കവളങ്ങാട്> കുളിക്കാനിറങ്ങവെ ചുഴിയിൽപ്പെട്ട മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ബാപ്പ മുങ്ങിമരിച്ചു. ഇഞ്ചൂര്‍ കുറുമാട്ടുകുടി എബി കെ അലിയാരാണ് (40) മരിച്ചത്. മകൻ ആമിറിനെ അഗ്നി രക്ഷാസേനയിലെ സിവിൽ ഡിഫൻസ് അംഗം രക്ഷപ്പെടുത്തി.
ചൊവ്വ പകൽ പന്ത്രണ്ടോടെ കോഴിപ്പിള്ളി ചെക്ക്ഡാമിനുസമീപമാണ് സംഭവം. പന്ത്രണ്ടുകാരൻ മകന്‍ ആമിറിനൊപ്പമാണ് എബി കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടെ ചുഴിയില്‍പ്പെട്ട ആമിറിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ എബി മുങ്ങിപ്പോവുകയായിരുന്നു. സമീപത്ത് വല വീശിക്കൊണ്ടിരുന്ന കോതമംഗലം അഗ്നി രക്ഷാസേനയിലെ സിവില്‍ ഡിഫന്‍സ് അംഗം റജി, ആമിറിനെ രക്ഷപ്പെടുത്തി.
അഗ്നി രക്ഷാസേന എത്തി എബിയെ പുഴയിൽനിന്ന് മുങ്ങിയെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പാലാ ഗവ. പോളിടെക്‌നിക് കോളേജില്‍ ട്രേഡ് ഇന്‍സ്ട്രക്ടറാണ് എബി. ബാപ്പ: അലിയാര്‍. ഉമ്മ: ഖദീജ. ഭാര്യ: ജാസ്‌മോൾ. മറ്റു മക്കള്‍: ആഷിര്‍, ആദില്‍. ഖബറടക്കം പോസ്‌റ്റുമോർട്ടത്തിനുശേഷം ബുധൻ പകൽ 11ന് മാതിരപ്പിള്ളി ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..