24 April Wednesday

കര്‍ഷകരുടെ സമാന്തര പരേഡില്‍ ഡിവൈഎഫ്‌ഐ പങ്കുചേരും

വെബ് ഡെസ്‌ക്‌Updated: Friday Jan 22, 2021

തിരുവനന്തപുരം > റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ സമാന്തര പരേഡിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പങ്കെടുക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ ട്രാക്ടര്‍ പരേഡ് നടത്തുകയാണ്. ഈ പരേഡിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും സംയുക്ത കര്‍ഷക സമിതി സംഘടിപ്പിക്കുന്ന പരേഡിനൊപ്പം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പങ്കാളികളാകും.

കര്‍ഷകരും തൊഴിലാളികളും ബഹുജനങ്ങളും ഉള്‍പ്പെടെ ദേശീയപതാകയുമേന്തി പരേഡില്‍ അണിനിരന്ന് കര്‍ഷസമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കും. കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടത്തിയ പതിനൊന്നാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടിരിക്കുകയാണ്. കേന്ദ്രത്തിന്റെ കര്‍ഷക ദ്രോഹനിയമങ്ങള്‍ മരവിപ്പിക്കുകയല്ല, പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന കര്‍ഷകരുടെ ഉറച്ച നിലപാടിന് ശക്തിപകരേണ്ട സമയമാണിത്. അന്നം തരുന്നവരുടെ കഴുത്തറുക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ല.

ഡല്‍ഹിയിലെ കര്‍ഷകര്‍ക്കൊപ്പം പരേഡില്‍ പങ്കെടുക്കാന്‍ കഴിയാത്ത മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും കക്ഷിരാഷ്ട്രീയത്തിനതീതമായി പരേഡില്‍ പങ്കെടുക്കാം. അന്നം തരുന്ന കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുകയെന്നത് നാടിന്റെ ഉത്തരവാദിത്വമാണ്. കാര്‍ഷിക നിയമം നിലവില്‍ വരുന്നതോടെ അവശ്യ സാധനങ്ങളുടെ സംഭരണത്തിന് പരിധികളില്ലാതാകും. കോര്‍പ്പറേറ്റ് ചൂഷണത്തിന് വേഗത കൂട്ടുന്ന നിയമം കര്‍ഷകന്റെ കൃഷിഭൂമിയും ന്യായവിലയും തട്ടിപ്പറിക്കുന്നു. മഹാഭൂരിപക്ഷത്തിന്റെയും ജീവിതത്തെ തകര്‍ക്കുന്ന നിയമം പിന്‍വലിക്കണമെന്നത് പ്രധാനമാണ്.

കോര്‍പ്പറേറ്റ് താല്‍പ്പര്യം മാത്രം സംരക്ഷിക്കുന്ന മോദിക്കും കൂട്ടാളികള്‍ക്കും കര്‍ഷക മുദ്രാവാക്യം മനസ്സിലാകുന്നില്ല. ജനാധിപത്യ വിരുദ്ധ സര്‍ക്കാരിനെ തിരുത്തിക്കാന്‍ പ്രക്ഷോഭത്തിനല്ലാതെ കഴിയില്ല. ആയതിനാല്‍, കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ 26ന് റിപ്പബ്ലിക് ദിന പരേഡില്‍ നാടാകെ ഒറ്റക്കെട്ടായി അണിചേരണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top