29 March Friday

കൂടുതൽ കരുത്തിൽ എഫ്‌ഡിആർ റോഡ്‌ ; റോഡുകൾക്ക്‌ ഇനി ജർമൻ സാങ്കേതികവിദ്യ

സുജിത്‌ ബേബിUpdated: Monday Feb 6, 2023


തിരുവനന്തപുരം
പഴയ റോഡുകൾ ഇനി പുത്തൻ റോഡുകൾക്ക്‌ ചന്തവും കരുത്തുമേകും. ജർമൻ സാങ്കേതികവിദ്യ ഫുൾ ഡെപ്‌ത്‌ റെക്ലമേഷൻ (എഫ്‌ഡിആർ) പ്രായോഗികമാകുന്നതോടെ റോഡുകളുടെ ഗുണമേന്മ വർധിപ്പിച്ച്‌  പ്രകൃതിസൗഹൃദമായും ചെലവുകുറഞ്ഞ രീതിയിലും നിർമാണം പൂർത്തിയാക്കാം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കിഫ്‌ബി റോഡ്‌ നിർമാണത്തിനാണ്‌ ആദ്യഘട്ടത്തിൽ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക. എൽഡിഎഫ്‌ പ്രകടനപത്രികയിലെ വാഗ്‌ദാനമാണ്‌ യാഥാർഥ്യമാകുന്നത്‌.

നിലവിലുള്ള റോഡ്‌ യന്ത്രസഹായത്തോടെ ഇളക്കിയെടുക്കും. ഇളക്കിയെടുക്കുന്ന റോഡുകൾ പൊടിച്ച്‌ തരികളാക്കി സിമന്റും ചുണ്ണാമ്പുകല്ലും കാൽസ്യം ക്ലോറൈഡുമടക്കമുള്ള രാസപദാർഥങ്ങളും ചേർത്ത്‌ മിശ്രിതമാക്കും. ഇതിനൊപ്പം മെറ്റലും ഉപയോഗിച്ച്‌ നാല്‌ അടുക്കായിട്ടാകും പുതിയവ നിർമിക്കുക. റോഡ്‌ നിർമാണം വഴിയുണ്ടാകുന്ന മാലിന്യം കുറയ്‌ക്കാനും ദീർഘകാലാടിസ്ഥാനത്തിൽ ചെലവ്‌ കുറയ്‌ക്കാനും എഫ്‌ഡിആർ സാങ്കേതികവിദ്യക്കാകും.

പത്തനാപുരം മണ്ഡലത്തിലെ കിഫ്‌ബി പദ്ധതികളായ ഏനാത്ത്‌ –- പത്തനാപുരം, പള്ളിമുക്ക്‌ –- കമുകുംചേരി –- മുക്കടവ്‌, പള്ളിമുക്ക്‌ –- പുന്നല –- അലിമുക്ക്‌, പാറശാല മണ്ഡലത്തിലെ ചൂണ്ടിക്കൽ –- ശൂരവക്കാണി റോഡ്‌ പദ്ധതികൾ നിർമാണത്തിലാണ്‌. കേരളത്തിൽ ആദ്യമായാണ്‌ എഫ്‌ഡിആർ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ റോഡ്‌ നിർമിക്കുന്നത്‌. ഇതിനുള്ള യന്ത്രങ്ങൾ ചണ്ഡീഗഢിൽനിന്ന്‌ കൊല്ലത്ത്‌ എത്തിച്ചു. 110.03 കോടി രൂപയ്‌ക്കാണ്‌ പദ്ധതിയുടെ ടെൻഡർ പൂർത്തിയായത്‌.  പശുവണ്ണറ –- അരുവിക്കര –- കീഴാരൂർ റിങ്‌ റോഡ്‌, നെടുമങ്ങാട്‌ –- അരുവിക്കര റോഡ്‌, പൊട്ടങ്കാവ്‌–- നെല്ലിക്കാട്‌ –- ചീനിവല –-തൂങ്ങമ്പാറ റോഡ്‌, അമരവിള –-കുട്ടാപ്പു –- ശൂരവക്കാണി റോഡ്‌, കിള്ളി –- ഇ എം എസ്‌ അക്കാദമി റോഡ്‌ എന്നിവയുടെ ടെൻഡർ നടപടികളും പൂർത്തിയായി. 67.94 കോടി രൂപയാണ്‌ ചെലവ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top