കൊച്ചി
എറണാകുളം ഗവ. മെഡിക്കൽ കോളേജ് വൻ വികസനക്കുതിപ്പിൽ. 17 കോടി രൂപയുടെ 36 പദ്ധതികൾ തിങ്കളാഴ്‌ച ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്യും. പകൽ 12ന് നടക്കുന്ന ചടങ്ങിൽ വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനാകും.
അടിസ്ഥാനസൗകര്യങ്ങളുടെ വികസനം, രോഗീപരിചരണം, മെഡിക്കൽ ഉപകരണങ്ങൾ എന്നീ വിഭാഗങ്ങളിലാണ് 17 കോടി രൂപ ചെലവഴിച്ച് വികസനപ്രവർത്തനങ്ങൾ നടന്നത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള രോഗികൾക്ക്, കിടക്കയുടെ സമീപത്തെത്തി എക്‌സ്‌റേ എടുക്കുന്ന അത്യാധുനിക മൊബൈൽ റേഡിയോഗ്രാഫി യൂണിറ്റ് വാങ്ങി. മെഡിക്കൽ കോളേജിന്റെ പ്ലാൻഫണ്ടിൽനിന്ന് 1.8 കോടി രൂപ ചെലവിട്ടാണ് യന്ത്രം വാങ്ങിയത്. ആശുപത്രിയുടെ പ്രധാന വാർഡുകളെയും ഓപ്പറേഷൻ തിയറ്ററിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റാമ്പ് നാലുകോടി രൂപ ചെലവഴിച്ച് നിർമിച്ചു. ആശുപത്രിയിലെ പൊള്ളൽചികിത്സാലയം 35 ലക്ഷം രൂപ ചെലവഴിച്ച് ആധുനികവൽക്കരിച്ചു. 24 മണിക്കൂർ പ്രവർത്തിക്കുന്ന പ്രിവന്റീവ് ക്ലിനിക്കും സജ്ജമാണ്. ജീവനക്കാരുടെ കുട്ടികളെ പരിപാലിക്കുന്നതിന് ക്രഷ്, സ്ത്രീരോഗവിഭാഗത്തിൽ എത്തുന്ന രോഗികൾക്കും കൂട്ടിന് വരുന്നവർക്കുമായി 20 ലക്ഷം രൂപ ചെലവിട്ട് വിശ്രമമുറി എന്നിവ പണികഴിപ്പിച്ചു. പ്ലാൻഫണ്ടിൽനിന്ന് 165 ലക്ഷം രൂപ ചെലവഴിച്ച നാല് ലിഫ്‌റ്റ് സ്ഥാപിച്ചു. 46 ലക്ഷം രൂപ ചെലവഴിച്ച് നേത്രരോഗവിഭാഗത്തിൽ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ തിമിരം നീക്കംചെയ്യുന്നതിനുള്ള ഫേക്കോ ഇമ്മേൽസിഫിക്കേഷൻ മെഷീൻ പ്രവർത്തനസജ്ജമാക്കി. 10 ലക്ഷം രൂപ ചെലവിട്ട് ഓർത്തോ വിഭാഗം ശസ്ത്രക്രിയ യൂണിറ്റിൽ സി-ആം മെഷീൻ സ്ഥാപിച്ചു. 20 ലക്ഷം രൂപ ഉപയോഗിച്ച് 24 സിസിടിവി കാമറയും സ്ഥാപിച്ചു. 1.8 കോടി ചെലവഴിച്ച് ബയോ-കെമിസ്ട്രി വിഭാഗത്തിൽ അത്യാധുനിക നിലവാരത്തിലുള്ള ഫുള്ളി ഓട്ടോമാറ്റിക് ക്ലിനിക്കൽ കെമിസ്ട്രി അനലൈസർ മെഷീൻ സ്ഥാപിച്ചു.
കാസ്‌പ് ഫാർമസി, പുതിയ ബ്ലഡ് കലക്‌ഷൻ യൂണിറ്റ്, എമർജൻസി ലേബർ റൂം ഓപ്പറേഷൻ തിയറ്റർ, നവീകരിച്ച പോസ്‌റ്റ് ഓപ്പറേറ്റീവ് വാർഡ്, പുതിയ അഞ്ചു ഡയാലിസിസ് മെഷീൻ, ഡിജിറ്റൽ പേമെന്റ് സിസ്‌റ്റം, പബ്ലിക് അനൗൺസ് സിസ്‌റ്റം തുടങ്ങിയവയും ആരോഗ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും. മെട്രോ ഫീഡർ ബസിന്റെ ഫ്ലാഗ് ഓഫും ചടങ്ങിൽ നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..