24 April Wednesday

ഛത്തീസ്‌ഗഢിൽ വീണ്ടും ഘർവാപ്‌സി ; 1100 ക്രൈസ്തവരെ മതംമാറ്റി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

മഹാസമുന്ദിൽ 
ഘർവാപ്-സി ചടങ്ങിൽനിന്ന് videograbbed image


ന്യൂഡൽഹി
ഛത്തീസ്‌ഗഢിലെ മഹാസമുന്ദിൽമാത്രം 1100 ക്രൈസ്തവരെ ഹിന്ദുമതത്തിലേക്ക്‌ തിരിച്ചെത്തിച്ചതായി സംഘപരിവാർ പ്രസിദ്ധീകരണമായ ഓർഗനൈസർ. ഈ മാസം 19ന്‌ നടന്ന ഘർവാപ്‌സി ചടങ്ങിൽ മുന്നൂറോളം കുടുംബങ്ങളിലെ 1100 പേരെ ഹിന്ദുമതത്തിലേക്ക്‌ തിരിച്ചെത്തിച്ചെന്നാണ്‌ അവകാശവാദം. ഛത്തീസ്‌ഗഢിൽ ക്രൈസ്‌തവസമൂഹത്തിന്‌ എതിരെ കടന്നാക്രമണങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്ന ഘട്ടത്തിലാണ് ഘർവാപ്‌സി അരങ്ങേറുന്നത്. അക്രമണങ്ങളെ പ്രതിരോധിക്കാനോ വിശ്വാസികളെ സംരക്ഷിക്കാനോ കോൺഗ്രസ്‌ സർക്കാർ നടപടി സ്വീകരിക്കുന്നില്ല.

മഹാസമുന്ദിൽ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ബ്രൽപ്രതാപ്‌ സിങ് ജുദേവിന്റെ നേതൃത്വത്തിലാണ്‌ ഘർവാപ്‌സി നടന്നത്‌. ചടങ്ങിൽ പങ്കെടുത്തവരുടെ കാലുകൾ ഗംഗാജലത്താൽ കഴുകിയശേഷം ഹിമാൻശു മഹാരാജിന്റെ നേതൃത്വത്തിൽ അനുബന്ധചടങ്ങുകൾ പൂർത്തിയാക്കിയെന്ന്‌ ‘ഓർഗനൈസർ’ റിപ്പോർട്ടിൽ പറയുന്നു.

ക്രിസ്‌ത്യൻ മതപ്രചാരകരുടെ ആഭിമുഖ്യത്തിൽ അനധികൃതമായി മതംമാറ്റിയവരെയാണ്‌ തിരിച്ചെത്തിച്ചതെന്ന്‌  റിപ്പോർട്ട്‌ അവകാശപ്പെടുന്നു. ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ചില സംഘടനകളുടെ സഹകരണത്തോടെ ഏകദേശം ഇരുപതിനായിരത്തോളം പേരെ ‘ഘർവാപ്‌സി’ ചടങ്ങിലൂടെ ഇതിനോടകം  ‘സനാതനധർമ’ത്തിലേക്ക്‌ തിരിച്ചെത്തിച്ചെന്നും പരാമർശമുണ്ട്‌.

ഛത്തീസ്‌ഗഢിലെ ക്രൈസ്‌തവസമൂഹത്തിന്‌ എതിരായ കടന്നാക്രമണങ്ങൾ പഠിക്കാൻ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസങ്ങളില്‍ ഛത്തീസ്‌ഗഢ്‌ സന്ദർശിച്ചു. ബസ്‌തർ മേഖലയിലെ കാൻകേർ, കൊണ്ടാഗാവ്‌, നാരായൺപുർ ജില്ലകളിൽ അതിക്രമങ്ങൾക്ക്‌ ഇരകളായ നൂറുകണക്കിന്‌ ആളുകളെയും പാസ്‌റ്റർമാരെയും സംഘം സന്ദർശിച്ചിരുന്നു. പൊലീസ്‌, ജില്ലാഭരണ ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്‌ചകൾ നടത്തി. നിർബന്ധിത മതപരിവർത്തനമുണ്ടായ ഒറ്റ സംഭവംപോലും  സംഘം മുമ്പാകെ എത്തിയില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top