തിരുവനന്തപുരം
താൽക്കാലിക ഡോക്ടർ നിയമനത്തിൽ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അഴിമതിയുടെ നിഴലിലാക്കാൻ നടന്ന ഗൂഢാലോചനയിൽ മാധ്യമങ്ങളും പ്രതിസ്ഥാനത്ത്. കൈക്കൂലി വാർത്ത ആദ്യം പുറത്തുവിട്ട ‘റിപ്പോർട്ടർ’ ചാനലിന്റെ മലപ്പുറത്തെ റിപ്പോർട്ടർ ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് കേസിൽ ഒളിവിൽ കഴിയുന്ന പ്രതി ലെനിൻരാജ് കൈരളി ചാനലിനോട് വെളിപ്പെടുത്തി. ഇതേ റിപ്പോർട്ടറെ സമീപിച്ച് ചാനലിന്റെ ലോഞ്ചിങ് വാർത്തയായി ‘കൈക്കൂലിക്കേസ്’ വരുത്താമെന്ന് മലപ്പുറം സ്വദേശി ബാസിത് ഉറപ്പുനൽകുന്ന ശബ്ദരേഖയും പുറത്തുവന്നു.
പരാതിക്കാരനായ ഹരിദാസനും ബാസിതും ലെനിൻരാജും സംസാരിക്കുന്ന ശബ്ദരേഖയാണ് ചൊവ്വാഴ്‌ച പുറത്തുവന്നത്. മന്ത്രിയുടെ സ്റ്റാഫംഗത്തെ അഖിൽ തോമസ് എന്നാണ് പരിചയപ്പെടുത്തുന്നത്. ചാനൽ റിപ്പോർട്ടറുമായി സംസാരിച്ച് മറ്റുകാര്യങ്ങൾ സംസാരിക്കാമെന്നും ചാനലിന്റെ ലോഞ്ചിങ് വാർത്ത ഇതായിരിക്കുമെന്നും ബാസിത് പറയുന്നതും ശബ്ദരേഖയിൽ വ്യക്തമാണ്. ഇതിനെല്ലാം ശേഷമാണ് തിരക്കഥ രൂപപ്പെടുത്തിയതും വാർത്തയുണ്ടാക്കി മന്ത്രിയുടെ ഓഫീസിനെ സംശയനിഴലിലാക്കാൻ നീക്കമുണ്ടായതും. സംഭവത്തിൽ 75,000 രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നും ലെനിൻ പറയുന്നു. ഇക്കാര്യത്തിലും പൊലീസ് അന്വേഷണമുണ്ടാകും. അതിനിടെ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ച കേസിൽ അഭിഭാഷകനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്‌തു. മുഖ്യപ്രതി അഖിൽ സജീവിനൊപ്പം ചേർന്ന് ആയുഷ് മിഷന്റെ വ്യാജ ഇമെയിലുണ്ടാക്കിയ കോഴിക്കോട് കൊയിലാണ്ടി എകരൂൽ സ്വദേശി എം കെ റയീസാണ് അറസ്‌റ്റിലായത്.
നിയമനത്തട്ടിപ്പ് : റയീസിന് അഖിൽ
സജീവുമായി പണമിടപാടും
ആയുഷ് മിഷന് കീഴിൽ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട് വ്യാജ ഇ മെയിൽ ചമച്ച കേസിൽ അറസ്റ്റിലായ കൊയിലാണ്ടി എകരൂൽ സ്വദേശി എം കെ റയീസ് തട്ടിപ്പിലെ മുഖ്യപ്രതി അഖിൽ സജീവുമായി പണമിടപാട് നടത്തിയതിന് തെളിവുകൾ. റയീസിന്റെ മൊബൈൽഫോൺ നമ്പറുപയോഗിച്ചാണ് ആയുഷ് മിഷന്റെ വ്യാജ ഇമെയിൽ വിലാസമുണ്ടാക്കിയത്. ഫോൺ കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയിൽ ഇമെയിൽ നിർമിച്ചശേഷം അഖിൽ സജീവിന് അയച്ച തിന്റെ സ്ക്രീൻ ഷോട്ടുകളടക്കം കണ്ടെടുത്തിട്ടുണ്ട്. ഗൂഢലോചനയിലും റയീസിന് പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. നിരവധി പണമിടപാടുകളും ഇവർ തമ്മിലുണ്ട്. നൂറിലധികം തവണ ഗൂഗിൾ പേ വഴി മാത്രം പണം കൈമാറിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ അഖിൽ സജീവിനെയും കോഴിക്കോട് സ്വദേശി ലെനിൻ രാജിനെയും കഴിഞ്ഞ ദിവസം പ്രതി ചേർത്തിരുന്നു. ഇരുവരെയും പ്രതിചേർത്തുള്ള റിപ്പോർട്ട് കന്റോൺമെന്റ് പൊലീസ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് റയീസിനെയും മലപ്പുറം സ്വദേശി ബാസിതിനെയും തിരുവനന്തപുരത്തെത്തിച്ച് ചോദ്യം ചെയ്‌തത്. സിറ്റി പൊലീസ് മേധാവി സി എച്ച് നാഗരാജുവിന്റെയും കന്റോൺമെന്റ് അസി. കമീഷണർ സ്റ്റ്യുവർട്ട് കീലറിന്റെയും നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ അഖിൽ സജീവും റയീസും ചേർന്ന് വ്യാജ രേഖയുണ്ടാക്കിയതിന്റെയും സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെയും തെളിവുകൾ പൊലീസിന് ലഭിച്ചു. ചോദ്യം ചെയ്യലിലുടനീളം കുറ്റം നിഷേധിക്കുന്ന സമീപനമാണ് റയീസ് സ്വീകരിച്ചത്. എന്നാൽ, ശാസ്ത്രീയമായ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിനൊടുവിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. റയീസിനെ ബുധനാഴ്‌ച കോടതിയിൽ ഹാജരാക്കും. ബാസിതിനെ ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..