19 December Friday
ഇന്ന്‌ മന്ത്രി കെ രാധാകൃഷ്ണൻ തറക്കല്ലിടും

വയനാട്ടിൽ ‘പട്ടികവർഗ സ്വാതന്ത്ര്യസമര സേനാനി മ്യൂസിയം’

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2023

കൽപ്പറ്റ
വയനാട്ടിലെ സുഗന്ധഗിരിയിൽ നിർമിക്കുന്ന ‘പട്ടികവർഗ സ്വാതന്ത്ര്യസമര സേനാനി മ്യൂസിയ’ത്തിന്‌ തിങ്കളാഴ്‌ച മന്ത്രി കെ രാധാകൃഷ്ണൻ തറക്കല്ലിടും. രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷനാകും. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വീറുറ്റ ചെറുത്തുനിൽപ്പ് നടത്തിയ തദ്ദേശീയ പോരാളികളുടെ സ്മരണയ്ക്കായാണ്‌ മ്യൂസിയം.

 കേന്ദ്ര -–-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ 20 ഏക്കറിൽ കിർത്താഡ്സാണ്‌ മ്യൂസിയം ഒരുക്കുന്നത്.  16.66 കോടിയാണ് അടങ്കൽ.  പട്ടികവർഗ വകുപ്പിന്‌ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രമായ എൻ ഊരിനോട് ചേർന്നാണിത്‌ സ്ഥാപിക്കുന്നത്‌.  

2018ൽ കേന്ദ്രാനുമതി ലഭിച്ച മ്യൂസിയം കോഴിക്കോട് സ്ഥാപിക്കാനായിരുന്നു ആദ്യതീരുമാനം. എന്നാൽ പഴശ്ശിരാജയ്ക്കൊപ്പം ബ്രീട്ടീഷുകാർക്കെതിരെ പടപൊരുതിയ  തലയ്ക്കൽ ചന്തുവടക്കമുള്ളവരോടുള്ള ആദരവ്‌ പരിഗണിച്ച് വയനാട്ടിലേക്ക്  മാറ്റിസ്ഥാപിക്കാൻ മന്ത്രി കെ രാധാകൃഷ്ണൻ നിർദേശിക്കുകയായിരുന്നു. തദ്ദേശീയ സമര സേനാനികളുടെ ചരിത്രം, ആദിവാസി സമൂഹത്തിന്റെ പൊതുവായ വളർച്ച,  സാംസ്‌കാരിക പൈതൃകം, കലാ–- -സാഹിത്യ ആവിഷ്കാരങ്ങൾ, സംഗീതം, ഭക്ഷ്യ വൈവിധ്യം തുടങ്ങിയവ മ്യൂസിയത്തിലുണ്ടാകും. ഭാവിയിൽ തദ്ദേശീയ ജനതയുടെ കൽപ്പിത സർവകലാശാലയാക്കാവുന്ന വിധത്തിലാണ് ആസൂത്രണം.

മ്യൂസിയം പ്രവർത്തനം തുടങ്ങുമ്പോൾ ക്യൂറേറ്റർ ഉൾപ്പെടെ എല്ലാ തൊഴിലവസരങ്ങളും പട്ടികവർഗക്കാർക്കായി മാറ്റിവയ്‌ക്കും. ആദിവാസി വിഭാഗത്തിലുള്ള അഭ്യസ്തവിദ്യരെ തെരഞ്ഞെടുത്ത്‌ പരിശീലനം നൽകും. ഗോത്രവിഭാഗങ്ങൾക്ക്‌ കൂടുതൽ തൊഴിലിനും വരുമാനത്തിനും മ്യൂസിയം  അവസരമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top