24 April Wednesday

ഫിറ്റ്നസ് ട്രെയിനിങിൽ വ്യാജസർട്ടിഫിക്കറ്റ്: കളമശ്ശേരിയിൽ ഒമ്പതുപേർക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021


കൊച്ചി/കളമശേരി> ഫിറ്റ്നസ് ട്രെയിനിങ് കോഴ്സ് നടത്തുന്ന സ്ഥാപനം വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി കബളിപ്പിച്ചെന്ന പരാതിയില്‍ നടത്തിപ്പുകാര്‍ക്കെതിരെ കേസെടുത്തു. ഇടപ്പള്ളി ടോളില്‍ പ്രവര്‍ത്തിക്കുന്ന ഐബിഐഎസ് ഫിറ്റ്‌നസ് ഇന്‍സ്റ്റിറ്റ്യൂട്ട്  നടത്തിപ്പുകാര്‍ക്കെതിരെയാണ് കളമശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

യുകെ, യുഎസ്എ, യുഎഇ എന്നീ രാജ്യങ്ങളില്‍ അംഗീകാരമുള്ള  സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നുപറഞ്ഞ് കബളിപ്പിക്കുകയും 1.25 ലക്ഷം രൂപ ഫീസായി തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിലാണ് കേസ്‌. മാനദണ്ഡം പാലിക്കാതെ കോഴ്‌സ് നടത്തിയതായും പരീക്ഷകളിൽ മനഃപൂർവം തോല്‍പ്പിച്ച് വീണ്ടും പരീക്ഷയ്ക്കായി കൂടുതല്‍ ഫീസ് ഈടാക്കിയതായും പ്രഥമവിവര റിപ്പോർട്ടിലുണ്ട്‌.

സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ദിലീപ് ആര്‍ മേനോന്‍, സന്ദീപ് ആര്‍ മേനോന്‍, വിപിന്‍ ദാസ്, രാധിക ആര്‍ മേനോന്‍, ദിവ്യ ഹരിദാസ്, പൂജ മാത്യു, ഷെറിന്‍, റാഷിദ്, വിനീത എന്നിവരെ ഒന്നുമുതല്‍ ഒമ്പതുവരെ പ്രതികളാക്കിയാണ് കേസെടുത്തത്.
മൂന്നുതവണയായി 1.25 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന് ആലങ്ങാട് സ്വദേശിയായ മുഹമ്മദ് അസ്ലം, ഇടുക്കി സ്വദേശി പ്രിന്‍സ് വര്‍ഗീസ്, ആലുവ സ്വദേശി പി എം വിജേഷ് എന്നിവർ നല്‍കിയ പരാതികളില്‍ കളമശേരി പൊലീസും പി ഷംസുദീന്റെ പരാതിയിൽ പാലക്കാട് ചാലിശേരി സ്റ്റേഷനിലും കേസെടുത്തിട്ടുണ്ട്.

അമ്പത്തിരണ്ട്‌ ദിവസത്തെ കോഴ്‌സിനായി ഒരാളിൽനിന്ന് 1.25 ലക്ഷം രൂപയായിരുന്നു ഈടാക്കിയിരുന്നത്. കോഴ്സ് പൂർത്തിയാക്കി ലഭിച്ച സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിച്ചതോടെയാണ് വ്യാജസര്‍ട്ടിഫിക്കറ്റാണെന്ന്‌ മനസ്സിലായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top