25 April Thursday

ദുരിതകാലത്തും ഇന്ധനക്കൊള്ള; മോഡിസര്‍ക്കാര്‍ കുത്തകകളുടെ പോക്കറ്റ് വീര്‍പ്പിക്കുന്നു: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020

തിരുവനന്തപുരം > കോവിഡ് മഹാമാരി വിതച്ച ദുരിതത്തില്‍ നട്ടംതിരിയുമ്പോഴും തുടര്‍ച്ചയായി ഇന്ധനവില വര്‍ദ്ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് സിപിഐ എം. കഴിഞ്ഞ പത്തുദിവസം തുടര്‍ച്ചയായി ഇന്ധനവില വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പത്തു ദിവസത്തിനുള്ളില്‍ പെട്രോളിന് ഒരുരൂപ 33 പൈസയും, ഡീസലിന് രണ്ടുരൂപ 10 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. മോഡിസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ദിനംപ്രതി ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നത് പതിവു നടപടിയാണ്. രാജ്യാന്തരവിപണിയില്‍ ക്രൂഡ്ഓയില്‍വില കുറയുമ്പോഴും ഇവിടെവില വര്‍ദ്ധിപ്പിക്കാന്‍ സ്വകാര്യ എണ്ണ കമ്പനികള്‍ക്ക് ഒത്താശ ചെയ്യുകയാണ്. ഈ പകല്‍കൊള്ളയ്‌ക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയരണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില വര്‍ദ്ധിക്കുന്നതാണ് എണ്ണ വില വര്‍ദ്ധനവിനു ഇപ്പോള്‍ ന്യായീകരണമായി എണ്ണക്കമ്പനികള്‍ പറയുന്നത്. 48 ഡോളറാണ് അന്താരാഷ്ടവിപണിയില്‍ ഒരു ബാരല്‍ ക്രൂഡ്ഓയിലിന്റെ വില. ക്രൂഡ്ഓയിലിന് 100 ഡോളറിനു മുകളിലായപ്പോഴും രാജ്യത്ത് 60 രൂപയില്‍ താഴെയായിരുന്നു ഒരുലിറ്റര്‍ പെട്രോളിന്റെ വില.

വില നിര്‍ണായവകാശം എണ്ണ കമ്പനികള്‍ക്കു വിട്ടുകൊടുത്തതോടെയാണ് രാജ്യത്ത് എണ്ണവില കുത്തനെ ഉയരാന്‍ തുടങ്ങിയത്. ന്താരാഷ്ട വിപണിയില്‍ വില വര്‍ദ്ധിക്കുമ്പോള്‍ എണ്ണ വിലകൂട്ടുന്ന കമ്പനികള്‍ പക്ഷേ, വില കുറയുമ്പോള്‍ എണ്ണ വിലകുറയ്ക്കാറില്ല. കുത്തക എണ്ണക്കമ്പനികള്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാന്‍ എല്ലാഅവസരവും നല്‍കുകയാണ് ബിജെപി സര്‍ക്കാര്‍. നികുതി ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊള്ളലാഭം കൊയ്യുന്നു.

ബീഹാര്‍ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് കഴിഞ്ഞ മാസങ്ങളില്‍ എണ്ണ വില വര്‍ദ്ധിപ്പിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ഇപ്പോള്‍ വീണ്ടും വില വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം അനുവാദം നല്‍കിയത്. കോവിഡ്കാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ജനങ്ങളെ കൊള്ളയടിച്ച് കുത്തകകളുടെ പോക്കറ്റ് വീര്‍പ്പിക്കാന്‍ അവസരം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി അങ്ങേയറ്റം അപലപനീയമാണ്. തൊഴിലും വരുമാനവും നഷ്ടപ്പെട്ടവര്‍ക്ക് ഇളവുകള്‍വഴി ആശ്വാസം നല്‍കേണ്ടതിനു പകരം ന്യായമായും ലഭിക്കേണ്ടതുപോലും നല്‍കാതെ പിടിച്ചുപറിയാണ് കേന്ദ്രം നടത്തുന്നത്. ഇതിനെതിരെ ജനരോഷം ഉയരണമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top