26 April Friday

ഇപിഎഫ്‌ : പെൻഷൻ തുക പിടിച്ചുതുടങ്ങി

സ്വന്തം ലേഖകൻUpdated: Wednesday Feb 1, 2023


തിരുവനന്തപുരം
ഇപിഎഫ്‌ഒ  ഡിസംബർ 25ന്‌ ഇറക്കിയ ഉത്തരവ്‌ പ്രകാരം 2014നു മുമ്പ് വിരമിച്ചവരിൽ കേസിൽക്കൂടി അല്ലാതെ ഹയർ ഓപ്ഷൻ വഴി ഉയർന്ന പെൻഷൻ വാങ്ങിയവരുടെ തുക തിരിച്ചുപിടിച്ചു തുടങ്ങി. കോടതി വിധി വാങ്ങി ഉയർന്ന പെൻഷൻ വാങ്ങിയവരുടെ തുക പിടിച്ചു തുടങ്ങിയിട്ടില്ല. കോടതിയുടെകൂടി അനുമതി തേടിയശേഷം അതും പിടിക്കുമെന്നാണ്‌ അറിയുന്നത്‌. തിരുവനന്തപുരം ഡിവിഷനിൽ 826 പേരുടെ പെൻഷൻ തുകയിൽനിന്ന്‌ അധിക തുക പിടിച്ചു. കോഴിക്കോടും ഏതാനും പെൻഷൻകാരിൽനിന്ന്‌ തുക പിടിക്കാൻ തുടങ്ങി.

എന്നാൽ, കൊച്ചി ഓഫീസിൽനിന്ന്‌ തുക പിടിക്കാൻ തുടങ്ങിയിട്ടില്ല. ഇപിഎഫ്‌ഒയുടെതന്നെ മൂന്ന്‌ റീജണിൽ മൂന്നുവിധത്തിലാണ്‌ നടപടികൾ എന്നാണ്‌ പെൻഷൻകാർ പരാതിപ്പെടുന്നത്‌.

ഓപ്ഷൻ നൽകണം
2014നു മുമ്പ് വിരമിച്ച് ഉയർന്ന പെൻഷൻ ഇപ്പോഴും വാങ്ങിക്കൊണ്ടിരിക്കുന്ന എല്ലാവരും അടിയന്തരമായി ഓൺലൈനിൽ ഓപ്ഷൻ നൽകണമെന്ന്‌ പെൻഷനേഴ്‌സ്‌ സംഘടനകൾ അഭ്യർഥിച്ചു. 2014നു ശേഷം സർവീസിൽ തുടരുന്നവർക്കും മാർച്ച്‌ മൂന്നുവരെയാണ് ഓപ്ഷൻ നൽകാനുള്ള സമയപരിധി. 

പിഎഫ്‌ ഓഫീസുകളിൽനിന്ന്‌ പെൻഷൻകാർക്ക്‌ ആവശ്യമായ വിവരങ്ങളോ അറിയിപ്പുകളോ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്‌.   അധികൃതരുടെ കണ്ണിൽ ചോരയില്ലാത്ത നിലപാടുകൾക്കെതിരെ തിങ്കളാഴ്ച രാവിലെ പത്തിന് പട്ടം പിഎഫ് ഓഫീസിലേക്ക്‌ പെൻഷൻകാർ മാർച്ച്‌ നടത്തും.

പുനഃപരിശോധന ആരംഭിച്ചു
ഉയർന്ന പിഎഫ്‌ പെൻഷൻ നൽകിയവരുടെ അർഹത പുനഃപരിശോധിക്കുന്ന നടപടി എറണാകുളം പിഎഫ്‌ ഓഫീസിൽ ആരംഭിച്ചു. അർഹതയില്ലാത്ത ഉയർന്ന പെൻഷനുകൾ താൽക്കാലികമായി നിർത്തലാക്കുകയും  നിയമാനുസൃത പരിധിയിലേക്ക്‌ പുനഃസ്ഥാപിക്കുകയും ചെയ്യുന്ന നടപടി ഇപിഎഫ്‌ഒ ഹെഡ്‌ ഓഫീസ്‌ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ്‌ പുരോഗമിക്കുന്നത്‌. എറണാകുളം റീജണൽ ഓഫീസിൽമാത്രം ഏഴായിരത്തിലധികം പെൻഷൻകാരുടെ അർഹതയാണ്‌ പുനഃപരിശോധിക്കുന്നത്‌. ഓരോ ഫയലും പുനഃപരിശോധിച്ച്‌ പെൻഷൻകാരെ എസ്‌എംഎസിലൂടെയും തപാലിലൂടെയും അറിയിക്കും.

ഓപ്ഷൻ നൽകാതെ 2014നുമുമ്പ്‌ വിരമിച്ചവർക്കാണ്‌ ആനുകൂല്യം നിഷേധിച്ചിരിക്കുന്നത്‌. പദ്ധതിയിൽ ചേരുന്ന വരുമാനപരിധി 15,000 രൂപയായി നിജപ്പെടുത്തിയിരുന്നു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ്‌ നടപടി പുരോഗമിക്കുന്നത്‌. ഇപിഎഫ്‌ഒയും കേന്ദ്ര സർക്കാരും ചേർന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച പ്രത്യേകാനുമതി ഹർജിയും  ഇവരുടെയും തൊഴിലാളികളുടെയും സിവിൽ അപ്പീലുകളും റിട്ട് അപ്പീലുകളും തീർപ്പാക്കിയാണ് സുപ്രീംകോടതി വിധി പറഞ്ഞത്‌. നിലവിൽ ജോലിയിൽ തുടരുന്ന ഇപിഎഫ്‌ അംഗങ്ങളുടെ കാര്യത്തിൽ ഈയാഴ്‌ച സർക്കുലർ പുറത്തിറക്കാനാണ്‌ കേന്ദ്രസർക്കാർ ആലോചിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top