18 April Thursday

എഫ്‌സിഐ ഗോഡൗണുകൾ വാടകയ്‌ക്ക് നൽകാൻ ഉത്തരവായി

വർഗീസ്‌ പുതുശേരിUpdated: Monday Sep 26, 2022

അങ്കമാലി> എഫ്‌സിഐ ഗോഡൗണുകൾ വാടകയ്‌ക്ക് നൽകുന്നതിന്‌ അനുമതി നൽകി ചെയർമാൻ ഉത്തരവിറക്കി. സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ മാനേജർമാർക്ക് വാടകക്കാര്യത്തിൽ തീരുമാനമെടുക്കാം. ആറ് മാസംമുതൽ മൂന്നുവർഷംവരെയാണ്‌ വാടകക്കാലാവധി.

സ്റ്റേറ്റ്/സെൻട്രൽ വെയർഹൗസിങ് കോർപറേഷനുകൾക്ക്‌ മെട്രോപൊളിറ്റൻ നഗരങ്ങളിൽ ചതുരശ്ര അടിക്ക് 20 രൂപയും നഗരങ്ങളിൽ 10 രൂപയും പഞ്ചായത്ത് പ്രദേശങ്ങളിൽ എട്ട് രൂപയുമാണ്‌ വാടക. സ്വകാര്യ കമ്പനികൾക്ക് ഓപ്പൺ ടെൻഡർവഴിയാണ് വാടകയ്‌ക്ക് നൽകുന്നത്.
എഫ്‌സിഐ ഗോഡൗണുകൾ വാടകയ്‌ക്ക് നൽകുന്നത് പൊതുവിതരണ സംവിധാനം അപകടത്തിലാക്കുമെന്നും ഭക്ഷ്യഭദ്രത നിയമം അട്ടിമറിക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടി എഫ്‌സിഐ എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) കേന്ദ്ര ഭക്ഷ്യമന്ത്രി പിയുഷ് ഗോയലിന്‌ കത്ത്‌ നൽകിയിട്ടുണ്ട്‌. എഫ്‌സിഐയെ തകർക്കാനുള്ള ഈ ആസൂത്രിതനീക്കം സ്വകാര്യകുത്തകകൾക്ക്‌ ഈ രംഗത്ത്‌ ആധിപത്യം ഉറപ്പിക്കാൻ വഴിതുറക്കുമെന്ന്‌  അസോസിയേഷൻ പ്രസിഡന്റ് ഡോ. എ സമ്പത്ത് പിയൂഷ്‌ ഗോയലിന്‌ അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. അവശ്യ ഭക്ഷ്യധാന്യങ്ങളുടെയും മൂല്യവർധിത ഭക്ഷണപദാർഥങ്ങളുടെയും വിലകൂടുമെന്നും കത്തിൽ വ്യക്തമാക്കി.

രാജ്യത്താകെ എഫ്‌സിഐക്ക് 2239 ഡിപ്പോ ഉണ്ട്. 557 എണ്ണം എഫ്‌സിഐയുടേതും ബാക്കിയുള്ളവ ഭക്ഷ്യധാന്യസംഭരണം ഉറപ്പാക്കാൻ വാടകയ്‌ക്ക്‌ എടുത്തതുമാണ്. സ്വന്തം ഗോഡൗണുകൾ വാടകയ്‌ക്ക് നൽകാനുള്ള ശ്രമം എഫ്‌സിഐയുടെ നയങ്ങൾക്ക്‌ എതിരാണ്. 2005ലെ മക്കൻസി റിപ്പോർട്ടും 2015ലെ ഹൈലെവൽ കമ്മിറ്റി റിപ്പോർട്ടും അനുസരിച്ചാണ് ഗോഡൗൺ വാടകയ്‌ക്ക് നൽകുന്നത്. വാടകയ്‌ക്ക് നൽകുന്നതോടെ ജീവനക്കാരെയും തൊഴിലാളികളെയും കൂട്ടത്തോടെ സ്ഥലംമാറ്റും. അധികൃതർ തീരുമാനം പിൻവലിക്കണമെന്ന് എംപ്ലോയീസ് അസോസിയേഷൻ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top