30 January Monday

ഇടുക്കി സത്രം എയർ സ്‌ട്രിപ്പിൽ ചെറു വിമാനം പറന്നിറങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

വണ്ടിപ്പെരിയാർ> ഇടുക്കിയുടെ ആകാശ സ്വപ്‌‌നങ്ങൾ യാഥാർത്ഥ്യമാക്കി സത്രം എയർ സ്‌ട്രിപ്പിൽ ചെറു വിമാനമിറങ്ങി. ഒരു വർഷത്തിനിടയിൽ പലപ്പോഴായുള്ള പരാജയ പരീക്ഷണത്തിന് ഒടുവിലാണ് വ്യാഴം രാവിലെ പത്തോടെ സത്രത്ത് വിമാനം പറന്നിറങ്ങിയത്. എൻസിസിയുടെ രണ്ട് സീറ്റുള്ള വൈറസ് എസ്‌ഡബ്ല്യു- 80 വിമാനമാണ് പറന്നിറങ്ങിയത്.  രണ്ട് തവണ വട്ടമിട്ട് പറന്ന് മൂന്നാം തവണ ഡബ്ല്യു 3434 വൈറസ്, എസ്‌ഡബ്ല്യു- 80 ചെറുവിമാനങ്ങൾ സത്രം എയർസ്‌ട്രിപ്പ് റൺവേ തൊട്ടത്.  

എൻസിസി കേഡറ്റുകളുടെ പരിശീലനത്തിനായി രണ്ടാം പിണറായി സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനത്തിന് ഉപയോഗിക്കുന്ന മൈക്രോ ലൈറ്റ് എയർ ക്രാഫ്റ്റ് വിമാനങ്ങൾക്ക് ഇറങ്ങാവുന്ന എയർസ്‌ട്രിപ്പിന്റെ നിർമാണ ജോലികൾ ദ്രുത ഗതിയിൽ നടത്തിവരുന്നത്. 650 മീറ്റർ നീളമുള്ള റൺവേയുടെ, നാലു ചെറു വിമാനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ഹാംഗർ, താമസ സൗകര്യം ഉൾപ്പെടെ 50 വിദ്യാർഥികൾക്കുള്ള പരിശീലന സൗകര്യവും പൂർത്തിയായിട്ടുണ്ട്. എൻസിസി കേഡറ്റുകൾക്ക് സൗജന്യമായി ഫ്‌ലൈയിംഗ് പരിശീലനം നൽകുന്നതിനാണ് എയർസ്‌ട്രിപ്പ് ലക്ഷ്യമെങ്കിലും അടിയന്തര സാഹചര്യങ്ങളിൽ ജില്ലയ്‌ക്ക് എയർസ്‌ട്രിപ്പ് സഹായകരമാകും. എയർഫോഴ്‌‌സ് വിമാനങ്ങളേയും വലിയ ഹെലികോപ്‌ടറുകളേയും അടിയന്തര സാഹചര്യങ്ങളിൽ ഇവിടെ ഇറക്കാനാകും.

എയർസ്‌ട്രിപ്പിൽ ചെറുവിമാനം ഇറക്കാൻ നേരത്തെ രണ്ട് തവണ ശ്രമിച്ചെങ്കിലും സമീപത്തെ മൺത്തിട്ട കാരണം  ലാൻഡ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.  തടസ്സങ്ങൾ നീക്കുന്നതിനുള്ള ജോലികൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കിയാണ് മൂന്നാം തവണത്തെ പരിശ്രമം വിജയം കണ്ടത്. മറ്റു  ജോലികളും പൂർത്തീകരിച്ച് എൻസിസി എയർസ്‌ട്രിപ്പ് എന്ന സ്വപനം  പൂർണതയിൽ എത്തിക്കുകയാണ്  ലക്ഷ്യം. എയർ സ്‌ട്രിപ്പ് റൺവേയുടെ നീളം ആയിരം മീറ്റർ ആയി ഉയർത്തുന്നതിന്  ആവശ്യമായ വന ഭൂമി വിട്ടു കിട്ടുന്നതിന് വേണ്ട ശ്രമവും നടക്കുന്നു. ജില്ലയിലെയും പീരുമേട്ടിലെയും വിനോദസഞ്ചാര മേഖലയ്‌ക്ക് ഒരു കുതിച്ചുചാട്ടമാകും എയർസ്ട്രിപ്പ്. വർഷവും ആയിരം എൻസിസി കേഡറ്റുകൾക്ക് വിമാനം പറപ്പിക്കാനുള്ള പരിശീലനം നൽകും. ഇതിൽ 200 പേർ ഇടുക്കി ജില്ലയിൽനിന്നുള്ളവരായിരിക്കും.

കഴിഞ്ഞ വർഷം കേരളപ്പിറവി ദിനത്തിൽ എൻസിസി ട്രെയിനിങ് സെന്ററിന്റെ ഉദ്ഘാടനം നടത്താനുള്ള നീക്കങ്ങൾ നടത്തിയെങ്കിലും ചില തടസ്സങ്ങൾ വന്നതോടെ വൈകുകയായിരുന്നു. നിർമാണത്തിന് 12 ഏക്കർ ഭൂമി ആദ്യഘട്ടത്തിൽ അനുവദിച്ചു. പിന്നീട് 15 ഏക്കർകൂടി വേണമെന്ന് എൻസിസി ആവശ്യപ്പെട്ടിരുന്നു.  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്ന്‌ എത്തുന്ന കുട്ടികൾക്ക് എൻസിസി നേതൃത്വത്തിൽ വിമാനം പറപ്പിക്കൽ  പരിശീലനം നൽകാനുള്ള 650 മീറ്റർ നീളത്തിലുള്ള റൺവേയുടെ  ജോലികൾ നേരത്തെ പൂർത്തീകരിച്ചു.

വ്യാഴാഴ്‌ച നടന്ന ട്രയൽ ലാന്റിങ്ങിന് ശേഷമുള്ള റിപ്പോർട്ട്‌ അടിയന്തിരമായി തയാറാക്കി സർക്കാരിന് സമർപ്പിക്കുമെന്നും  അധികൃതർ അറിയിച്ചു. കേരള എയർ സ്‌ക്വാഡ്രൻ തിരുവനന്തപുരം കമാന്റിംഗ് ഓഫിസർ എ ജി ശ്രീനിവാസനായിരുന്നു ട്രയൽ ലാൻഡിങിന്റെ മെയിൻ പൈലറ്റ്. കേരള എയർ സ്‌ക്വാഡ്രൻ കൊച്ചി ഗ്രൂപ്പ്‌ ക്യാപ്റ്റൻ  ഉദയരവിയായിരുന്നു കോ പൈലറ്റ്. ഇരുവരെയും വാഴൂർ സോമൻ എംഎൽഎ ഹാരം അണിയിച്ചു.

അഴുത ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് പി എം നൗഷാദ്, വണ്ടിപെരിയാർ പഞ്ചായത്ത്‌ പ്രസിഡന്റ് കെ എം ഉഷ, എൻസിസി കോട്ടയം വിങ് ഗ്രൂപ്പ്‌ കമാന്റർ ബ്രിഗേഡിയർ ബിജു എസ്, 33 കേരള ബെറ്റാലിയൻ എൻസിസി നെടുങ്കണ്ടം കമാന്റിങ് ഓഫിസർ കേണൽ എം ശങ്കർ, 33 കേരള ബെറ്റാലിയൻ എൻസിസി നെടുംകണ്ടം ലെഫ്റ്റനന്റ് കേണൽ എൻ തോമസുകുട്ടി, ജൂനിയർ വാറന്റ് ഓഫിസർ എസ് ജെ ടിറ്റു, വഴുതക്കാട് എൻസിസി ഡയറക്ട്രേറ്റ്  പിആർഒ സി കെ അജി, എൻസിസി കുട്ടികൾ, ജനപ്രതിനിധികൾ രാഷ്‌ട്രീയ പാർട്ടി, ഉദ്യോഗസ്ഥ പ്രതിനിധികൾ   പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top