27 April Saturday

ഷീറോ, സ്‌ത്രീവിരുദ്ധതക്കെതിരെ കൂട്ടായ്‌മയുമായി മുൻ ഹരിത നേതാക്കൾ; വിഭാഗീയമെന്ന്‌ ലീഗ്

പ്രത്യേകലേഖകൻUpdated: Thursday Jan 27, 2022

കോഴിക്കോട്‌ > സ്‌ത്രീനീതി വിഷയമുയർത്തിയതിന്‌ മുസ്ലിലീഗ്‌ നേതൃത്വം പുറത്താക്കിയ ഹരിത നേതാക്കൾ സ്വതന്ത്ര സംഘടനയുമായി രംഗത്ത്‌. സ്‌ത്രീനീതിയും അന്തസും അവകാശവും സംരക്ഷിക്കാൻ ഷീറോ എന്ന എൻജിഒ കൂട്ടായ്‌മക്ക്‌ പഴയ ഹരിത നേതാക്കൾ രൂപം നൽകി. ഹരിത മുൻ സംസ്ഥാന പ്രസിഡന്റ്‌ മുഫീദ തസ്‌നി ചെയർപേഴ്‌സണായാണ്‌ ഷീറോസിന്റെ അരങ്ങേറ്റം.

കാമ്പസുകളിൽ സ്‌ത്രീനീതിയടക്കമുള്ള വിഷയങ്ങൾ ചർച്ചചെയ്‌ത്‌ സജീവമാകാനാണ്‌ തീരുമാനം. കാലടി സംസ്‌കൃതസർവ്വകലാശാലാ കാമ്പസിലും വാഴയൂർ സാഫി കോളേജിലും ഉടൻ ഷീറോയുടെ പരിപാടികൾ നടക്കും. എൻജിഒ എന്ന പേരിലുള്ള ഹരിത മുൻ നേതാക്കളുടെ കൂട്ടായ്‌മയെ ലീഗ്‌ നേതൃത്വം സംശയത്തോടെയാണ്‌ കാണുന്നത്‌. കാമ്പസുകളിൽ എംഎസ്‌എഫിന്റെ ഹരിതക്ക്‌ ബദലുണ്ടാക്കാനുള്ള ശ്രമമമെന്ന വിലയിരുത്തലുമുണ്ട്‌.  

വിഭാഗീയമെന്ന്‌ ലീഗ്‌, സ്വതന്ത്രമെന്ന്‌ ഷീറോ


വിഭാഗീയ പ്രവർത്തനമെന്നും ലീഗ്‌ വിരുദ്ധസംഘടനയെന്നും ആക്ഷേപിച്ച്‌ സമൂഹമാധ്യമങ്ങളിൽ പ്രവർത്തകർ മുൻ ഹരിത നേതാക്കൾക്കെതിരെ അധിക്ഷേപവും തുടങ്ങി. അതേസമയം രാഷ്‌ട്രീയ ബന്ധമില്ലാത്ത സ്വതന്ത്ര കൂട്ടായ്‌മയാണ്‌ ഷീറോ  ചെയർപേഴ്‌സൺ മുഫീദ്‌ തസ്‌നി പറഞ്ഞു. ഹരിതക്ക്‌ ബദലെന്ന്‌ പറയുന്നതിൽ കാര്യമില്ല. വിവിധ രാഷ്‌ട്രീയ പശ്ചാത്തലമുള്ളവർ ഷീറോയിലുണ്ട്‌. സാമൂഹ്യശാസ്‌ത്രം, മനശാസ്‌ത്രം, വനിതാപഠനം ഇവ പഠിച്ചവരും പഠിക്കുന്നവരുമാണ്‌ അംഗങ്ങൾ. മലപ്പുറം ജില്ലാ ഹരിത മുൻ ഭാരവാഹി ഷിഫയാണ്‌ സെക്രട്ടറി. കഴിഞ്ഞ മാസമാണ്‌ സൊസൈറ്റിയായി രജിസ്‌റ്റർ ചെയ്‌തത്‌.

എംഎസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ പി കെ നവാസിന്റെ സ്‌ത്രീവിരുദ്ധപരാമർശത്തിൽ പരാതി നൽകിയതിനാണ്‌ മുഫീദയടക്കം ഹരിത മുൻ ഭാരവാഹികളെ ലീഗ്‌ നേതൃത്വം പുറത്താക്കിയത്‌.  നവാസിനെതിരെ നേതൃത്വത്തിന്‌ നൽകിയ പരാതി അവഗണിച്ചതിനാൽ ഇവർ വനിതാ കമീഷനെ സമീപിച്ചു. രോഷാകുലരായ ലീഗ്‌ ഹരിത സംസ്ഥാനകമ്മിറ്റി പിരിച്ചുവിട്ടു.

പിന്തുണച്ച എംഎഫ്‌എഫ്‌ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ ഫാത്തിമ തെഹ്ലിയക്കെതിരായും നടപടിയെടുത്തു. ഏറ്റവുമൊടുവിൽ എംഎസ്‌എഫ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ലതീഫ്‌ തുറയൂരിനെയും പുറത്താക്കി. എന്നാൽ  തുടർച്ചയായ അച്ചടക്ക നടപടി സ്വീകരിച്ചിട്ടും ഹരിത പ്രവർത്തകർ പുതിയ കൂട്ടായ്‌മ  രൂപീകരിച്ചത്‌ ലീഗ്‌ നേതൃത്വത്തിൽ  അസ്വസ്ഥതയുണർത്തിയിട്ടുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top