25 April Thursday

ഇന്ധനവില ദിവസവും വർധിപ്പിക്കുന്നത്‌ ഇന്ത്യയിൽ മാത്രം: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021
തലശേരി > ഇന്ധനവില ദിവസവും വർധിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറിയതായി സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ. പെട്രോളിനും ഡീസലിനും പാചകവാതകത്തിനും ഇങ്ങനെ വിലവർധിപ്പിക്കുന്ന മറ്റൊരു രാജ്യം ലോകത്തില്ല.
 
ഇന്ധന വിലവർധനയിലൂടെ വിലക്കയറ്റം അതിരൂക്ഷമാവുകയാണ്‌. സി എച്ച്‌ കണാരൻ ചരമ ദിനത്തിൽ സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഫെയ്‌സ്‌ബുക്ക്‌ പേജിൽ അനുസ്‌മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമരം ചെയ്യുന്ന കർഷകരെ വാഹനം ഇടിച്ചുകയറ്റിയും വെടിവച്ചും കൊല്ലുകയാണ്‌. കേന്ദ്രമന്ത്രിയുടെ ബന്ധുക്കളാണ്‌ ഈ നിഷ്‌ഠുര കൃത്യം നടത്തിയത്‌. എല്ലാ അക്രമത്തെയും നേരിട്ടാണ്‌ കർഷകസമരം മുന്നേറുന്നത്‌. കോർപ്പറേറ്റ്‌വൽക്കരണ നയത്തിലൂടെ സാമ്രാജ്യത്വ അനുകൂല ഹിന്ദുരാഷ്‌ട്രമാണ്‌ ആർഎസ്‌എസ്‌ ലക്ഷ്യമാക്കുന്നത്‌.
 
പൊതുമേഖലാ സ്ഥാപനങ്ങളും രാജ്യം തന്നെയും വിൽപനയ്‌ക്കു വച്ചിരിക്കുന്നു. ഉദാരവൽക്കരണ സാമ്പത്തികനയത്തിനും  വർഗീയതയ്‌ക്കുമെതിരായ പോരാട്ടം ശക്തിപ്പെടുത്തണം. ബദൽ നയങ്ങളിലൂടെ ജനങ്ങൾക്ക്‌ ആശ്വാസം പകരുകയാണ്‌ കേരളം. അതിദാരിദ്ര്യത്തിൽ കഴിയുന്ന അഞ്ചുലക്ഷം കുടുംബങ്ങളെ അതിൽനിന്ന്‌ മോചിപ്പിക്കാനാണ്‌ സർക്കാർ മുൻഗണന നൽകുന്നത്‌.
 
ഓരോ പ്രദേശത്തെയും ഏറ്റവും ദരിദ്രരായ കുടുംബങ്ങളെ കണ്ടെത്താൻ പാർടി പ്രവർത്തകർ മുൻകൈയെടുക്കണം. ജീവിക്കാനാവശ്യമായ സാഹചര്യം അവർക്ക്‌ സജ്ജമാക്കി കൊടുക്കണം. പാർടിയുടെ ജനകീയ അടിത്തറ കൂടുതൽ വിപുലമാക്കാനുള്ള  പ്രവർത്തനങ്ങൾക്ക്‌ സി എച്ചിന്റെ ഓർമ ആവേശം പകരുമെന്നും കോടിയേരി പറഞ്ഞു. ജില്ലാ സെക്രട്ടറി എം വി ജയരാജൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top