26 April Friday

കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകളുടെ മുന്നിലേക്ക് തള്ളിവിടുന്ന നിയമം; പ്രക്ഷോഭം വിജയിപ്പിക്കുക: എ വിജയരാഘവന്‍

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

തിരുവനന്തപുരം > ദേശീയ കര്‍ഷക സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാനത്ത് ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താല്‍ വന്‍ വിജയമാക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു. കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നിയമത്തിനെതിരെ രാജ്യമൊന്നാകെ പങ്കെടുത്ത് നടത്തുന്ന പ്രക്ഷോഭത്തില്‍ ഏവരും അണിചേരണം.  അതുവഴി കേരളജനതയുടെ വികാരം  പ്രതിഫലി പ്പിക്കണം. രാജ്യത്തെ  ഭൂരിപക്ഷം ജനങ്ങളും ജീവിതവൃത്തിക്കായി ആശ്രയിക്കുന്ന കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകള്‍ക്ക് മുന്നിലേക്ക് തള്ളിവിടുന്നതാണ് പുതിയ കേന്ദ്ര കാര്‍ഷിക നിയമം. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള തറവിലയടക്കം എല്ലാ സുരക്ഷയും ഇതോടെ ഇല്ലാതാകും. നിയമത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി കര്‍ഷകരുടെ കണ്ണീര്‍ തുടയ്ക്കണമെന്ന അഭ്യര്‍ത്ഥന മോഡി സര്‍ക്കാര്‍ ചെവിക്കൊള്ളുന്നില്ല. ഒരു വര്‍ഷമായി കര്‍ഷകര്‍ നടത്തുന്ന സഹനസമരത്തെ കണ്ടില്ലെന്ന് നടിക്കുന്നത് കോര്‍പറേറ്റുകളെ സഹായിക്കാനാണ്.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ക്രമാതീത വിലവര്‍ധനമൂലം നാട്ടുകാര്‍ക്കുള്ള  ജീവിത പ്രയാസങ്ങളും ചെറുതല്ല. നിത്യോപയോഗ സാധനങ്ങളുടെ വില താങ്ങാനാവാത്ത വിധം കുതിക്കുന്നു.  അടുക്കളകള്‍ അടച്ചിടേണ്ട ഗതികേടിലേക്കെത്തിക്കും വിധമാണ് പാചകവാതക വിലവര്‍ധന. രാജ്യത്തെ ജനങ്ങള്‍ നിത്യജീവിതത്തില്‍ നേരിടുന്ന ഇത്തരം പ്രതിസന്ധികളും ഹര്‍ത്താലില്‍ പ്രതിഫലിക്കും. ദേശീയ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടത്തുന്ന കൂട്ടായ്മകളും വിജയിപ്പിക്കണമെന്ന് എ വിജയരാഘവന്‍ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top