20 April Saturday

ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ 150 കോടിയുടെ നോര്‍വീജിയന്‍ തുടര്‍നിക്ഷേപം

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

തിരുവനന്തപുരം> കേരളത്തില്‍ ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ 150 കോടി രൂപയുടെ തുടര്‍ നിക്ഷേപം നടത്തുമെന്ന് പ്രമുഖ നോര്‍വീജിയന്‍ കമ്പനിയായ ഓര്‍ക്കലെ ബ്രാന്‍ഡഡ് കണ്‍സ്യൂമര്‍ ഗുഡ്‌സ് സി ഇ ഒ ആറ്റ്‌ലെ വിഡര്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്‍കി.

ഭക്ഷ്യ സംസ്‌കരണ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനും കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പുവരുത്തുന്ന സംവിധാനം ഏര്‍പ്പെടുത്തുന്നതിനും ഓര്‍ക്കലെ തീരുമാനിച്ചു. കേരളത്തിലെ പ്രമുഖ ബ്രാന്‍ഡായ ഈസ്റ്റേണിന്റെ 67 ശതമാനം ഓഹരിയും വാങ്ങിയ ഓര്‍ക്കലെ ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്ന പ്രമുഖ നോര്‍വീജിയന്‍ കമ്പനിയാണ്. റിന്യൂവബിള്‍ എനര്‍ജി രംഗത്തും നിക്ഷേപം നടത്താന്‍ ഓര്‍ക്കലെ ആലോചിക്കുന്നുണ്ടെന്ന് ആറ്റ്‌ലെ പറഞ്ഞു.കേരളം ലോകത്തിലെ പ്രധാന സുഗന്ധ വ്യഞ്ജന മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ കേന്ദ്രമാണെന്നന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മത്സ്യ കയറ്റുമതിയില്‍ മൂന്നാം സ്ഥാനത്തുള്ള കേരളത്തിലാണ് ഇന്ത്യയിലെ യൂറോപ്യന്‍ അംഗീകാരമുള്ള സീ ഫുഡ് കമ്പനികളുടെ 75 ശതമാനവുമുള്ളത്. നേന്ത്രക്കായ ,മരച്ചീനി, ചക്ക തുടങ്ങിയവയുടെ ഉല്‍പ്പാദനത്തിലും കേരളം മുമ്പിലാണ്. ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനായി ഭക്ഷ്യ സംസ്‌കരണ മേഖലക്ക് സര്‍ക്കാര്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നൂറു കോടി രൂപയിലധികം നിക്ഷേപം നടത്തുന്നവര്‍ക്ക് പ്രത്യേക നോഡല്‍ ഓഫീസറെ വ്യവസായ വകുപ്പ് ചുമതലപ്പെടുത്തുന്നുണ്ട്- ഇതിന്റെ ഭാഗമായി ഓര്‍ക്കലെയുടെ തുടര്‍ നിക്ഷേപത്തിന് ഹാന്‍ഡ് ഹോള്‍ഡ് സേവനം നല്‍കാന്‍ നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായ മന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വികെ രാമചന്ദ്രന്‍ , വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, സര്‍ക്കാരിന്റെ ഡല്‍ഹിയിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി  വേണു രാജാമണി, ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ വെങ്കിടരാമന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഈസ്റ്റേണ്‍ ഫുഡിന്റ നവാസ് മീരന്‍ ഇന്നലെ നടന്ന നിക്ഷേപക സംഗമത്തില്‍ ഓര്‍ക്കലെയെ പ്രതിനിധീകരിച്ച് ഓണ്‍ലൈനില്‍ പങ്കെടുത്തു.

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top