26 April Friday

കൊലപാതകത്തെ ന്യായീകരിച്ച കെ സുധാകരനെതിരെ കേസെടുക്കണം: ഇ പി ജയരാജന്‍

വെബ് ഡെസ്‌ക്‌Updated: Thursday Jan 13, 2022

കണ്ണൂര്‍> ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തെ ന്യായീകരിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍. 'കോണ്‍ഗ്രസ് ക്രൂരതയ്ക്ക് മാപ്പില്ല' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്ഐ നടത്തിയ ജനകീയകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കമാണ് ധീരജിന്റെ കൊലപാതകം. പൈനാവ് ഗവ. എന്‍ജിനീയറിങ്ങ് കോളേജില്‍ സംഘര്‍ഷം ഉണ്ടായിട്ടില്ലെന്ന് പ്രിന്‍സിപ്പാള്‍ തന്നെ വ്യക്തമാക്കിയതാണ്. കെഎസ്യുവിന് മത്സരിക്കാന്‍ ആളില്ലാത്തതിന് എസ്എഫ്ഐ എന്ത് പിഴച്ചു. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം ഒരാഴ്ച മുമ്പ് തന്നെ കോളേജ് പരിസരം നിരന്തരം നിരീക്ഷിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് തെരഞ്ഞെടുപ്പ് ദിവസം അക്രമം നടത്തിയത്.

ഇടനെഞ്ചില്‍ കത്തിയിറക്കാന്‍ നന്നായി പരിശീലനം ലഭിച്ചയാളാണ് കുത്തിയത്. രണ്ടുപേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. നെഞ്ചില്‍ കുത്താന്‍ പരിശീലനം ലഭിച്ചവരെയാണ് കോണ്‍ഗ്രസ് ഭാരവാഹികളായി തെരഞ്ഞെടുക്കുന്നത്. ജനസേവനവും രാഷ്ട്രീയവുമൊന്നുമല്ല ഇപ്പോള്‍ യോഗ്യതയായി കണക്കാക്കുന്നത്. ധീരജിന്റെ സംസ്‌കാരം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് ആസൂത്രിതമായി നടന്ന കൊലപാതകത്തെ ന്യായീകരിച്ച് കെപിസിസി പ്രസിഡന്റ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയത്.

ധീരജ് ക്രിമിനല്‍ രാഷ്ട്രീയ ഭീകരതയുടെ ഇരയാണ്. ഈ കൊലപാതകത്തിനുശേഷവും ഇത് അവസാനിക്കാന്‍ പോകുന്നില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണത്തില്‍ നിന്നും മനസിലാകുന്നത്. കത്തിയും കഠാരയുമായി സ്ഥിരമായി നടക്കുന്നവര്‍ കൂട്ടത്തിലുള്ളവരെയും കൊന്ന് മറ്റുള്ളവരുടെ തലയില്‍ പഴിചാരുകയും ചെയ്യും. നേരത്തെയും ഇങ്ങിനെ കേരളത്തില്‍ അനുഭവമുള്ളതാണ്. ഇത്തരം ഭീകതയ്ക്കെതിരെ സമൂഹം ഒന്നടങ്കം പ്രതിരോധിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top