29 March Friday

മുഖ്യമന്ത്രിയ്‌ക്കെതിരെ അധിക്ഷേപം; കെ സുധാകരനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഇ പി ജയരാജൻ

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

കൊച്ചി> തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. തൃക്കാക്കര മണ്ഡലത്തിൽ വന്ന മുഖ്യമന്ത്രിയെ ആക്ഷേപിച്ച നിലപാട് അപലപനീയമാണ്. ഉപതെരഞ്ഞെടുപ്പിലെ തോൽവി ഭയന്ന് സമനില തെറ്റിയ നിലയിലാണ് കോൺ​ഗ്രസ് നേതാക്കൾ പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ ജനപ്രിയനായകനാണ്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ മുഖ്യമന്ത്രിയ്‌ക്കുമള്ള ആദരവ് വളരെ വളരെ വലുതാണ്. സിപിഐ എമ്മിന്റെ പോളിറ്റ് ബ്യൂറോ മെമ്പറായ അദ്ദേഹം ഇന്ത്യയിലെ ഉന്നതനായ രാഷ്ട്രീയ നേതാവാണ്. സ്വാഭാവികമായും അദ്ദേഹം ജനങ്ങളെ സന്ദർശിക്കും. എന്നാൽ ഇതിനെ ചങ്ങലക്കിട്ട നായയെ പോലെ ഓടി നടക്കുകയാണെന്ന സുധാകരന്റെ പരാമർശം അങ്ങേയറ്റം അപലപനീയമാണ്. സാധാരണ രാഷ്ട്രീയ പ്രവർത്തകൻ പോലും ഉപയോ​ഗിക്കാൻ പറ്റാത്ത വാക്കുകളും നടപടിയുമാണ് കെപിസിസി പ്രസിഡന്റ് നടത്തിയത്. 

തൃക്കാക്കരയിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാനുള്ള ഭാ​ഗമായുള്ള നടപടിയാണിത്. സുധാകരനെതിരെ എഐസിസി നടപടി സ്വീകരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയമായി വിമർശിക്കാം, എന്നാൽ എന്തുപറയാം എന്ന നിലപാടിലേക്ക് കെപിസിസി പ്രസിഡന്റ് എത്തി. ഇതാണ് കോൺഗ്രസ് എന്ന് ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top