20 April Saturday

എറണാകുളം മെഡിക്കൽ കോളേജ്: സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്‌ നിർമാണം അവസാനഘട്ടത്തിൽ

ആർ ഹേമലതUpdated: Sunday Feb 5, 2023

കൊച്ചി
എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമാണം അവസാനഘട്ടത്തിൽ. നിർമാണപ്രവർത്തനങ്ങൾ 90 ശതമാനവും പൂർത്തിയായതായി കരാർ ജോലികളുടെ മേൽനോട്ടച്ചുമതലയുള്ള ഇൻകെൽ അറിയിച്ചു.

എട്ടു നിലകളിലായി 8.6 ലക്ഷം ചതുരശ്ര അടിയിലാണ്‌ പുതിയ കെട്ടിടസമുച്ചയം നിർമിക്കുന്നത്‌. അഞ്ച്‌ ബ്ലോക്കുകളിലായാണ്‌ കെട്ടിടം ഒരുങ്ങുന്നത്‌. ഗ്രൗണ്ട്‌ ഫ്ലോറിൽനിന്ന്‌ താഴേക്ക്‌ മൂന്നും മുകളിലേക്ക്‌ നാലും നിലകളാണ്‌ ഉള്ളത്‌. ഏറ്റവും താഴത്തെ നിലയിൽ പാർക്കിങ്ങും തുടർന്ന്‌ ഗ്രൗണ്ട്‌ ഫ്ലോർവരെയുള്ള നിലകളിൽ ക്യാന്റീൻ, ഇലക്ട്രിക്കൽ ഓഫീസ്‌ എന്നിവയും പ്രവർത്തിക്കും. ചെറുതും വലുതുമായ 14 ഓപ്പറേഷൻ തിയറ്ററുകളും 842 കിടക്കകളും ഉണ്ടാകും. 18 ലിഫ്‌റ്റുകളാണ്‌ ഉള്ളത്‌. ഇതിൽ ആറെണ്ണം എത്തിക്കഴിഞ്ഞു.
129 കോടി രൂപയ്‌ക്ക്‌ കരാർ നൽകിയ സിവിൽ ജോലികൾ ഏറ്റെടുത്ത്‌ നടത്തുന്നത്‌ തമിഴ്‌നാട്‌ നാമക്കലുള്ള പിഎസ്‌ടി എൻജിനിയറിങ് കൺസ്‌ട്രക്‌ഷൻസാണ്‌. ഏപ്രിൽ 30ന്‌ ഇവരുമായുള്ള കരാർ അവസാനിക്കും. അതിനുമുമ്പായി പണികൾ തീർക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.

വോൾട്ടാസ്‌ കമ്പനിക്ക്‌ 92 കോടി രൂപയ്‌ക്ക്‌  കരാർ നൽകിയ ഇലക്‌ട്രിക്കൽ, പ്ലമ്പിങ് ജോലികൾ അടങ്ങുന്ന എംഇപി പാക്കേജിന്റെ കാലാവധി ജൂലൈ 31ന്‌ അവസാനിക്കും. അതിനുമുമ്പ്‌ എംഇപി ജോലികളും പൂർത്തിയാക്കും. ക്രഷർ പണിമുടക്കുമൂലം എം സാൻഡ്‌ കിട്ടാത്തത്‌ ചില തടസ്സങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്‌.
ഫിസിക്കൽ മെഡിസിൻ ആൻഡ്‌ റീഹാബിലിറ്റേഷൻ (പിഎംആർ), കാർഡിയോളജി, യൂറോളജി, നെഫ്രോളജി, പീഡിയാട്രിക്സ്‌, ഗൈനക്കോളജി, ഗ്യാസ്‌ട്രോളജി, ന്യൂറോളജിവകുപ്പുകളാണ്‌ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുക.

അത്യാഹിതവിഭാഗവും ഇവിടെയുണ്ടാകും. പീഡിയാട്രിക് സെന്റർ ഓഫ് എക്സലൻസിന്റെ ഭാഗമായി രണ്ടരക്കോടി രൂപയുടെ സർക്കാർ അനുമതിയും ലഭിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top