19 March Tuesday

ഭക്ഷ്യസുരക്ഷാ പരിശോധന ശക്തം ; 
4 സ്ഥാപനം പൂട്ടിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023


തിരുവനന്തപുരം
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്‌ സംസ്ഥാനത്താകെ പരിശോധനകൾ നടത്തി ഭക്ഷ്യസുരക്ഷാവകുപ്പ്‌. നിയമനടപടി ശക്തമാക്കിയിട്ടും ഇവ പാലിക്കാതിരുന്ന നാല്‌ സ്ഥാപനം പൂട്ടിച്ചു.

247 സ്ഥാപനത്തിലാണ്‌ ആകെ പരിശോധന നടത്തിയത്‌. ലൈസൻസില്ലാതെ പ്രവർത്തിച്ച രണ്ടു സ്ഥാപനവും വൃത്തിഹീനമായി പ്രവർത്തിച്ച രണ്ടു സ്ഥാപനവും അടപ്പിച്ചു. കൊല്ലം ജില്ലയിലെ രണ്ടു സ്ഥാപനവും  മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓരോന്നുമാണ് അടപ്പിച്ചത്. ന്യൂനതകൾ കണ്ടെത്തിയ 56 സ്ഥാപനത്തിന്‌ നോട്ടീസ് നൽകി. 39 സാമ്പിൾ പരിശോധനയ്ക്കായി അയച്ചു. റിപ്പോർട്ട് ലഭ്യമാകുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കും. ജീവനക്കാർക്ക്‌ ഹെൽത്ത് കാർഡ്‌ എടുക്കാൻ 15 വരെ സാവകാശം അനുവദിച്ചിട്ടുണ്ട്.

ജില്ലകളിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്കു പുറമെ ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരും പരിശോധന നടത്തുന്നുണ്ട്‌. ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ പ്രത്യേക സംഘം (ഇന്റലിജൻസ്) അപ്രതീക്ഷിത പരിശോധനകളും നടത്തും. സ്ഥാപനങ്ങൾ കൂടാതെ ചന്തകൾ, ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിലും പൊതുജനങ്ങളുടെ പരാതി അനുസരിച്ചും അപ്രതീക്ഷിത പരിശോധനകൾ നടത്തും.    ബുധൻമുതൽ ഹോട്ടലുകൾ പാഴ്‌സലുകളിൽ ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടുകൂടിയ സ്ലിപ്പും പതിച്ചുതുടങ്ങി. ഇത്തരം സ്ലിപ്പോ സ്റ്റിക്കറോ പതിക്കാത്ത പാഴ്‌സലുകൾ വിതരണം ചെയ്യുന്ന  സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാനാണ്‌ തീരുമാനം.

സ്ലിപ്പില്ലാത്ത പാഴ്‌സലിന്‌ നിരോധനം : ഉത്തരവായി
ഭക്ഷണം കഴിക്കേണ്ട സമയം വ്യക്തമായി സൂചിപ്പിക്കുന്ന സ്ലിപ്/സ്റ്റിക്കർ ഇല്ലാത്ത ഭക്ഷണം പാഴ്‌സലായി വിൽക്കുന്നത് നിരോധിച്ച് ഭക്ഷ്യസുരക്ഷാ കമീഷണർ ഉത്തരവിട്ടു. പാചകംചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ കഴിക്കണമെന്ന നിർദേശമുള്ള സ്ലിപ്/സ്റ്റിക്കറുള്ള പൊതികളായിരിക്കണം ഉപഭോക്താക്കൾക്ക് നൽകേണ്ടത്. ഭക്ഷണം എത്തിക്കേണ്ട സമയം രണ്ട് മണിക്കൂറിന്‌ മുകളിലാണെങ്കിൽ 60 ഡിഗ്രി സെൽഷ്യസിന്‌ മുകളിൽ സൂക്ഷിക്കേണ്ടതാണെന്നും ഉത്തരവിലുണ്ട്‌. നിർദേശം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ കമീഷണർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top