27 April Saturday

'കേരളത്തിന് മാത്രം സഹായങ്ങള്‍ നിഷേധിച്ചു; കേന്ദ്രത്തിന്റെ അവഗണന അതിജീവിച്ചാണ് മുന്നേറുന്നത്': മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday May 18, 2023

തിരുവനന്തപുരം> പ്രളയവും മഹാമാരിയും പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ കേരളത്തെ അവഗണിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധി കാലത്ത് നാടിന് പുതു ജീവനും പിന്തുണയും നല്‍കേണ്ട കേന്ദ്രസര്‍ക്കാര്‍ അത് നല്‍കിയില്ല. സംസ്ഥാനത്തെ സഹായിക്കാന്‍ തയ്യാറായ മറ്റ് രാജ്യങ്ങളോട് സഹായം ആവശ്യമില്ലെന്ന് കേന്ദ്രം പറഞ്ഞു. കേരളത്തിന് മാത്രം സഹായങ്ങള്‍ നിഷേധിക്കുന്ന സാഹചര്യമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫണ്ട് ശേഖരണത്തിന് വിദേശയാത്ര ആവശ്യമായി വന്നപ്പോള്‍ മന്ത്രിയുടെ യാത്രാ അനുമതി നിഷേധിക്കുന്ന നടപടിയാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. സഹായം നിങ്ങള്‍ പോയി വാങ്ങേണ്ടെന്നാണ് കേന്ദ്രം പറഞ്ഞത്. കേരളം അവിടെ തളര്‍ന്നു പോയില്ല. നാടിന്റെ ഐക്യത്തിലും സാഹോദര്യത്തിലും കേരളം ഉയര്‍ന്നു വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

2016 ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിന്റെ ഏഴാം വാര്‍ഷികം കൂടിയാണ് കടന്നുപോകുന്നത്. 2016 ന് മുന്‍പും ശേഷവും എന്ന് വിലയിത്തി മുന്നോട്ട് പോകണം. 2016 ന് മുന്‍പ് കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണയിലായിരുന്നു. തകര്‍ന്നടിഞ്ഞു കിടക്കുന്ന സംസ്ഥാനത്തെ ഉയര്‍ത്തി കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെ മുന്നോട്ട് പോയപ്പോള്‍ കാലവര്‍ഷ കെടുതിയും മഹാമാരിയും പ്രതിസന്ധി സൃഷ്ടിച്ചു. അവിടെ പിന്തുണ നല്‍കേണ്ട കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാം തകര്‍ന്നു പോകാതെ അതിജീവിച്ചത് ലോകം അത്ഭുതത്തോടെ നോക്കി കണ്ടു. ജനങ്ങളുടെ ഒരുമയോടെ കേരള പുനര്‍ നിര്‍മ്മാണ പദ്ധതി ആവിഷ്‌കരിച്ചു. ഒരുപാട് പുതിയ നിര്‍മ്മാണങ്ങള്‍ നടത്താന്‍ കഴിഞ്ഞു. പ്രകൃതി ദുരന്തത്തിന് തീര്‍ക്കാനാകാത്ത നിര്‍മിതികളിലേക്ക് നീങ്ങിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് മഹാമാരിക്കാലത്ത് രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ ബുദ്ധിമുട്ടി. എന്നാല്‍ സംസ്ഥാനത്ത് ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാം സര്‍ക്കാര്‍ ചെയ്തു. നാട് ഒറ്റക്കെട്ടായി നിന്നു. സമൂഹ അടുക്കളകള്‍ വഴി വീടുകളില്‍ ഭക്ഷണം എത്തിച്ചു കൊടുത്തു.പലയിടത്തും ഭക്ഷണവും വെള്ളവും ലഭിക്കാത്ത സ്ഥിതിയായിരുന്നു. കൊവിഡ് സമയത്തും നാം വേറിട്ട് നിന്നു. പ്രതിസന്ധികളിലും വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top