24 April Wednesday

വിജയവഴിയിൽ ഗെയിൽ ; സുരേന്ദ്രൻ സമ്മതിക്കില്ലെങ്കിലും നാടറിഞ്ഞിരിക്കുന്നു ; എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തി

പ്രത്യേക ലേഖകൻUpdated: Tuesday Jan 5, 2021


കൊച്ചി
‘‘ആർജവമുണ്ടെങ്കിൽ ദേശീയപാത വികസനവും ഗെയിൽ പദ്ധതിയും നടത്തിക്കാണിക്ക്‌. എങ്കിൽ സമ്മതിക്കാം, പിണറായി വിജയൻ കഴിവുറ്റ ഭരണാധികാരിയാണെന്ന്‌ ’’–- ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ് അദ്ദേഹം മറന്നാലും കേരളം മറക്കില്ല. ‌പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോഴാണ്‌‌ ഈ എഫ്‌ബി പോസ്‌റ്റ്‌. സുരേന്ദ്രൻ ഇനിയും സമ്മതിക്കില്ലെങ്കിലും നാടറിഞ്ഞിരിക്കുന്നു പിണറായി കഴിവുറ്റ ഭരണാധികാരിതന്നെയെന്ന്‌. ഉമ്മൻചാണ്ടി സർക്കാരിന്റെ അനാസ്ഥയും ജമാഅത്തെ ഇസ്ലാമി–-മുസ്ലിംലീഗ്‌ കൂട്ടുകെട്ടിന്റെയും എതിർപ്പിലും നിർത്തിപ്പോയ പദ്ധതിയാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയിൽ ചൊവ്വാഴ്‌ച രാഷ്‌ട്രത്തിനു സമർപ്പിച്ചത്‌.


 

2010ൽ വി എസ്‌ സർക്കാരാണ്‌ പദ്ധതിക്ക്‌ സിംഗിൾ വിൻഡോ ക്ലിയറൻസ്‌ നൽകിയത്‌. തുടർന്നുവന്ന ഉമ്മൻചാണ്ടി സർക്കാർ സ്ഥലം ഏറ്റെടുത്തുനൽകിയില്ല. 2012ൽ പണി തുടങ്ങിയെങ്കിലും കേരളത്തിലെ 450 കിലോമീറ്ററിൽ 40 കിലോമീറ്റർമാത്രം പൈപ്പിട്ട്‌ പണിനിലച്ചു. ഗെയിൽ കരാറുകൾ റദ്ദാക്കി. 2016ൽ പിണറായി വിജയൻ അധികാരമേറ്റപ്പോൾ സ്ഥലമെടുപ്പുമുതൽ എല്ലാം ഒന്നിൽനിന്ന്‌ തുടങ്ങി. നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി. സ്ഥലമേറ്റെടുക്കാൻ മറ്റ്‌ സംസ്ഥാനങ്ങളിൽ 30 മീറ്റർ എന്നത്‌ ഇവിടെ 10 മീറ്ററാക്കി. 10 സെന്റിൽ താഴെമാത്രമുള്ളവർക്ക്‌‌ വീടുവയ്‌ക്കാനും അനുമതി നൽകി. ആശ്വാസധനമായി അഞ്ചുലക്ഷംരൂപ നൽകി. ഗെയിലുമായുള്ള പുതിയ കരാറിലൂടെ കൊച്ചി–-മംഗളൂരു രണ്ടാംഘട്ട നിർമാണം ആരംഭിച്ചു. അധികാരമേറ്റ്‌‌ 1000 ദിവസത്തിനകം 330 കിലോമീറ്റർ പൈപ്പിട്ടു.

സർക്കാർ നിന്നു കത്തുമെന്ന്‌ പറഞ്ഞത്‌ കുഞ്ഞാലിക്കുട്ടിയും സുധീരനും
തൃശൂർ, മലപ്പുറം, കോഴിക്കോട്‌ ജില്ലകളിൽ സ്ഥലമേറ്റെടുക്കൽ തുടങ്ങിയപ്പോൾ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല സമരം പ്രഖ്യാപിച്ചു. പദ്ധതിയുമായി മുന്നോട്ടുപോയാൽ സർക്കാർ നിന്നുകത്തുമെന്ന്‌ വി എം സുധീരനും പി കെ കുഞ്ഞാലിക്കുട്ടിയും പ്രഖ്യാപിച്ചു.

പിണറായി വിജയനെ സെക്രട്ടറിയറ്റിൽ കയറ്റില്ലെന്ന്‌ യൂത്ത്‌ ലീഗ്‌ നേതാവ്‌ പി കെ ഫിറോസ്‌ പറഞ്ഞു. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച്‌ 2019 ജൂണിൽ തൃശൂർവരെയും 2020 ആഗസ്‌തിൽ കണ്ണൂർവരെയും നവംബർ 14ന്‌ മംഗലാപുരംവരെയും ഗ്യാസ്‌ എത്തി. ബംഗളൂരു ലൈനിന്റെ ഭാഗമായ കൂറ്റനാട്‌–-വാളയാർ ലൈനും (94 കിലോ മീറ്റർ) ഇതിനിടെ കമീഷൻ ചെയ്‌തു.

പുതുവൈപ്പിൽ 2013ൽ സ്ഥാപിച്ച പെട്രോനെറ്റ്‌ എൽഎൻജി ടെർമിനലിൽനിന്നാണ്‌ പൈപ്പുലൈൻ ആരംഭിക്കുന്നത്‌. വിദേശത്തുനിന്ന്‌ എൽഎൻജി കപ്പലിൽ ടെർമിനലിൽ എത്തിച്ച്‌ പ്രകൃതിവാതകമാക്കും‌. കൊച്ചിയിൽനിന്ന്‌ പാലക്കാട്‌ കൂറ്റനാട്‌ ജങ്‌ഷനിൽനിന്ന്‌ മംഗലാപുരത്തേക്കും പാലക്കാടുവഴി ബംഗളൂരുവിലേക്കും രണ്ടായി പിരിയും.  3,000 കോടി രൂപയാണ്‌ പദ്ധതി ചെലവ്‌. പ്രതിദിനം 12 ദശലക്ഷം മെട്രിക്‌ സ്‌റ്റാൻഡേർഡ്‌ ക്യൂബിക്‌ മീറ്ററാണ്‌ വാതകവിതരണശേഷി.


 

സിറ്റി ഗ്യാസ്‌ കൂടുതൽ ജില്ലകളിലേക്ക്‌
കൊച്ചി–-മംഗളൂരു ഗെയിൽ പൈപ്പുലൈൻ യാഥാർഥ്യമായതോടെ സിറ്റി ഗ്യാസ്‌ പദ്ധതി കൂടുതൽ ജില്ലകളിലേക്ക്‌. ആദ്യഘട്ടം എറണാകുളം ജില്ലയിൽ ആരംഭിച്ച പദ്ധതി ഇനി തൃശൂർ, പാലക്കാട്‌, മലപ്പുറം, വയനാട്‌, കോഴിക്കോട്‌, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും വ്യാപിക്കും. കർണാടകത്തിൽ  ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിലും സിറ്റി ഗ്യാസ്‌ നടപ്പാക്കും. വളം, ഗതാഗതം, ഓട്ടോമൊബൈൽ, പെട്രോ കെമിക്കൽസ്‌  തുടങ്ങിയ ഗ്യാസ്‌ അധിഷ്‌ഠിത വ്യവസായ വാണിജ്യ മേഖലകൾക്ക്‌ ചെലവുകുറഞ്ഞ, മലിനീകരണമില്ലാത്ത ഇന്ധനം ലഭ്യമാകുന്നതോടെ വ്യവസായവളർച്ചയും സാധ്യമാകും.

ഇന്ധനച്ചെലവ്‌ 20 ശതമാനം കുറയും
വാഹനങ്ങളിൽ സിഎൻജി ഉപയോഗിക്കുമ്പോൾ ഇന്ധനച്ചെലവ്‌ 20 ശതമാനം കുറയും. കാർ ടാക്‌സി ഡ്രൈവർമാർക്ക്‌ മാസം 5,000 രൂപവരെയും ഓട്ടോ ഡ്രൈവർമാർക്ക്‌  3,000 രൂപവരെയും ലാഭമുണ്ടാകുന്നുണ്ടെന്ന്‌ അവർതന്നെ സാക്ഷ്യപ്പെടുത്തുന്നു. 5,000 കിലോ എൽപിജി ദിവസം ഉപയോഗിക്കുന്ന വ്യവസായശാലകൾക്ക്‌ ദിവസം 85,000 രൂപവരെ ലാഭമുണ്ടാകും. പദ്ധതിയുടെ മുഴുവൻ ശേഷിയും ഉപയോഗപ്പെടുത്തുന്നതോടെ സർക്കാരിന്‌   നികുതിവരുമാനത്തിൽ 980 കോടി രൂപയുടെവരെ വർധന പ്രതീക്ഷിക്കുന്നു‌. ചെലവുകുറഞ്ഞ പാചകവാതകം ലഭ്യമാകുന്നതോടെ മണ്ണെണ്ണയുടെ ഉപയോഗം പൂർണമായും ഇല്ലാതാക്കാം. വാതക ടാങ്കറുകൾ നിരത്തിലൂടെ പോകുമ്പോഴുള്ള അപകടങ്ങൾ ഇല്ലാതാകുന്നതോടെ റോഡുസുരക്ഷയുമേറും.

സിറ്റി ഗ്യാസ്‌
അടുക്കളകളിലും വ്യവസായ സ്ഥാപനങ്ങളിലും പൈപ്പ്‌ഡ്‌‌ നാച്വറൽ ഗ്യാസും (പിഎൻജി) പമ്പുകളിലൂടെ കംപ്രസ്‌ഡ്‌ നാച്വറൽ ഗ്യാസും (സിഎൻജി) വിതരണം ചെയ്യുന്നതാണ്‌  സിറ്റി ഗ്യാസ്‌ പദ്ധതി.പൊതു വാതക വിതരണക്കുഴലിൽനിന്ന്‌ അടുക്കളയിലേക്ക്‌ സ്ഥാപിച്ച പൈപ്പിൽ ഘടിപ്പിച്ച‌ ടാപ്പ്‌ തുറന്നാൽ സുരക്ഷിതവും മലിനീകരണമില്ലാത്തതും ചെലവുകുറഞ്ഞതുമായ പാചകവാതകം കിട്ടും.

എറണാകുളം ജില്ലയിൽ കളമശേരിയിലും തൃക്കാക്കരയിലുമുള്ള 2,750 വീടുകളിൽ ഇത്തരം കണക്‌ഷനുണ്ട്‌. കളമശേരിയിൽ നാലുവർഷമായും തൃക്കാക്കരയിൽ രണ്ടുവർഷമായും പ്രകൃതിവാതക വിതരണം സുഗമം‌. രണ്ടുമാസം കൂടുമ്പോൾ 250–-350 രൂപ നിരക്കിലാണ്‌ വാതകം ലഭിക്കുന്നത്‌. കൊച്ചി കോർപറേഷനിൽ മുൻ യുഡിഎഫ്‌ കൗൺസിൽ അനുവദിക്കാത്തതിനാൽ നഗരത്തിൽ വിതരണം നടന്നിരുന്നില്ല.

വാഹനങ്ങൾക്ക്‌ ഇന്ധനം നിറയ്‌ക്കാൻ എറണാകുളത്ത്‌ ഒമ്പത്‌ സിഎൻജി സ്‌റ്റേഷനുകളുണ്ട്‌. 13 എണ്ണംകൂടി മാർച്ചിനകം വരും. ജില്ലയിൽ ഏഴായിരത്തിലധികം വാഹനം സിഎൻജിയിലേക്കു മാറി.

അഭിനന്ദനം അറിയിച്ച്‌ പ്രധാനമന്ത്രിയും
ഗെയിൽ പൈപ്പുലൈൻ പദ്ധതി നടത്തിപ്പിൽ‌ കേരള, കർണാടക സംസ്ഥാനങ്ങളെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി. ഈ ദിവസം നാഴികക്കല്ലാണെന്നും ഇരുസംസ്ഥാനങ്ങളിലെയും സാമ്പത്തികവളര്‍ച്ചയ്ക്ക്  പൈപ്പു‌ലൈന്‍ പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.  കൊച്ചി–-മംഗളൂരു പ്രകൃതിവാതക പൈപ്പുലൈൻ പദ്ധതി സമർപ്പണം വീഡിയോ കോൺഫറൻസിങ്ങിലൂടെ നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി. 

ഇന്ധന ഉപയോഗത്തിൽ വലിയ മാറ്റത്തിനാണ്‌ ഗെയിൽ തുടക്കം കുറിച്ചിരിക്കുന്നത്‌. ഇരുസംസ്ഥാനങ്ങളിലെയും ജനജീവിതം സുഗമമാക്കും. സംരംഭകരുടെ ചെലവ് കുറയ്ക്കാനും നഗരങ്ങളിലെ വാതകവിതരണത്തിന്‌ സ്രോതസ്സായും ഇത്‌ പ്രവര്‍ത്തിക്കും. അന്തരീക്ഷ മലിനീകരണം കുറയും. ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. ആരോഗ്യച്ചെലവ് കുറയും. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പൈപ്പിലൂടെ പ്രകൃതിവാതകവും ഗതാഗത മേഖലയ്ക്ക് സിഎൻജിയും കിട്ടും. വ്യവസായമേഖലയിൽ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. പദ്ധതിയുടെ നിര്‍മാണഘട്ടത്തില്‍ത്തന്നെ 12 ലക്ഷത്തിലധികം തൊഴില്‍ദിനങ്ങളുണ്ടായി. പൈപ്പുലൈന്‍ ശൃംഖല  5–-6 വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കുമെന്നും നിലവിലെ 1,500 സിഎന്‍ജി സ്‌റ്റേഷനുകള്‍ 10,000 ആയി ഉയര്‍ത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top