലാപരിപാടികൾ, പ്രഭാഷണങ്ങൾ തുടങ്ങി വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ആഗോളപ്രശസ്തമായ ‘മ്യൂസിയം ഓഫ് മൂൺ’ ഉൾപ്പെടെയുള്ള രാജ്യാന്തര സ്ഥാപനങ്ങളുടേയും സംഘടനകളുടേയും മ്യൂസിയങ്ങളുടേയും അന്താരാഷ്ട്ര ശാസ്ത്ര പ്രദർശന ഏജൻസികളുടെയുമെല്ലാം പങ്കാളിത്തം മേളയിൽ ഉറപ്പാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു കീഴിലുള്ള ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ, വ്യവസായ സ്ഥാപനങ്ങളുടെയെല്ലാം പവലിയനുകളും മേളയിൽ ഉണ്ടാകും. കേരള സാങ്കേതിക സർവ്വകലാശാല, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്പ്മെൻറ് കോർപ്പറേഷൻ, മ്യൂസിയം ഓഫ് മൂൺ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുടങ്ങി നിരവധി ദേശീയ, അന്തർ ദേശീയസ്ഥാപനങ്ങളും സംഘടനകളും സംഘാടനത്തിൽ സഹകരിക്കുന്നു.

സ്ഥിരം ശാസ്ത്ര പ്രദർശന കേന്ദ്രം തിരുവനന്തപുരത്ത് ഉണ്ടാക്കുകയും രാജ്യാന്തരതലത്തിൽ ശ്രദ്ധേയമാകുന്ന സയൻസ് സിറ്റിയായി തിരുവനന്തപുരത്തെ മാറ്റുകയുമാണ് പരിപാടിയുടെ ലക്ഷ്യം. മേളയിലെ പ്രദർശനവസ്തുക്കളിൽ പകുതിയെണ്ണമെങ്കിലും സ്ഥിരം മ്യൂസിയത്തിൽ സൂക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്.

മേളയുടെ മുന്നോടിയായി സംസ്ഥാനത്തെ സ്‌കൂളുകളിലുള്ള ഔട്‌റീച്ച് പരിപാടികൾ 2023 ജൂലൈ മാസത്തിൽ ആരംഭിക്കും. സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും നേരിട്ട് പരിപാടിയുടെ സന്ദേശമെത്തിക്കും. ഇതുകൂടാതെ സ്ട്രീറ്റ് ഇൻസ്റ്റലേഷനുകൾ, ത്രിമാന മാപ്പിംഗ് പ്രൊജക്ഷനുകൾ, ആർട് വാളുകൾ തുടങ്ങിയവ ഗ്രാമീണമേഖലകളിൽ ഉണ്ടാകും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top