25 April Thursday

ദണ്ഡിയിലെ വടി മഞ്ചേശ്വരത്തുനിന്ന്‌

വിനോദ്‌ പായംUpdated: Sunday Jan 29, 2023

മഞ്ചേശ്വരം> കണ്ണടപോലെ, ഗാന്ധിരൂപത്തിനൊപ്പം മനസ്സിലേക്ക്‌ വരുന്നതാണ്‌ അദ്ദേഹത്തിന്റെ വടിയും. ദണ്ഡിയിലേക്ക്‌ ഉപ്പുകുറുക്കാനായി പോയ ചരിത്രയാത്ര മുതൽ ഒട്ടനേകം കാതങ്ങൾ അദ്ദേഹത്തിനൊപ്പം സഞ്ചരിച്ച വടിക്ക്‌ ഒരു കേരളബന്ധമുണ്ട്‌. രാഷ്ട്രകവി എന്ന്‌ പ്രഖ്യാപിതനായ കന്നഡ കവി ഗോവിന്ദ പൈയാണ് എണ്ണയിട്ട് മിനുക്കിയ 54 ഇഞ്ച് ചൂരൽ വടി ഗാന്ധിജിക്ക് സുഹൃത്ത്‌ കാക്കാ കലേക്കർ വഴി എത്തിച്ചുകൊടുത്തത്‌.

കലേക്കർ ഉൾപ്പെടെ 78 പേരുമായി ഗാന്ധിജി ആ വടിയൂന്നിയാണ് 1930 മാർച്ച് 12ന് സബർമതി ആശ്രമത്തിൽനിന്ന്‌ ദണ്ഡിയിലേക്ക് പുറപ്പെട്ടത്. 240 മൈൽ അകലെ ദണ്ഡിയിലെത്താൻ 24 ദിവസമെടുത്തു. വടിയുടെ തുഞ്ചത്തുപിടിച്ച്‌ കുസൃതിയോടെ ചെറുമകൻ കനു ഗാന്ധി കടപ്പുറത്ത്‌ ഓടുന്ന ചിത്രം പ്രസിദ്ധമാണ്‌.

ദക്ഷിണ കർണാടകത്തിലെയും കാസർകോട്ടെയും മലയോരത്ത് തഴച്ചുവളരുന്ന മൂർഖൻ ചൂരൽ ചെടിയുടെ ദണ്ഡാണ്‌ കരിയിട്ട്‌ മിനുക്കി ഊന്നുവടിയാക്കിയത്‌. തന്റെ കാരണവർ ഉപയോഗിച്ചിരുന്ന ചൂരൽ ദണ്ഡ്‌ രാഷ്ട്രഭാഷാ പ്രചാരണത്തിനായുള്ള  ഭാരതപര്യടനത്തിനിടെ മഞ്ചേശ്വരത്തെ വീട്ടിലെത്തിയ കാലേൽക്കർക്ക്‌ പൈ നൽകുകയായിരുന്നു.

ഇത്‌ കാലേക്കർ പിന്നീട്‌ ഗാന്ധിജിക്ക്‌ സമ്മാനിക്കുകയാണുണ്ടായത്‌. കവി കയ്യാർ കിഞ്ഞണ്ണറൈ കന്നടയിൽ എഴുതിയ ഗോവിന്ദ പൈയുടെ ജീവചരിത്രത്തിൽ ഇതുസംബന്ധിച്ച്‌ പരാമർശമുണ്ട്‌. രാജ്‌ഘട്ടിലെ ദേശീയ ഗാന്ധി മ്യൂസിയം ആൻഡ്‌ ലൈബ്രറിയിൽ ആ വടി സൂക്ഷിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top