29 March Friday

സംരംഭക വർഷം: അനുമതി നൽകാൻ ലൈസൻസ് മേള; വകുപ്പുകളുടെ ഏകോപനത്തിന് കോർ കമ്മിറ്റി

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

തിരുവനന്തപുരം > വരുന്ന സാമ്പത്തിക വർഷം സംരംഭക വർഷമായി ആചരിക്കാനും ഒരു ലക്ഷം സംരംഭങ്ങൾ പുതുതായി ആരംഭിക്കാനുമുള്ള തീരുമാനത്തിന്റെ ഭാഗമായി തദ്ദേശ സ്ഥാപനതലത്തിൽ ലൈസൻസ് മേളകൾ സംഘടിപ്പിക്കും. പുതുതായി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് ആവശ്യമുള്ള അനുമതികൾ തത്സമയം ലഭ്യമാക്കുന്നതിനാണ് ലൈസൻസ് മേള സംഘടിപ്പിക്കുന്നത്. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിന് മുതിർന്ന ഉദ്യോഗസ്ഥരടങ്ങിയ കോർ കമ്മിറ്റിയും രൂപീകരിക്കും. കൃഷി, ഫിഷറീസ്, ടൂറിസം, കന്നുകാലി വളർത്തൽ തുടങ്ങി വിവിധ മേഖലകളിൽ പുതിയ സംരംഭങ്ങൾക്ക് അവസരമൊരുക്കാൻ വ്യവസായ, കൃഷി, ടൂറിസം, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുമന്ത്രിമാരുടെ നേതൃത്വത്തൽ നടന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.

ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള എല്ലാ ഏജൻസികളും സംരംഭക വർഷത്തിന്റെ ഭാഗമാകുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മികച്ച വിപണന പദ്ധതി തയ്യാറാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടൂറിസം വകുപ്പു നടപ്പാക്കിയ കാരവാൻ ടൂറിസം പദ്ധതിയുടെ തുടർച്ചയായി പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ വ്യവസായ വകുപ്പുമായി ചേർന്ന് പദ്ധതി തയ്യാറാക്കുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനോടകം ഇരുന്നൂറിലധികം കാരവാനുകൾ രജിസ്റ്റർ ചെയ്‌തു.
 
മൃഗ സംരക്ഷണ - ക്ഷീര വികസന മേഖലയിൽ പുതിയ സംരംഭങ്ങൾക്ക് അവസരമൊരുക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ആട് വളർത്തലും പന്നി വളർത്തലുമടക്കമുള്ള മേഖലയിൽ നിലവിലുള്ള നിയമങ്ങൾ  പരിഷ്‌കരിച്ച് സംരംഭകർക്കനുകൂലമായ മാറ്റങ്ങൾ കൊണ്ടുവരും.  ഒരു ലക്ഷം സംരംഭങ്ങളിൽ വലിയൊരു പങ്ക് ഈ മേഖലയിൽ സൃഷ്‌ടിക്കാൻ സാധിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മുട്ട, മാംസം ഉൽപ്പാദനത്തിൽ  പിറകിലായ കേരളത്തിന്  വലിയ സാധ്യതകളുണ്ടെന്നും ഇത് ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
 
മൂല്യവർധിത കാർഷിക  ഉൽപന്ന മേഖലയിൽ  പുതിയ സംരംഭങ്ങൾക്ക് വലിയ സാധ്യതകൾ ഉണ്ടെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു.  ജൈവ വിളകൾക്കുള്ള വിപണിയുടെ സാധ്യതയും ഉപയോഗിക്കണം.  വിളവിറക്കുന്ന സമയത്ത് കർഷകർക്ക് വായ്‌പ ലഭിക്കുന്ന സാഹചര്യം ഉറപ്പാക്കാൻ കൂട്ടായ ഇടപെടൽ നടത്തും.   
 
സംരംഭക വർഷം പദ്ധതിയുടെ ഏകോപനത്തിനായി സംസ്ഥാന തലം മുതൽ പ്രാദേശിക തലം വരെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അടങ്ങിയ കോർ കമ്മിറ്റി രൂപീകരിക്കാൻ യോഗം തീരുമാനിച്ചു. പുതിയ സംരംഭങ്ങളെ വിപണനത്തിൽ സഹായിക്കാൻ ഇ-കോമേഴ്‌സ് പോർട്ടൽ തയ്യാറാക്കും. കേരള ബ്രാന്റിൽ വിപണനം ചെയ്യാൻ യോഗ്യതയുള്ള ഉൽപന്നങ്ങൾക്ക് പ്രത്യേക ലൈസൻസ് നൽകും. വ്യവസായ പുരോഗതിയെ അടിസ്ഥാനമാക്കി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക്  അവാർഡ് നൽകുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ്, സഹകരണ വകുപ്പ് മന്ത്രിമാരുടെ യോഗം നേരത്തെ വിളിച്ചുചേർത്തിരുന്നു.  തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരുടെയും സഹകരണ ബാങ്ക് പ്രസിഡൻ്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗവും ചേർന്നു.  വ്യവസായികളുമായും തൊഴിലാളി സംഘടനാ പ്രതിനിധികളുമായും പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യുകയും ചെ‌യ്‌തിരുന്നു. മന്ത്രിമാർക്ക് പുറമേ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top