19 April Friday
ആകെ ആശയക്കുഴപ്പമെന്ന്‌ ഇപിഎഫ്‌ ട്രസ്റ്റ്‌ അംഗങ്ങളും

‘മിണ്ടരുത്‌ ’ പിഎഫ്‌ ഓഫീസുകളോട്‌ കേന്ദ്രം; വിശദാംശങ്ങൾ ആവശ്യപ്പെട്ടാൽ കൈ മലർത്തുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 14, 2023

തിരുവനന്തപുരം> സുപ്രീംകോടതി വിധിയെത്തുടർന്ന്‌ ഇപിഎഫ്‌ഒ ഇറക്കിയ സർക്കുലറുകൾ കടുത്ത ആശയക്കുഴപ്പമുണ്ടാക്കുമ്പോഴും ഒരു കാര്യത്തിലും വ്യക്തത വരുത്താൻ തയ്യാറാകാതെ അധികൃതർ. ഇപിഎഫ്‌ പ്രാദേശിക ഓഫീസുകളിൽ പെൻഷൻകാരും ജീവനക്കാരും സംഘടനകളും വിശദാംശങ്ങൾ ആവശ്യപ്പെട്ട്‌ കയറിയിറങ്ങുമ്പോഴും ഉത്തരവാദപ്പെട്ടവർ കൈ മലർത്തുന്നു. തങ്ങളല്ല ഡൽഹിയിൽനിന്നാണ്‌ പറയേണ്ടതെന്ന ഉത്തരമാണ്‌ ലഭിക്കുന്നത്‌.  

ഓപ്ഷൻ നൽകുന്നതിലടക്കം ഒരു വിവരവും പെൻഷൻകാരോടോ ജീവനക്കാരോടോ വെളിപ്പെടുത്തുന്നില്ല. 2014ൽ ഓപ്ഷൻ കൊടുക്കാതെ പതിനായിരങ്ങൾക്ക്‌ ഉയർന്ന പെൻഷൻ ലഭിക്കാതിരുന്നതും ഇപിഎഫ്‌ഒ മതിയായ വിവരങ്ങൾ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകാത്തതുകൊണ്ടാണ്‌.

2022 നവംബറിലെ സുപ്രീംകോടതി വിധിക്കുശേഷം വന്ന ഇപിഎഫ്‌ഒ ഉത്തരവുപ്രകാരം, 2014 സെപ്തംബർ ഒന്നിനുമുമ്പ്‌ വിരമിച്ചവർക്ക്‌ ഹയർഓപ്ഷൻ നൽകാൻ കഴിഞ്ഞിട്ടില്ല. ഇതിന്‌  ഉയർന്ന പെൻഷൻ വാങ്ങാനുള്ള അർഹത തെളിയിക്കുന്ന രേഖ വേണം. എന്നാൽ, പത്ത്‌ വർഷമായി പെൻഷൻ നൽകിയത്‌ എന്തിന്റെ അടിസ്ഥാനത്തിലാണെന്ന ചോദ്യത്തിന്‌ ഉത്തരമില്ല. ഇനി എന്ത്‌ രേഖയാണ്‌ തങ്ങൾ ഹാജരാക്കേണ്ടതെന്ന്‌ പെൻഷൻകാർ ചോദിക്കുന്നു. കോടതിവിധി പ്രകാരം ഉയർന്ന പെൻഷൻ വാങ്ങിയിരുന്നവരുടെ പെൻഷൻ പിടിച്ചത്‌ എന്ത്‌ അടിസ്ഥാനത്തിലാണെന്നും വ്യക്തമല്ല. അവർക്ക്‌ ഇനി ഓപ്ഷൻ നൽകാൻ പറ്റുമോ എന്നുമറിയില്ല. 2014നു മുമ്പ്‌ സർവീസിൽ കയറിയ, വിരമിച്ചവർക്കും ഇപ്പോൾ സർവീസിൽ തുടരുന്നവർക്കും ഹയർഓപ്ഷൻ നൽകാൻ ലിങ്ക്‌ പുറത്തുവിട്ടെങ്കിലും അതിലും ആശയക്കുഴപ്പമാണ്‌. എന്ത്‌, എങ്ങനെ അപ്‌ലോഡ്‌ ചെയ്യണമെന്നതിൽ വ്യക്തതയില്ല. 26 (6) ഫോറം പൂരിപ്പിച്ച്‌ അപ്‌ലോഡ്‌ ചെയ്യണമെന്ന്‌ പറയുന്നുണ്ടെങ്കിലും അങ്ങനെയൊരു ഫോറം സംബന്ധിച്ച്‌ ആർക്കും ധാരണയില്ല. പലരും ഗൂഗിളിൽനിന്ന്‌ കിട്ടുന്ന ഫോറങ്ങൾ പൂരിപ്പിച്ച്‌ അപ്‌ലോഡ്‌ ചെയ്യുകയാണ്‌. അവ അംഗീകരിച്ചില്ലെങ്കിൽ ഉയർന്ന പെൻഷനുള്ള അർഹത ഇല്ലാതാകും. ഇത്തരം ആശയക്കുഴപ്പങ്ങൾ പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്‌.

കണ്ണീർ കുടിപ്പിച്ച്‌ 
ഇപിഎഫ്‌ഒ
2014 സെപ്തംബർ ഒന്നിനുമുമ്പ്‌ വിരമിച്ചവരുടെ പെൻഷൻ മുന്നറിയിപ്പുപോലും നൽകാതെ പിടിച്ചതോടെ ആയിരക്കണക്കിനുപേർ കടുത്ത പ്രതിസന്ധിയിൽ. ശരാശരി 30 വർഷം പെൻഷൻ സ്കീമിലേക്ക്‌ വിഹിതം അടച്ചവരുടെ പെൻഷനാണ്‌ തടഞ്ഞത്‌. കോടതിവിധി പ്രകാരം അർഹമായ പെൻഷൻ വാങ്ങിയതും പിടിച്ചു. ഏതെങ്കിലും കോടതിവിധിയുടെയോ സർക്കാർ ഉത്തരവിന്റെയോ പിൻബലത്തിലല്ല തടയൽ.

പെൻഷൻ പിടിച്ചതോടെ 20,000 രൂപവരെ കിട്ടിയിരുന്നവർക്ക്‌ രണ്ടായിരവും അതിൽ താഴെയുമായി. മരുന്ന്‌ വാങ്ങാൻപോലും തുക തികയുന്നില്ല പലർക്കും.  70ഉം 80ഉം വയസ്സുള്ളവർ കഴിഞ്ഞ 10 വർഷമായി പെൻഷൻ  വാങ്ങുന്നുണ്ടെങ്കിലും അതിന്‌ ആധാരമായ രേഖ കൊണ്ടുവരണമെന്ന വിചിത്രവാദമാണ്‌ ഇപ്പോൾ ഇപിഎഫ്‌ഒ മുന്നോട്ടുവയ്ക്കുന്നത്‌. ഉയർന്ന പെൻഷന്‌ 2014നു മുമ്പ്‌ ഹയർ ഓപ്ഷൻ നൽകാത്തവരുടെ തുകയാണ്‌ പിടിച്ചതെന്ന്‌ പറയുന്ന ഇപിഎഫ്‌ഒ ഹയർ ഓപ്ഷൻ കൊടുക്കുന്നത്‌ സംബന്ധിച്ച്‌ ഒരു മുന്നറിയിപ്പും പരസ്യവും അന്ന്‌ നൽകിയിരുന്നില്ലെന്ന്‌ പെൻഷൻകാർ പറയുന്നു. ആരെയും അറിയിക്കാതെയാണ്‌ ഹയർ ഓപ്ഷൻ നൽകാനുള്ള അവസരം 2014ൽ അവസാനിപ്പിച്ചതും. കേന്ദ്ര തൊഴിൽ മാന്ത്രാലയത്തിന്റെ തീരുമാനവും 2017 മാർച്ച്‌ 23ലെ ഇപിഎഫ്‌ഒ ഉത്തരവിന്റെയും അടിസ്ഥാനത്തിൽ റഗുലറൈസ്‌ ചെയ്ത പെൻഷനാണ്‌ ഇപ്പോൾ തിരിച്ചുപിടിക്കുന്നത്‌.

അവ്യക്തത 
തുടരുന്നു
ഇപിഎഫ്‌ ഹയർ ഓപ്‌ഷനൊപ്പം സമർപ്പിക്കേണ്ട സത്യവാങ്‌മൂലത്തിന്റെ പകർപ്പിൽ അവ്യക്തത തുടരുന്നു. 2014നുശേഷം വിരമിച്ചവർ, വിരമിക്കുന്നതിനുമുമ്പ്‌ ഉയർന്ന നിരക്കിൽ വിഹിതം അടക്കാൻ ഓപ്‌ഷൻ നൽകിയ രേഖയുടെ കാര്യത്തിലാണ്‌ അവ്യക്തത.   

പലരും വിരമിക്കുന്ന സമയം ഈ രേഖ ആവശ്യമില്ലായിരുന്നു. ഉയർന്ന വിഹിതം അടയ്‌ക്കുകയും അതനുസരിച്ച്‌ പിഎഫ്‌ പലിശ ലഭിച്ചതിന്റെ തെളിവും പിഎഫ്‌ ഓഫീസിൽ ഉള്ളപ്പോൾ വീണ്ടും ഈ രേഖ ആവശ്യപ്പെടുന്നതിന്‌ ന്യായീകരണമില്ലെന്നാണ്‌ ഇപിഎഫ്‌ കേരള മേഖലാ ഉപദേശകസമിതി അംഗം എസ്‌ കൃഷ്‌ണമൂർത്തി പറയുന്നത്‌. ആശയക്കുഴപ്പം പരിഹരിച്ചില്ലെങ്കിൽ സംയുക്ത ഓപ്‌ഷൻ പൂരിപ്പിച്ച്‌  തൊഴിലുടമ സാക്ഷ്യപ്പെടുത്തിയതുസഹിതം മെയ്‌ മൂന്നിനകം അപേക്ഷിക്കാനേ കഴിയു. സംശയങ്ങളുമായി പിഎഫ്‌ ഓഫീസിൽ എത്തുന്നവർക്ക്‌ വ്യക്തമായ ഉത്തരം നൽകാൻ അധികൃതർക്ക്‌ ഇപ്പോഴും കഴിയുന്നില്ല.

ആകെ ആശയക്കുഴപ്പമെന്ന്‌  ഇപിഎഫ്‌ ട്രസ്റ്റ്‌ അംഗങ്ങളും
ന്യൂഡൽഹി> ശമ്പളത്തിന്‌ ആനുപാതികമായ ഉയർന്ന പെൻഷന്‌ അവസരമൊരുക്കണമെന്ന സുപ്രീംകോടതി ഉത്തരവ്‌ നടപ്പാക്കുന്നരീതിയിൽ ആശങ്ക പ്രകടിപ്പിച്ച്‌ ഇപിഎഫ്‌ഒ കേന്ദ്ര ട്രസ്റ്റി ബോർഡ്‌ അംഗങ്ങൾ.  ഉത്തരവ്‌ എങ്ങനെ നടപ്പാക്കുമെന്നതിൽ തങ്ങളുമായി ഇതുവരെ കൂടിയാലോചന നടത്തിയിട്ടില്ല. കഴിഞ്ഞയാഴ്ച ചേർന്ന ഇപിഎഫ്‌ഒ കേന്ദ്ര ട്രസ്റ്റി ബോർഡ്‌ യോഗത്തിലാണ്‌ അംഗങ്ങൾ പരാതി ഉന്നയിച്ചത്‌.

ഓൺലൈനായി ഓപ്‌ഷൻ നൽകുമ്പോഴുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സിഐടിയു തൊഴിൽ മന്ത്രാലയത്തിനും ഇപിഎഫ്‌ഒക്കും കത്തുനൽകിയിരുന്നു. ശമ്പളപരിധി കടന്നുള്ള ഉയർന്ന വിഹിതം അടയ്‌ക്കാനുള്ള അനുമതി ലഭിച്ചെന്ന രേഖയും മറ്റും അപ്‌ലോഡ്‌ ചെയ്യണമെന്ന വ്യവസ്ഥ പ്രതിസന്ധിയുണ്ടാക്കുന്നു. പല രേഖകളും വിരമിച്ചവരടക്കം ജീവനക്കാരുടെ കൈയിലില്ല.

ശമ്പളത്തിന്‌ ആനുപാതികമായി വർഷങ്ങളോളം ഉയർന്ന വിഹിതം അടച്ചവരോട്‌ തെളിവ്‌ ചോദിക്കുന്നത്‌ ഉത്തരവ്‌ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന്‌ സിഐടിയു അഖിലേന്ത്യ വൈസ്‌ പ്രസിഡന്റും കേന്ദ്ര ട്രസ്റ്റി ബോർഡ്‌ അംഗവുമായ എ കെ പത്മനാഭൻ പ്രതികരിച്ചു.
ഉയർന്ന ഓപ്‌ഷൻ നൽകുന്നതിൽ വലിയ ആശയക്കുഴപ്പമുണ്ടെന്ന്‌ ബിഎംഎസ്‌ ദേശീയ വൈസ്‌ പ്രസിഡന്റും ട്രസ്റ്റി ബോർഡ്‌ അംഗവുമായ സുൻകരി മല്ലേശവും ചൂണ്ടിക്കാട്ടി. 27നും 28നും നടക്കുന്ന കേന്ദ്ര ട്രസ്റ്റി ബോർഡ്‌ യോഗത്തിൽ അംഗങ്ങൾ പരാതി ഉന്നയിക്കും. ബുധനാഴ്‌ച നടക്കുന്ന പെൻഷൻ സബ്‌ കമ്മിറ്റി യോഗത്തിലും വിഷയം ചർച്ചയാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top