29 March Friday

ജെൻഡർ പൊളിറ്റിക്‌സ്‌ ക്ലാസിൽ "തുണിമതിൽ'; തൃശൂർ മെഡിക്കൽ കോളേജിലെ വിസ്‌ഡം പരിപാടിക്കെതിരെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022

തൃശൂർ > തൃശൂർ മെഡിക്കൽ കോളേജിൽ ഇസ്ലാമിക സംഘടനയായ 'വിസ്‌ഡ‌‌'ത്തിന്റെ നേതൃത്വത്തിൽ നടത്തിയ ജെൻഡർ പൊളിറ്റിക്‌‌സ് ക്ലാസിൽ വിദ്യാർത്ഥികളെ തുണികൊണ്ട് മറതിരിച്ച സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. ജെൻഡർ പൊളിറ്റിക്‌‌സും അതിന് പിന്നിലെ ജീവിതങ്ങളും ആശയങ്ങളും എന്ന വിഷയത്തെ സംബന്ധിച്ച് നടത്തിയ സംവാദ പരിപാടിയിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും വെള്ള തുണിക്കൊണ്ട് മറച്ച് വേർതിരിച്ചിരുന്നു. വിസ്‌ഡം നേതാവ് അബ്‌ദുള്ള ബേസിൽ ഉദ്ഘാടനം ചെയ്‌ത പരിപാടിയുടെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിൽ വലിയ ചർച്ചയായിട്ടുണ്ട്‌.

“ആ മറ അവിടെ വച്ചപ്പോഴാണ് ജൻഡർ പൊളിറ്റിക്‌‌സ് (എന്തരോ എന്തോ!) വ്യക്തമായത്. അല്ലെങ്കിൽ നിങ്ങളുദ്ദേശിക്കുന്ന ജൻഡർ പൊളിറ്റിക്‌സ് എന്താണെന്ന് മറ്റുള്ളവർക്ക് മനസിലായില്ലെങ്കിലോ. ഇതിലും വലിയ ദുരന്തങ്ങൾ മെഡിക്കൽ വിദ്യാഭ്യാസം നേടി പോകുന്നത് കണ്ടിട്ടുള്ളതിനാൽ ഇതിൽ അതിശയം ഒന്നുമില്ല. സഹതാപം മാത്രം' - ഡോ. മനോജ് വെള്ളനാട് പറഞ്ഞു.

ആ പ്രോഗ്രാമിൽ പങ്കെടുത്ത വിദ്യാർത്ഥികൾ സ്വയം വിലയിരുത്താനും നവീകരിക്കാനും തയ്യാറാവണം. മത-ആചാര വിഷയങ്ങളൊക്കെ നിങ്ങളുടെ വ്യക്തിസ്വാതന്ത്ര്യം. അതിലൊന്നും ആരും ഇടപെടുന്നില്ല. പക്ഷേ മനുഷ്യരുടെ ഇടയ്‌ക്ക് മറ കെട്ടി നൂറ്റാണ്ടുകൾ പിന്നോട്ട് സഞ്ചരിക്കുന്നത് അങ്ങനെയല്ല. ഈ സങ്കുചിത പ്രക്രിയ തിരുത്താൻ നിങ്ങൾ തയ്യാറാവണമെന്ന് ജിനേഷ് പി എസ് പറഞ്ഞു.

മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികളാണോ ഇത് എന്നും ഇവർ ഇന്ത്യക്ക് തന്നെ അപമാനമാണെന്നുമുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഭാവിയിലെ ഡോക്ടർമാരിൽ ഇങ്ങനെ ഒരു സമൂഹം ഉണ്ടായി വരുന്നുതോർത്ത് ലജ്ജ തോന്നുന്നുവെന്നും ചിലർ പ്രതികരിക്കുന്നുണ്ട്.

ജെൻഡർ പൊളിറ്റിക്‌സും അതിന് പിന്നിലെ ജീവിതങ്ങളും ആശയങ്ങളും എന്ന വിഷയത്തിൽ സംവദിക്കാനാണ് യോഗം നടത്തിയതെന്നാണ് മത പ്രഭാഷകൻ കൂടിയായ അബ്‌ദുള്ള ബേസിലിന്റെ വിശദീകരണം. ആൺ-പെൺ വേർതിരിവുകളുടെ വിഷയത്തിൽ മതത്തിനും ലിബറൽ ആശയങ്ങൾക്കും വ്യത്യസ്തമായ കാഴ്ചപ്പാട് ആണുള്ളത്. ആ വ്യത്യസ്‌തതകൾ ഉൾക്കൊള്ളാൻ സാധിക്കാത്തവരോട് സഹതപിക്കാൻ മാത്രമേ നിർവാഹമുള്ളുവെന്നും ബേസിൽ പറഞ്ഞു.

അതേസമയം ഒരു മതസംഘടനയുടെ കീഴിൽ നടത്തിയ പരിപാടിക്ക് കോളേജുമായി യാതൊരു വിധ ബന്ധവുമില്ലെന്ന് തൃശൂർ മെഡിക്കൽ കോളേജ് യൂണിയൻ വ്യക്തമാക്കി. മത ആരാധനാലയത്തിൽ നടന്ന പരിപാടി കേളേജ് ക്യാമ്പസിൽ നടത്തി എന്നു വരുത്തി തീർക്കാൻ ശ്രമിക്കുന്നത് അപലപനീയമാണ്. ഇത്തരം പ്രവർത്തനങ്ങളിൽ കോളേജിലെ മറ്റു വിദ്യാർത്ഥിനികൾക്കോ, കോളേജ് അഡ്‌മിനിസ്‌ട്രേഷനോ പങ്കില്ല. ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ അംഗീകരിക്കുന്നതോ പ്രത്സാഹിപ്പിക്കുന്നതോ കോളേജിന്റെ നിലപാടല്ലെന്നും യൂണിയൻ ഭാരവാഹികൾ കൂട്ടിചേർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top