28 March Thursday

ഇപിഎഫ്‌ കേസ്‌ : ഹൈക്കോടതി വിധി
അപ്രായോഗികമെന്ന്‌ ഇപിഎഫ്‌ഒ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022


ന്യൂഡൽഹി
ശമ്പളത്തിന്‌ ആനുപാതികമായ ഉയർന്ന പെൻഷന്‌ വഴിയൊരുക്കിയ കേരള ഹൈക്കോടതി വിധി അപ്രായോഗികവും നിയമപരമായി നിലനിൽക്കാത്തതുമെന്ന്‌ ഇപിഎഫ്‌ഒയുടെ വാദം. 2014ലെ നിയമഭേദഗതി നിയമപരമായി നിലനിൽക്കുമോ ഇല്ലയോ എന്നത്‌ പരിശോധിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ മുമ്പിലെ ഹർജികളിലെ പ്രധാന ആവശ്യം. എന്നാൽ, ഈ ആവശ്യത്തിനുമപ്പുറം  പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതായിരുന്നു 2018ലെ കേരള ഹൈക്കോടതി ഉത്തരവ്‌.

  ജസ്റ്റിസ്‌ യു യു ലളിത്‌ അധ്യക്ഷനായ മൂന്നംഗബെഞ്ചാണ്‌ ഹൈക്കോടതി വിധിക്ക്‌ എതിരായ അപ്പീലുകളിൽ വാദംകേൾക്കുന്നത്‌. ഉയർന്ന പെൻഷൻ വിഹിതം അടയ്‌ക്കാനുള്ള ഓപ്‌ഷൻ തെരഞ്ഞെടുക്കാത്തവർക്കും വിരമിച്ച ജീവനക്കാർക്കും പെൻഷൻ പദ്ധതിയിൽ അംഗമാകാതിരുന്നവർക്കുംവരെ ഉയർന്ന പെൻഷൻ ലഭിക്കാനുള്ള സാഹചര്യമാണ്‌ ഹൈക്കോടതി ഉത്തരവിലൂടെ ഉരുത്തിരിഞ്ഞതെന്ന്‌ ഇപിഎഫ്‌ഒയ്‌ക്കുവേണ്ടി അര്യാമസുന്ദരം വാദിച്ചു. ഉയർന്ന വിഹിതം നൽകാനുള്ള ഓപ്‌ഷൻ തെരഞ്ഞെടുത്ത്‌, ഉയർന്ന വിഹിതം അടയ്‌ക്കുന്നവർക്ക്‌ മാത്രമാണ്‌ ഇപിഎഫ്‌ നിയമഭേദഗതി പ്രകാരം സംരക്ഷണമുള്ളത്‌. എന്നാൽ, ഇതേ ആനുകൂല്യം പഴയ കുടിശ്ശിക മുഴുവൻ ഒന്നിച്ച്‌ അടച്ചവർക്കും നൽകണമെന്ന വാദം അംഗീകരിക്കാനാകില്ല. സമയബന്ധിതമായി വിഹിതം അടച്ചവരെയും വർഷങ്ങൾക്കുശേഷം പഴയ കുടിശ്ശിക മുഴുവൻ ഒന്നിച്ചടച്ച്‌ ഉയർന്ന വിഹിതത്തിനായി അപേക്ഷിക്കുന്നവരെയും രണ്ടായി കാണണമെന്നും അദ്ദേഹം വാദിച്ചു. ഉയർന്ന വിഹിതം അടയ്‌ക്കാനുള്ള ജോയിന്റ്‌ ഓപ്‌ഷൻ തെരഞ്ഞെടുക്കാൻ കട്ട്‌ഓഫ്‌ ഡേറ്റ്‌ ഏർപ്പെടുത്തിയ ഭേദഗതിയിലെ നടപടിയെയും ഇപിഎഫ്‌ഒ ന്യായീകരിച്ചു.

നിയന്ത്രണങ്ങൾ ഇല്ലാതെ കൂടുതൽ വിഹിതം സ്വീകരിച്ച്‌  ഉയർന്ന പെൻഷൻ വാങ്ങാൻ കൂടുതൽ പേരെ അർഹരാക്കിയാൽ പദ്ധതിയുടെ അടിത്തറ തകരും. ഇപിഎഫ്‌ഒ വാദങ്ങൾ ചൊവ്വാഴ്‌ച പൂർത്തിയായി. ബുധനാഴ്‌ച മറ്റ്‌ കക്ഷികളുടെ വാദം തുടരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top