25 April Thursday

സ്‌കൂൾ വിദ്യാഭ്യാസം; പ്രൈമറിതലംമുതൽ നിലവാരം നിരീക്ഷിക്കണമെന്ന്‌ പഠനം

പ്രത്യേക ലേഖകൻUpdated: Wednesday Mar 22, 2023


കൊച്ചി> എസ്‌എസ്‌എൽസി പരീക്ഷയിലെ മികവുമാത്രം പരിശോധിക്കുന്നതിനുപകരം, പ്രൈമറിതലംമുതൽ കുട്ടികളുടെ പഠനനിലവാരം നിരീക്ഷിക്കുന്നതിന്‌ തദ്ദേശസ്ഥാപന നേതൃത്വത്തിൽ പദ്ധതികൾ നടപ്പാക്കണമെന്ന്‌ കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ എക്കണോമിക്‌ ആൻഡ്‌ എൻവയൺമെന്റൽ സ്‌റ്റഡീസ്‌ (സിഎസ്‌ഇഎസ്‌) പഠനം.

പഞ്ചായത്തുകളുടെ നിയന്ത്രണത്തിലുള്ള സർക്കാർ പ്രൈമറി സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ജില്ലാപഞ്ചായത്തിനുകീഴിലുള്ള സർക്കാർ സെക്കൻഡറി സ്‌കൂളുകളിലെ പ്രൈമറി വിദ്യാർഥികൾക്കും എയ്‌ഡഡ് സ്‌കൂളുകളിലെ പ്രൈമറി വിദ്യാർഥികൾക്കും നൽകുന്നത്‌ പ്രൈമറി പഠനനിലവാരം മെച്ചപ്പെടുത്താൻ കൂടുതൽ ഗുണകരമാകും.

ജനകീയാസൂത്രണ പ്രസ്ഥാനം 25 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ ‘അധികാരവികേന്ദ്രീകരണം സ്‌കൂൾ വിദ്യാഭ്യാസരംഗത്ത്: കേരളത്തിന്റെ അനുഭവങ്ങൾ’ എന്ന പഠനത്തിലാണ്‌ നിർദേശങ്ങൾ.

അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി സ്‌കൂളുകൾ തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറിയതോടെ ഭൗതികസൗകര്യങ്ങളിലും അക്കാദമികനിലവാരത്തിലും പുരോഗതി നേടിയതായി പഠനത്തിൽ കണ്ടെത്തി. എസ്‌എസ്‌എൽസി പരീക്ഷയിലെ മികവാണ്‌ അക്കാദമികനിലവാരം അളക്കാനുള്ള സൂചകമായി കണക്കാക്കുന്നത്. അക്കാദമികരംഗത്തെ തദ്ദേശസ്ഥാപന ഇടപെടലുകൾ പലപ്പോഴും എസ്‌എസ്‌എൽസി കുട്ടികൾക്കുള്ള പ്രത്യേക പരിഹാര ബോധന ക്ലാസുകളിലേക്ക് ചുരുങ്ങുന്നു. അതിനുപകരം പ്രൈമറിതലംമുതൽ പഠനനിലവാരം നിരീക്ഷിക്കാനുള്ള പദ്ധതി തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കാവുന്നതാണെന്നും പഠനം നിർദേശിക്കുന്നു.

മാനസികവെല്ലുവിളി നേരിടുന്ന കുട്ടികൾക്കുവേണ്ടി തദ്ദേശസ്ഥാപനങ്ങൾ നടത്തുന്ന ബഡ്‌സ്‌ സ്‌കൂളുകൾ മെച്ചപ്പെടുത്തണം, കുട്ടികളുടെ ഗ്രാമസഭകൾ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നടപ്പാക്കണം എന്നീ നിർദേശങ്ങളുമുണ്ട്‌. ഡോ. എൻ അജിത്കുമാർ, അശ്വതി റിബേക്ക അശോക്, ബിബിൻ തമ്പി, മറീന എം നീരയ്‌ക്കൽ, എം റംഷാദ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ പഠനം നടത്തിയത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top