24 April Wednesday

പരാജയ ഭീതിയിൽ സർക്കാരിന്റെ ഒളിച്ചോട്ടം; നിയമങ്ങള്‍ പിന്‍വലിച്ചത് കര്‍ഷക സമരത്തിന്റെ വിജയം : എളമരം കരീം

വെബ് ഡെസ്‌ക്‌Updated: Friday Nov 19, 2021

ന്യൂഡൽഹി> വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടിവന്നത്‌  കര്‍ഷക സമരത്തിന്റെ വിജയമാണെന്നും യുപി- ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുമെന്ന ഭീതിയെ തുടര്‍ന്ന്‌  കേന്ദ്ര സര്‍ക്കാർ ഒളിച്ചോടുകയാണെന്നും എളമരം കരീം എംപി പറഞ്ഞു.
കാർഷിക ബില്ലുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ഭീരുത്വത്തില്‍ നിന്നുണ്ടായതാണ്. ബില്ലുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്നും എളമരം കരീം പറഞ്ഞു.

കര്‍ഷകര്‍ ഒറ്റക്കെട്ടായി നടത്തിയ സമരം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഖാലിസ്ഥാന്‍ തീവ്രവാദികളാണ്, മാവോവാദികളാണ്, അര്‍ബന്‍ നക്‌സലൈറ്റുകളാണ് എന്നൊക്കെയുള്ള ആരോപണം ഉന്നയിക്കുകയും പൊലീസിനെ ഉപയോഗിച്ച് ശക്തമായി അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. ഹരിയാനയില്‍ പൊലീസ് അതിക്രമത്തില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടു. ലഖിംപുരില്‍ വാഹനമിടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തി. സമര കേന്ദ്രങ്ങളിലും മറ്റുമായി ആയിരത്തോളം കര്‍ഷകരാണ് കൊല്ലപ്പെട്ടത്. കടുത്ത പ്രയാസങ്ങള്‍ അതിജീവിച്ചാണ്‌ സമരങ്ങള്‍ തുടര്‍ന്നുവന്നത്.

ഒരു വര്‍ഷത്തിനിടയില്‍ ഒരു തവണ പോലും കര്‍ഷകസംഘടനാ പ്രതിനിധികളോട് സംസാരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. കൃഷിവകുപ്പ് മന്ത്രി ചര്‍ച്ച നടത്തിയെങ്കിലും അതിലൊന്നും ഒരു തീരുമാനവുമെടുക്കാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. സുപ്രീം കോടതി നിയമം സ്‌റ്റേ ചെയ്യുകയും ഒരു കമ്മീഷനെ വെക്കാന്‍ തീരുമാനിക്കുകയും ചെയ്തു. പക്ഷേ, കമ്മീഷനുമായി സഹകരിക്കെണ്ട എന്ന തീരുമാനമാണ് കര്‍ഷകസംഘടനകള്‍ എടുത്തത്.

കേരളം, തമിഴ്‌നാട്, ബംഗാള്‍, അസം എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ വലിയ തിരിച്ചടിയാണ് ബിജെപിക്ക് നൽകിയത്‌.  കഴിഞ്ഞ പാര്‍ലമെന്റ്-അസംബ്ലി ഉപതിരഞ്ഞെടുപ്പുകളിലും  ബിജെപിക്ക് കടുത്ത തിരിച്ചടിയുണ്ടായി.

 വരാന്‍ പോകുന്ന യുപി, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുമെന്ന ഭീതിയെ തുടര്‍ന്നാണ് ഈ ഒളിച്ചോട്ടമെന്നും എളമരം കരീം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top