19 March Tuesday

വ്യാജ അശ്ലീല വീഡിയോ പ്രചാരണം ; ജനപ്രാതിനിധ്യനിയമപ്രകാരം ഗുരുതര കുറ്റം ; മാതൃകാ പെരുമാറ്റച്ചട്ടത്തിലും വ്യവസ്ഥ

എം അഖിൽUpdated: Saturday May 28, 2022


ന്യൂഡൽഹി
തൃക്കാക്കരയിലെ എൽഡിഎഫ്‌ സ്ഥാനാർഥിക്കെതിരായ കോൺഗ്രസിന്റെ വ്യാജ അശ്ലീല വീഡിയോ പ്രചാരണം ജനപ്രാതിനിധ്യനിയമം, തെരഞ്ഞെടുപ്പു കമീഷന്റെ മാതൃകാ പെരുമാറ്റച്ചട്ടം, സുപ്രീംകോടതി ഉത്തരവ്‌ എന്നിവപ്രകാരം ഗുരുതര കുറ്റം. സ്ഥാനാർഥിയോ അനുയായികളോ വ്യക്തികളോ എതിർസ്ഥാനാർഥിയുടെ സ്വഭാവത്തെയോ പെരുമാറ്റത്തെയോ മോശമായി ചിത്രീകരിക്കുന്ന വ്യാജരേഖകളോ, വീഡിയോകളോ പ്രചരിപ്പിക്കുന്നത്‌ കുറ്റമാണെന്ന്‌ ജനപ്രാതിനിധ്യനിയമം 123(4) വകുപ്പിൽ വ്യക്തമാക്കുന്നു. ഗുരുതര കുറ്റമാണെന്ന്‌ സുപ്രീംകോടതിയും ആവർത്തിച്ചു നിരീക്ഷിച്ചിട്ടുണ്ട്‌. ‘തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ വ്യക്തിഹത്യ ചെയ്യാനുള്ള അവസരം നൽകിയാൽ ജനാധിപത്യം കോമാളിത്തമായി അധഃപതിക്കും’–1968ൽ ജസ്റ്റിസ്‌ കെ എസ്‌ ഹെഗ്‌ഡെ പറഞ്ഞു. "എതിർസ്ഥാനാർഥിയെ കുറിച്ച്‌ മുൻവിധി സൃഷ്ടിക്കുന്ന കുപ്രചാരണം നീതിപൂർവ തെരഞ്ഞെടുപ്പെന്ന ആശയത്തിന്‌ വെല്ലുവിളിയാണ്‌'–-  1994ൽ ജസ്റ്റിസ്‌ എൻ പി സിങ് നിരീക്ഷിച്ചു. 

തെരഞ്ഞെടുപ്പുകമീഷന്റെ മാതൃകാ പെരുമാറ്റച്ചട്ടത്തിലും വ്യക്തിഹത്യക്കെതിരെ കർശന നിർദേശമുണ്ട്‌. ഏതെങ്കിലും പാർടിയോ സ്ഥാനാർഥിയോ എതിർസ്ഥാനാർഥിക്കെതിരെ വെറുപ്പോ വിദ്വേഷമോ ഉണ്ടാക്കുന്ന പ്രചാരണം നടത്തരുത്‌. പാർടികളുടെ നയം, പരിപാടി തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയുള്ള വിമർശത്തിനപ്പുറം സ്ഥാനാർഥിയുടെ സ്വകാര്യജീവിതത്തെ വിമർശിക്കരുത്‌. സ്ഥിരീകരിക്കാത്ത ആരോപണങ്ങളും വളച്ചൊടിച്ച വസ്‌തുതകളും പ്രചരിപ്പിക്കരുത്‌ തുടങ്ങിയ നിർദേശങ്ങളുണ്ട്‌.

ഇതെല്ലാം കാറ്റിൽപ്പറത്തിയ നുണപ്രചാരണമാണ്‌ കോൺഗ്രസ്‌ തൃക്കാക്കരയിൽ നടത്തിയത്‌. വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ മണ്ഡലം പ്രസിഡന്റുൾപ്പെടെ അറസ്റ്റിലായ സാഹചര്യത്തിൽ, സംഭവത്തിൽ ഉത്തരവാദിത്വമില്ലെന്ന കോൺഗ്രസിന്റെ അവകാശവാദം നിയമപരമായി നിലനിൽക്കില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top