26 April Friday

ഇന്ധനവില വർധന; കേന്ദ്രത്തിന്റെ കൊള്ളക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ത്തണം: എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021

തിരുവനന്തപുരം > പെട്രോള്‍, ഡീസല്‍ വില ദിവസേന വര്‍ധിപ്പിച്ച്‌ ജനങ്ങളെ പൊറുതിമുട്ടിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ കൊള്ളക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍ ആഹ്വാനം ചെയ്‌തു.

രാജ്യത്താകെ ഉയര്‍ന്നു വരുന്ന പ്രതിഷേധം തെല്ലും വകവെയ്‌ക്കാതെ തുടര്‍ച്ചയായി ഏഴാം ദിവസവും വില വര്‍ധിപ്പിച്ച്‌ ജനങ്ങളെ ക്രൂരമായി കൊള്ളയടിക്കാന്‍ എണ്ണ കമ്പനികള്‍ക്ക്‌ കേന്ദ്ര സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്‌.
തിങ്കളാഴ്‌ച ഡീസലിന്‌ 38 പൈസയും പെട്രോളിന്‌ 30 പൈസയുമാണ്‌ കൂട്ടിയത്‌. ഇതോടെ പെട്രോളിന്‌ പിന്നാലെ ഡീസലിന്റെയും വില നൂറ്‌ രൂപ കടന്നു. കഴിഞ്ഞ 18 ദിവസത്തിനിടെ ഡീസലിന്‌ 15 തവണയും പെട്രോളിന്‌ 12 തവണയും വില കൂട്ടി. കഴിഞ്ഞ നാല്‌ വര്‍ഷത്തിനിടെ പെട്രോള്‍, ഡീസല്‍ വില 40 രൂപയില്‍ കൂടുതലാണ്‌ വര്‍ദ്ധിച്ചത്‌. പാചകവാതക വില ദിവസങ്ങള്‍ക്ക്‌ മുമ്പാണ്‌ കൂട്ടിയത്‌. മറ്റ്‌ രാജ്യങ്ങളിലെല്ലാം ഇന്ധന വില കുറയുമ്പോഴാണ്‌ ഇന്ത്യയില്‍ മാത്രം ഈ കൊള്ള.

ഡീസല്‍ വിലവര്‍ദ്ധന രാജ്യത്തെ ചരക്ക്‌ നീക്കത്തെ ബാധിക്കും. ഓട്ടോ - ടാക്‌സി മേഖലയേയും സ്വകാര്യ വാഹന ഉടമകളേയും പ്രതിസന്ധിയിലാക്കുന്നതാണ്‌ ഇന്ധന വില വര്‍ദ്ധന. ഈ നയത്തെ പ്രതിരോധിച്ചില്ലെങ്കില്‍ കേരളം വലിയ പ്രതിസന്ധിയിലേക്കാണ്‌ കൂപ്പുകുത്തുകയെന്നും വിജയരാഘവന്‍ ചൂണ്ടിക്കാട്ടി.

പെട്രോളിയം വില വര്‍ധനവിന്‌ ജിഎസ്‌ടിയാണ്‌ പോംവഴിയെന്ന കേന്ദ്ര വാദം പച്ചക്കള്ളമാണെന്ന്‌ തെളിയുകയാണ്‌. ജിഎസ്‌ടിയുടെ പരിധിയില്‍പ്പെടുത്തി വിലകൂട്ടി കൊള്ള തുടരാനാണ്‌ ആസൂത്രിത നീക്കം. ഇന്ധന നികുതി കുറച്ച്‌ വില വര്‍ദ്ധനയില്‍ നിന്ന്‌ ജനങ്ങളെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്ന്‌ വിജയരാഘവന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top