25 April Thursday

ആഘോഷിക്കാന്‍ സമയമില്ല: ഭാവിസമര തിരക്കുകളിലേക്ക് കര്‍ഷകര്‍

സ്വന്തം ലേഖകൻUpdated: Sunday Nov 21, 2021

ന്യൂഡൽഹി> കാർഷിക നിയമങ്ങൾ പിൻവലിച്ചതിലുള്ള ആഘോഷത്തിന്‌ ചെലവിടാൻ സിൻഘുവിലെയും ടിക്രിയിലെയും കർഷകർക്ക്‌ അധിക സമയമില്ല. വെള്ളിയാഴ്‌ച പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്‌ തൊട്ടുപിന്നാലെ മധുരം പങ്കിട്ടും നൃത്തമാടിയും ചെണ്ട കൊട്ടിയും ആഘോഷിച്ച ഇവർ മറ്റാവശ്യങ്ങൾകൂടി നേടിയെടുക്കാൻ സമരം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്‌. സമരത്തിന്റെ ഒന്നാം വാർഷികം ഉജ്വലമാക്കാനുള്ള  ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. സിൻഘുവിൽ ശനിയാഴ്‌ച ചേർന്ന സംയുക്ത കിസാൻമോർച്ച യോഗം പ്രക്ഷോഭം തുടരാൻ തീരുമാനിച്ചതോടെ സമരകേന്ദ്രങ്ങൾ വീണ്ടും സജീവമായി.

ഒന്നാം വാർഷികാഘോഷത്തിന്‌ 26ന്‌ ഡൽഹി അതിർത്തിയിലെ സമരകേന്ദ്രങ്ങളിലേക്ക്‌ പതിനായിരക്കണക്കിന്‌ കർഷകർ എത്തുമെന്ന്‌ ഒരു വർഷമായി സിൻഘുവിൽ സമരത്തിന്‌ നേതൃത്വം നൽകുന്ന കിസാൻസഭ പഞ്ചാബ്‌ ജനറൽ സെക്രട്ടറി മേജർ സിങ്‌ പുന്നാവാല പറഞ്ഞു.

പഞ്ചാബിൽനിന്നും ഹരിയാനയിൽനിന്നും മറ്റുമായി ട്രാക്ടർ ട്രോളികളിൽ കർഷകർ പ്രവഹിക്കും. പാർലമെന്റിന്റെ ശീതകാല സമ്മേളനം വരുന്നത്‌ മുൻനിർത്തി സമരകേന്ദ്രങ്ങളെ വീണ്ടും സജീവമാക്കാൻ ആഴ്‌ചകൾക്ക്‌ മുമ്പുതന്നെ ഒരുക്കം തുടങ്ങി. കർഷക സമരത്തിന്റെ വിജയപ്രഖ്യാപനം കൂടിയാകും 26ന്റെ മഹാറാലി. എംഎസ്‌പി നിയമമടക്കമുള്ള മറ്റാവശ്യങ്ങൾ നേടിയെടുക്കാനുള്ള പുതിയ പ്രക്ഷോഭങ്ങളും തുടങ്ങും–- അദ്ദേഹം പറഞ്ഞു. ടിക്രിയിലും ശനിയാഴ്‌ച ആഹ്ലാദക്കാഴ്‌ചകൾ ഉണ്ടായില്ല. സമരം തുടർന്നും മുന്നോട്ടു കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ്‌. എംഎസ്‌പി നിയമപരമാക്കണമെന്ന ആവശ്യം സുപ്രധാനമാണെന്ന്‌ ഭാരതീയ കിസാൻ യൂണിയൻ യുവനേതാവ്‌ പവൽ കുസ പറഞ്ഞു. സ്വാമിനാഥൻ കമീഷൻ നിർദേശപ്രകാരം എംഎസ്‌പി നിശ്‌ചയിക്കണം–- കുസ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top