16 April Tuesday

അക്രമസമരം ചെറുക്കാൻ ജനമിറങ്ങും ; എല്ലാ ജില്ലയിലും എൽഡിഎഫ്‌ ബഹുജന റാലി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 14, 2022


തിരുവനന്തപുരം
യുഡിഎഫിന്റെ അക്രമപ്രവർത്തനങ്ങളെ ജനങ്ങളെ അണിനിരത്തി നേരിടാൻ‌ എൽഡിഎഫ്‌ സംസ്ഥാന കമ്മിറ്റി  തീരുമാനിച്ചു. മുഖ്യമന്ത്രിക്കെതിരെ ആസൂത്രിത ആക്രമണമാണ്‌ കഴിഞ്ഞ ദിവസം വിമാനത്തിൽ അരങ്ങേറിയത്‌.  വിമാനത്തിൽ കടന്നുകയറിയ മൂന്നുപേരിൽ ഒരാൾ രണ്ട്‌ വധശ്രമ കേസുൾപ്പെടെ 18 കേസിൽ പ്രതിയാണ്‌. മറ്റു രണ്ടു പേരും വിവിധ കേസുകളിൽ പ്രതികളാണ്‌. കോൺഗ്രസ്‌ നേതൃത്വം അറിഞ്ഞാണ്‌‌ ക്രിമിനൽ പശ്ചാത്തലമുള്ളവരെത്തന്നെ‌ മുഖ്യമന്ത്രിയെ ആക്രമിക്കാൻ വിമാനത്തിൽ കയറ്റിവിട്ടത്‌.

ഇന്ത്യയുടെ രാഷ്‌ട്രീയ ചരിത്രത്തിലില്ലാത്ത ഭീകര സംഭവമാണിത്‌. അതിനാൽ, ഇത്തരം ഭീകരപ്രവർത്തനങ്ങൾക്കെതിരെ ജനങ്ങളെയാകെ അണിനിരത്താൻ എൽഡിഎഫ്‌ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി കൺവീനർ ഇ പി ജയരാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്തെ രാഷ്‌ട്രീയാന്തരീക്ഷം കലുഷിതമാക്കാൻ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു. 20 തവണയിലേറെ സ്വർണക്കടത്ത്‌ നടത്തിയ, ജാമ്യംകിട്ടി ജയിലിൽനിന്ന്‌ പുറത്തുവന്ന സ്‌ത്രീയെ മുന്നിൽനിർത്തിയാണ്‌ യുഡിഎഫും ബിജെപിയും മുഖ്യമന്ത്രിയെയും അതുവഴി സർക്കാരിനെയും ജനങ്ങളെയും അപമാനിക്കാൻ ശ്രമിക്കുന്നത്‌.

നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ അവജ്ഞയോടെ തള്ളിയ ആരോപണങ്ങളാണ്‌ വീണ്ടും ഉന്നയിക്കുന്നത്‌‌. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്‌ വിജയത്തിന്റെ അഹങ്കാരവും ധാർഷ്ട്യവുമാണ്‌ ഇതിന്‌ പ്രേരണ. അവിടെ രൂപപ്പെട്ട കോൺഗ്രസും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ആർഎസ്‌എസും ‌ചേരുന്ന പുതിയ കൂട്ടുകെട്ടാണ്‌  ചൂട്ടുപിടിക്കുന്നത്‌. എൽഡിഎഫ്‌  തുടർഭരണത്തിൽ  സംസ്ഥാനത്ത്‌ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാവുകയാണ്‌.  ഇതിനെയെല്ലാം അലങ്കോലപ്പെടുത്താനാണ്‌ ശ്രമം.

വർഗീയ, ഫാസിസ്റ്റ്‌, ഭീകര ‌ശക്തികൾ ചേർന്ന്‌ നടത്തുന്ന അക്രമങ്ങളെ   തുറന്നുകാട്ടി, വികസന പ്രവർത്തനങ്ങളെ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനും സമാധാന ജീവിതം ഉറപ്പാക്കാനും ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കാൻ സർക്കാരിനോട്‌ എൽഡിഎഫ്‌ അഭ്യർഥിച്ചു.

യുഡിഎഫിന്റെ അക്രമ രാഷ്‌ട്രീയം ജനങ്ങൾക്കുമുന്നിൽ തുറന്നുകാട്ടാൻ എല്ലാ ജില്ലയിലും എൽഡിഎഫ്‌ നേതൃത്വത്തിൽ വിപുലമായ ബഹുജന റാലി സംഘടിപ്പിക്കും. 21 മുതൽ ആരംഭിക്കുന്ന റാലികളിൽ കോൺഗ്രസ്‌ നേതൃത്വം നൽകുന്ന മാഫിയ, ക്വട്ടേഷൻ, ഭീകര പ്രവർത്തനങ്ങളെ തുറന്നുകാട്ടും.  

തിരുവനന്തപുരം  (21ന്), കൊല്ലം, എറണാകുളം(22),കോഴിക്കോട്‌ , കാസർകോട്‌(23),കോട്ടയം, കണ്ണൂർ  (28), പത്തനംതിട്ട, വയനാട്‌(29),  ആലപ്പുഴ, ഇടുക്കി (30), പാലക്കാട്‌ (ജൂലൈ  രണ്ട്),  തൃശൂർ, മലപ്പുറം  (ജൂലൈ മൂന്നിന്‌) എന്നിങ്ങനെയാകും റാലി. ജില്ലാ റാലികൾക്കുശേഷം മണ്ഡലാടിസ്ഥാനത്തിലടക്കം പ്രാദേശികമായി വിപുലമായ മറ്റ്‌ പ്രചാരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്നും ഇ  പി പറഞ്ഞു. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top