25 April Thursday

ക്രിസ്‌തുമസ് - പുതുവത്സരാഘോഷം; എക്‌സൈസ്‌ സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ്‌ ഡ്രൈവ്‌ നടത്തും

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

തിരുവനന്തപുരം > ക്രിസ്‌തുമസ് പുതുവത്സരാഘോഷ വേളയിൽ വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനവും വിപണനവും ഉപഭോഗവും  തടയുന്നതിനായി സംസ്ഥാനത്ത് 2022 ജനുവരി മൂന്ന് വരെ എക്സെെസ് വകുപ്പ് സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രെെവ് നടപ്പാക്കുമെന്ന് മന്ത്രി എം വിഗോവിന്ദൻ പറഞ്ഞു.

ആഘോഷവേളകളിലും അതിനുമുമ്പും വ്യാജവാറ്റ്, സ്‌പിരിറ്റ് കടത്ത്, വ്യാജമദ്യ നിർമ്മാണം, തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുവാനുള്ള സാധ്യതയുണ്ട്. ഇവ തടയുന്നതിനായി അതിശക്തമായ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ നടപ്പാക്കും.  

ഇതര സംസ്ഥാനങ്ങളിൽ നിന്നും സ്‌പിരിറ്റ് കടത്തിക്കൊണ്ടുവന്ന് വ്യാജമദ്യ നിർമാണ യൂണിറ്റുകൾ പ്രവർത്തിപ്പിക്കുന്നതിനും,  ഇതരസംസ്ഥാന തൊഴിലാളികൾ മുഖേന മയക്കുമരുന്നുകളും മദ്യവും കടത്തുന്നതിനും, അതിർത്തി ജില്ലകളിലെ ചെക്പോസ്റ്റുകളിലൂടെയും നിരവധിയായ ചെറിയ പാതകളിലൂടെയും വ്യാജമദ്യം സംസ്ഥാനത്തിന് അകത്തേക്ക് കടത്തുന്നതിനും സാധ്യതയുണ്ട്. സംസ്ഥാന അതിർത്തികളിലെ എക്സൈസ് ചെക്ക് പോസ്റ്റുകളിൽ എക്സൈസ് ഉദ്യോഗസ്ഥർ ചെറുതും വലുതുമായ എല്ലാ വാഹനങ്ങളും കാര്യക്ഷമമായി പരിശോധന നടത്തും.  ജോയിന്റ് എക്സൈസ് കമ്മീഷണർമാർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർമാർ എന്നിവർ നേരിട്ട് ചെക്പോസ്റ്റുകൾ സന്ദർശിച്ച് കാര്യക്ഷമമായ വാഹന പരിശോധന നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

എക്സൈസ് ഹെഡ്ക്വാർട്ടേഴ്‌സിൽ ഒരു സൂപ്രണ്ടിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കും.  സ്പെഷ്യൽ ഡ്രൈവ് കാലയളവിൽ  മുഴുവൻ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാരും ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു കൺട്രോൾ റൂം സജ്ജമാക്കണം. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർ തങ്ങളുടെ ജില്ലയെ ചുരുങ്ങിയത് മൂന്നു മേഖലകളാക്കി തിരിച്ച് ഓരോ മേഖലയിലും ബന്ധപ്പെട്ട എക്സൈസ് സർക്കിൾ ഓഫീസുകൾ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രൈക്കിങ് ഫോഴ്സുകൾ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

അബ്കാരി, എൻഡിപിഎസ് കേസുകളിൽ ഉൾപ്പെട്ട മുൻകുറ്റവാളികളുടെ ഇപ്പോഴത്തെ പ്രവർത്തനം ഉദ്യോഗസ്ഥർ നേരിട്ട് നിരീക്ഷണം നടത്തി റിപ്പോർട്ട് ഡെപ്യൂട്ടി എക്സെെസ് കമ്മീഷണർമാർക്ക് നൽകും. വ്യാജമദ്യ വിൽപ്പനയുമായി ബന്ധപ്പെട്ട വ്യക്തികളുടെ ലിസ്റ്റ് തയ്യാറാക്കി അത്തരം ആൾക്കാരെ നിരീക്ഷിക്കും. അതിർത്തി പ്രദേശങ്ങളിൽ മുഴുവൻ സമയവും ബോർഡർ പട്രോളിംഗ് ഏർപ്പെടുത്തും. വാഹനപരിശോധന കർശനമാക്കും. തീരപ്രദേശങ്ങൾ വഴി വ്യാജമദ്യം കടത്തുന്നത് തടയും.  കോസ്റ്റൽ പോലീസുമായി ചേർന്ന് കടലിലും, ഉൾനാടൻ ജലഗതാഗത പാതകളിലും പട്രോളിംഗ് സംഘടിപ്പിക്കും. ഡ്രൈ ഡേ കൃത്യമായി പാലിക്കുകയും ആ ദിവസങ്ങളിൽ സമാന്തര മദ്യവില്പന നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.

സുരക്ഷിതവും പ്രശ്‌നരഹിതവുമായ ക്രിസ്‌തുമസ്, പുതുവത്സരാഘോഷം ഈ വർഷവും ഉറപ്പാക്കുന്നതിനായി ഫലപ്രദമായ എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിന് പൊതു സമൂഹത്തിന്റെ സഹകരണവും പിന്തുണയും അത്യാവശ്യമാണെന്നും മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top