19 December Friday

വ്യാജ സൊസൈറ്റി തുടങ്ങി തട്ടിപ്പ്‌: കോൺഗ്രസ്‌, ബിജെപി പ്രാദേശിക 
നേതാക്കളടക്കം നാല്‌ പേർക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023

ഷംസുദ്ദീന്‍ മരയ്ക്കാര്‍, അരുള്‍ ശരിധരന്‍, വി കെ ശ്രീകുമാര്‍

കോട്ടയം> വ്യാജ സഹകരണ സൊസൈറ്റി തുടങ്ങി സാമ്പത്തിക തട്ടിപ്പ്‌ നടത്തിയ സംഭവത്തിൽ നാല്‌ പേർക്കെതിരെ പൊലീസ്‌ കേസെടുത്തു. കോട്ടയത്തെ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകനും ജില്ലയിലെ കോൺഗ്രസ്‌ നേതാവിന്റെ മകനുമായ കാരാപ്പുഴ മാതൃഭവനത്തിൽ എം എസ്‌ അരുൾ ശശിധരൻ, തിരുനക്കരയിൽ ജ്യോതിഷസ്ഥാപനം നടത്തുന്ന ബിജെപി പ്രവർത്തകൻ മുട്ടമ്പലം കുളങ്ങര വി കെ ശ്രീകുമാർ, ഇവരുടെ സുഹൃത്തുക്കളായ തിരുവനന്തപുരം തൈക്കാട്‌ സ്വദേശി ഷംസുദ്ദീൻ മരയ്‌ക്കാർ, മുട്ടമ്പലം രാജവിലാസിൽ അനൂപ്‌കുമാർ എന്നിവർക്കെതിരെയാണ്‌ കോട്ടയം വെസ്‌റ്റ്‌ പൊലീസ്‌ കേസെടുത്തത്‌. 
 
പ്രതികൾ 2019ൽ എൻആർഐ ആൻഡ്‌ ആർഐ എന്ന പേരിൽ കോഓപ്പറേറ്റീവ്‌ സൊസൈറ്റി ആരംഭിച്ചിരുന്നു. ഇതിന്‌ കോട്ടയം ജില്ലയിൽ പ്രവർത്തിക്കാൻ അനുമതി ഇല്ലാതിരുന്നിട്ടും 2019 അവസാനത്തോടെ ഇവർ കാരാപ്പുഴയിൽ ബ്രാഞ്ച്‌ ആരംഭിച്ചു. ഇവിടെ 25 പേരെ ജോലിക്ക്‌ നിയോഗിക്കുകയും ചെയ്‌തു. ലക്ഷങ്ങൾ വാങ്ങിയാണ്‌ സ്ഥാപനത്തിൽ ജീവക്കാരെ നിയമിച്ചത്‌. ഇവർക്ക്‌ സഹകരണമേഖലയിൽ സ്ഥിരംജോലി കൊടുക്കാമെന്നും സൊസൈറ്റി കേരളാ ബാങ്കിൽ ലയിപ്പിക്കുമെന്നും പറഞ്ഞായിരുന്നു ജോലി കൊടുത്തത്‌. ആകെ 50 ലക്ഷം രൂപ വാങ്ങി. സർക്കാർ മുദ്രയുള്ള കടലാസുകളാണ്‌ സ്ഥാപനത്തിൽ ഉപയോഗിച്ചിരുന്നത്‌. എല്ലാം വ്യാജമായി തയ്യാറാക്കിയതായിരുന്നു.
 
സ്ഥാപനത്തെക്കുറിച്ച്‌ സഹകരണവകുപ്പ്‌ അന്വേഷണം നടത്തുകയും തട്ടിപ്പാണെന്ന്‌ കണ്ടെത്തി പൂട്ടിക്കുകയും ചെയ്‌തിരുന്നു. ഇവിടെ ജോലി ചെയ്‌തിരുന്നവർ തങ്ങളുടെ പണം തിരികെ ചോദിക്കാൻ തുടങ്ങി. തട്ടിപ്പുകാർ നാല്‌ പേരും ലീഗൽ സർവീസ്‌ സൊസൈറ്റി വഴി ഒത്തുതീർപ്പ്‌ ഉണ്ടാക്കുകയും പണം തിരിച്ചുനൽകാമെന്ന്‌ വാക്ക്‌ കൊടുക്കുകയും ചെയ്‌തു. എന്നാൽ ആർക്കും പണം തിരിച്ചുകിട്ടിയില്ല. ഇതോടെ പരാതിക്കാർ കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ്‌ കോടതി- മൂന്നിനെ സമീപിക്കുകയും കോടതിയുടെ നിർദേശപ്രകാരം പ്രതികൾക്കെതിരെ പൊലീസ്‌ വഞ്ചനാക്കുറ്റത്തിനും വ്യാജരേഖകൾ ചമച്ചതിനും കേസെടുക്കുകയുമായിരുന്നു. മൂന്ന്‌ കേസുകളാണ്‌ ഇതുവരെ എടുത്തിട്ടുള്ളത്‌. ശ്രീകുമാറും അരുൾ ശശിധരനും അതത്‌ പാർടികളുടെ പാനലിൽ നഗരസഭയിലേക്ക്‌ മത്സരിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top