29 March Friday

ടേക്ക്‌ ഓഫിനിടെ പരിശീലന വിമാനം തലകീഴായി മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023


തിരുവനന്തപുരം
ടേക്ക്‌ ഓഫിനിടെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ പരിശീലന വിമാനം തലകീഴായി മറിഞ്ഞു. റൺവേയിൽ വിമാനം തെന്നി മറിയുകയായിരുന്നു. പൈലറ്റ് തിരുവനന്തപുരം മണക്കാട് കാലടി സ്വദേശി അനൂപ് നായർ (34) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പൈലറ്റിന്‌ പ്രാഥമിക ചികിത്സ നൽകി.

ബുധൻ പകൽ 11.35നായിരുന്നു അപകടം. രാജീവ് ഗാന്ധി ഏവിയേഷൻ‍  അക്കാദമിയിൽ പരിശീലനത്തിന് ഉപയോഗിക്കുന്ന സെസ്ന 172 ആർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 45 മണിക്കൂർ പറക്കൽ പരിചയമുള്ള പൈലറ്റാണ് അനൂപ്. ടേക്ക് ഓഫിനിടെ എൻജിൻ ഓഫായതാണ് അപകടകാരണമെന്നാണ്‌ പ്രാഥമിക നിഗമനം. അന്വേഷണത്തിന്‌ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അധികൃതർ വ്യാഴാഴ്ച വിമാനത്താവളത്തിലെത്തും. വിമാനത്തിന്‌ സാരമായ കേടുപാട്‌ സംഭവിച്ചിട്ടുണ്ട്‌.

ടേക്ക് ഓഫിനും ലാൻഡിങ്ങിനുമുള്ള പരിശീലനം നടത്തുകയായിരുന്ന അനൂപ്‌ രണ്ടാമത്‌ ടേക്ക്‌ഓഫ്‌ ചെയ്യാൻ ഒരുങ്ങുമ്പോഴാണ്‌ വിമാനം തലകീഴായി മറിഞ്ഞത്. ഉടൻ തന്നെ ജീവനക്കാർ അനൂപിനെ പുറത്തെടുത്തു. നാല് സീറ്റുള്ള വിമാനത്തിൽ അനൂപ് മാത്രമാണ് ഉണ്ടായിരുന്നത്. 200 മണിക്കൂർ പറന്നുള്ള പരിചയം നേടിയാലേ പൈലറ്റ് ലൈസൻസ് ലഭ്യമാകൂ. അപകടത്തെത്തുടർന്ന് ഒരു മണിക്കൂർ റൺവേ അടച്ചിട്ടതോടെ മൂന്ന്‌ വിമാന സർവീസ്‌ വൈകി. പകൽ ഒന്നോടെ റൺവേ പ്രവർത്തനക്ഷമമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top