25 April Thursday
ഭരണകൂട ഭീകരതയുടെ ഇര

ആകാശവാണി മുൻ ഉദ്യോസ്ഥ ടി രാധാറാണി അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 4, 2022

തിരുവനന്തപുരം> അവകാശ സമരങ്ങൾക്ക്‌ മുന്നിൽനിന്ന്‌ പ്രവർത്തിച്ച്‌ ഭരണകൂട ഭീകരതയ്‌ക്ക്‌ ഇരയായി ജോലിയിൽനിന്ന്‌ പരിച്ചുവിടപ്പെട്ട ആകാശവാണി മുൻ ഉദ്യോഗസ്ഥ ആറ്റിങ്ങൽ അഞ്ചുതെങ്ങിലെ കൈവല്യം മന്ദിരത്തിൽ  ടി രാധാറാണി (84 ) അന്തരിച്ചു.  ദീർഘനാളായി മാനസികാസ്വാസ്‌ഥ്യത്തെ തുടർന്ന്‌  ചികിത്സയ്‌ക്ക്‌ ശേഷം ശ്രീകാര്യത്ത്‌ അഗതി മന്ദിരത്തിലായിരുന്നു. മൃതദേഹം ശാന്തികവാടത്തിൽ സംസ്‌കരിച്ചു. ഏക മകൾ പുനീതയും ചികിത്സയിലാണ്‌. ഭർത്താവ്‌ പഞ്ചാബ്‌ സ്വദേശി വർഷങ്ങൾക്ക്‌ മുമ്പ്‌ മരിച്ചു.

കൊല്ലം എസ്എൻ കോളേജിൽനിന്ന്‌ റെക്കോർഡ്‌ മാർക്കോടെ ഫിസിക്‌സിൽ ബിരുദാനന്തര ബിരുദം നേടിയ  രാധാറാണി ഇ എം എസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ സെക്രട്ടറിയറ്റിൽ പ്രവർത്തിച്ചാണ്‌ ഒദ്യോഗിക ജീവിത തുടക്കം. തുടർന്ന്‌ ഡൽഹിയിലെത്തി. അവിടെ ആദ്യം പൊതു മേഖലാസ്ഥാപനമായ ഒഎൻജിസിയിലും പിന്നീട് ആകാശവാണി ഡൽഹി കൺട്രോൾ റൂമിലും എൻജിനിയർ ജോലി. അസോസിയേഷൻ ഓഫ് റേഡിയോ ആൻഡ് ടെലിവിഷൻ എൻജിനിയറിങ് എംപേ്‌ളോയീസിന്റെ സെക്രട്ടറിയായി.

1982ൽ ഡൽഹി ഏഷ്യൻ ഗെയിംസ് സമയത്ത് കേന്ദ്ര സർക്കാർ ജീവനക്കാർ രാജ്യവ്യാപകമായി നടത്തിയ ബോണസ് സമരത്തിന്റെ നേതൃസ്ഥാനത്ത്‌ ആകാശവാണി എൻജിനിയറിങ് ജിവനക്കാരുടെ സംഘടനയായിരുന്നു. രാധാറാണി സമരത്തിന്റെ ദൽഹി കോഓർഡിനേറ്റർ. സമരം വിജയിച്ചു‌. എല്ലാ കേന്ദ്രസർക്കാർ ജീവനക്കാർക്കും ബോണസ് അനുവദിച്ച് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സമരം ഒത്തുതീർപ്പിലെത്തിച്ചു.  അസോസിയേഷന്റെ ഇംഗ്ലീഷ് മാസിക ‘ഫിലമെന്റ്' എഡിറ്ററായും രാധാറാണി പ്രവർത്തിച്ചു. ദില്ലിയിൽ  സജീവമായിരിക്കെ സഹപ്രവർത്തകരുടെ  നിർബന്ധത്തിനു വഴങ്ങി 1984ൽ തൃശൂർ ആകാശവാണിയിലേക്ക് സ്ഥലംമാറ്റം വാങ്ങി. സമരക്കാരി എന്ന പ്രതിച്ഛായ അധികാരികൾക്ക് പകവീട്ടാനുള്ള പഴുതായി. ഏഴു മാസത്തിനുശേഷം ബാംഗ്ലൂർ ആകാശവാണിയിലേക്ക് മാറ്റി. ചികിത്സ അനിവാര്യമായപ്പോൾ അനധികൃതമായി അവധിയിൽ തുടർന്നുവെന്ന്‌പറഞ്ഞ് 1986 ഏപ്രിൽ 29ന് ബാംഗ്ലൂർ ആകാശവാണിയിൽ നിന്ന് പിരിച്ചുവിട്ടു.

നിയമാനുസൃതം ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങൾ ഒന്നും നൽകിയില്ല. ദീർഘകാലം അമ്മയും മകളും അഞ്ചുതെങ്ങിലെ വീട്ടിൽ കഴിഞ്ഞു. കൊറോണക്കാലത്ത്‌  പഞ്ചായത്തിലെ സന്നദ്ധ പ്രവർത്തകരാണ്‌ സമനില കൈവിട്ട അവസ്ഥയിൽ രാധാറാണിയെ അവശനിലയിൽ വീട്ടിൽ കണ്ടെത്തിയത്‌. മകളും രോഗാവസ്ഥയിലായിരുന്നു. തുടർന്ന്‌ പഞ്ചായത്ത്‌ അധികൃതർ ഇടപെട്ട്‌ തിരുവനന്തപുരത്ത്‌ ആശുപത്രിയിലാക്കി. ചികിത്സയ്‌ക്ക്‌ ശേഷം ശ്രീകാര്യത്തെ അഗതി മന്ദിരത്തിലേക്ക്‌ മാറ്റി. അവിടെ വച്ചായിരുന്നു ബുധൻ രാവിലെ അന്ത്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top