21 March Tuesday
സംരംഭക മഹാസംഗമം

കെ സ്വിഫ്റ്റ് മുതൽ 
ആമസോൺവരെ ; 10,000 സംരംഭകര്‍
 ഇന്ന്‌ ഒത്തുചേരുന്നു

പ്രത്യേക ലേഖകൻUpdated: Saturday Jan 21, 2023

എറണാകുളം കലൂർ സ്റ്റേഡിയത്തിൽ സംരംഭക മഹാസംഗമത്തിനായി ഒരുങ്ങുന്ന കൂറ്റൻ വേദിയിലെ ഒരുക്കങ്ങൾ വിലയിരുത്തുന്ന വ്യവസായമന്ത്രി പി രാജീവ്


കൊച്ചി
കേരളചരിത്രത്തിലെ ഏറ്റവും വലിയ സംരംഭകസംഗമം ശനിയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ ഉദ്‌ഘാടനം ചെയ്യും.  ഒരുവർഷത്തിനകം ഒരുലക്ഷം സംരംഭം എന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതി എട്ടുമാസത്തിനുള്ളിൽ ലക്ഷ്യം കൈവരിച്ചതിന്റെ ഭാഗമായി വ്യവസായവകുപ്പ്‌ സംഘടിപ്പിക്കുന്ന സംഗമത്തിൽ പതിനായിരത്തോളം സംരംഭകർ പങ്കെടുക്കും.

പകൽ 11ന് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം മൈതാനത്ത്‌ നടക്കുന്ന സംഗമത്തിൽ വ്യവസായമന്ത്രി പി രാജീവ്‌ അധ്യക്ഷനാകും. സ്‌കെയിൽ അപ്പ് പദ്ധതിയുടെ സർവേ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കൈപ്പുസ്തകം പ്രകാശിപ്പിക്കൽ റവന്യുമന്ത്രി കെ രാജനും കുടുംബശ്രീയുടെ ഓക്‌സിലറി ഗ്രൂപ്പുകളുടെ ശക്തിപ്പെടുത്തൽ പരിപാടി പ്രഖ്യാപനം തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷും വിജയമാതൃകകളുടെ ഫിലിം ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി ഡി സതീശനും നിർവഹിക്കും. 

കേരളത്തിലെ സംരംഭകസൗഹൃദാന്തരീക്ഷത്തെക്കുറിച്ച്‌ ചർച്ചയും സംരംഭക അഭിപ്രായരൂപീകരണവും നടക്കുന്ന സംഗമത്തിൽ ചെറുകിട, ഇടത്തരം, സൂക്ഷ്‌മ വ്യവസായസംരംഭകരെ സഹായിക്കുന്നതിന്‌ എംഎസ്‌എംഇ ക്ലിനിക്കും പ്രവർത്തിക്കും. വ്യവസായവകുപ്പിന്റെ തീം പവിലിയനും നൂറോളം സ്റ്റാളുകളും സജ്ജമായി. ബാങ്കുകൾ, -കേന്ദ്ര–-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, സാങ്കേതികവിദ്യാ സ്ഥാപനങ്ങൾ എന്നിവയുടെ സ്റ്റാളുകളിൽ സംരംഭകർക്ക് വിവിധ സേവനങ്ങൾ ഓൺലൈനായി ലഭ്യമാകും.


 


കെ–സ്വിഫ്റ്റ് മുതൽ 
ആമസോൺവരെ , തീം പവിലിയനും 75 സ്‌റ്റാളുകളും

നവസംരംഭങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള വ്യവസായ വാണിജ്യവകുപ്പിന്റെ തീം പവിലിയൻ സംരംഭകസംഗമത്തിന്റെ പ്രധാന സവിശേഷതയാണ്‌. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മുപ്പതിലധികം സ്ഥാപനങ്ങൾ പ്രദർശനത്തിൽ പങ്കെടുക്കും. സംരംഭകർക്ക് മികച്ച പിന്തുണ ഉറപ്പാക്കുന്നതിനും സഹായസേവനങ്ങൾ ഒരുക്കാനുമായി എഴുപത്തഞ്ചോളം സർക്കാർ–-സർക്കാരിതര സ്റ്റാളുകളും സജ്ജമാക്കിയിട്ടുണ്ട്.

സംരംഭങ്ങൾ ആരംഭിക്കുന്നതിനുവേണ്ട നടപടികൾക്കായി ഉദ്യം രജിസ്ട്രേഷൻ, സർക്കാർ ഇ മാർക്കറ്റ് പോർട്ടലുകളായ ജെം രജിസ്ട്രേഷൻ, കേരള ഇ മാർക്കറ്റ് പോർട്ടൽ, വ്യവസായവകുപ്പിന്റെ സംരംഭകപിന്തുണ ലഭ്യമാക്കുന്ന കെ സ്വിഫ്റ്റ്, ഭക്ഷ്യസംസ്കരണ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുന്ന പിഎം എഫ്എംഇ എന്നിവയുടെ സ്റ്റാളുകൾക്കൊപ്പം ഒഎൻഡിസി, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങി ഇ കൊമേഴ്സ് രംഗത്തെ അതികായകരുടെ സ്റ്റാളുകളും ഉണ്ടാകും.

വഴി തെളിച്ച്‌ ഇന്റേണുകൾ
സംരംഭകരെ കണ്ടെത്തുക, പ്രതിസന്ധികൾ തരണംചെയ്യാൻ അവർക്കൊപ്പം സഞ്ചരിക്കുക... ഇവയൊക്കെ ജീവിതത്തിലെ വ്യത്യസ്‌ത അനുഭവമായിരുന്നെന്ന്‌ സംരംഭകരെ സഹായിക്കാൻ വ്യവസായവകുപ്പ്‌ നിയോഗിച്ച ഇന്റേൺമാരിൽ ഒരാളായ ഫ്ലോറൻസ്‌ ക്രിസ്‌റ്റബൽ പറയുന്നു. ഒരുലക്ഷം സംരംഭകർ എന്ന സർക്കാർലക്ഷ്യം സാക്ഷാൽക്കരിക്കാൻ ഏലൂർ മുനിസിപ്പാലിറ്റി ഹെൽപ്പ്‌ ഡെസ്‌കിൽ പ്രവർത്തിക്കുന്ന ഇന്റേണാണ്‌ ഫ്ലോറൻസ്‌ ക്രിസ്‌റ്റബൽ. ‘വ്യവസായവകുപ്പിൽ ഇന്റേണുകളെ ക്ഷണിച്ചപ്പോഴും പരീക്ഷ എഴുതിയപ്പോഴും ചെയ്യേണ്ട ജോലിയെക്കുറിച്ച്‌ വ്യക്തതയുണ്ടായിരുന്നില്ല. മുനിസിപ്പാലിറ്റിയിൽ ആരംഭിച്ച ഹെൽപ്പ്‌ ഡെസ്‌കിൽ ആദ്യം സമീപിച്ചത്‌ കുടുംബശ്രീ പ്രവർത്തകരായിരുന്നു.

പലരുടെയും ബിസിനസ്‌ സ്വപ്‌നങ്ങൾക്ക്‌ ഒരു രൂപവും ഉണ്ടായിരുന്നില്ല. അവരോട്‌ സംസാരിച്ച്‌ എല്ലാത്തിനും ഒരു നിയതരൂപമുണ്ടാക്കി പദ്ധതിരേഖയാക്കി വായ്‌പയ്‌ക്കായി ബാങ്കുകളെ സമീപിച്ച്‌ പ്രാവർത്തികമായി വരുമ്പോൾ അവർക്കൊപ്പം സംതൃപ്‌തി തോന്നി’– ഫ്ലോറൻസ്‌ പറഞ്ഞു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അകമഴിഞ്ഞ പിന്തുണ എല്ലാ കാര്യത്തിലും ലഭിച്ചിരുന്നതും ഇന്റേണുകൾ എടുത്തുപറഞ്ഞു.

സഹായിക്കാൻ 
എംഎസ്‌എംഇ ക്ലിനിക്‌
ചെറുകിട, -ഇടത്തരം, സൂക്ഷ്മ വ്യവസായസംരംഭകരെ സഹായിക്കുന്നതിനുള്ള എംഎസ്എംഇ ക്ലിനിക് സംരംഭക മഹാസംഗമത്തിൽ പ്രധാന ആകർഷണങ്ങളിലൊന്നാകും. സംരംഭം തുടങ്ങുന്നതിനും നിലവിലുള്ളവ വികസിപ്പിക്കുന്നതിനും വേണ്ട എല്ലാ കാര്യങ്ങളും ഒരു കുടക്കീഴിൽ ഒരുക്കുകയാണ് ഇവിടെ. സംരംഭങ്ങൾക്ക് ചരക്ക് സേവന നികുതി, വ്യവസായ അനുമതി, നിക്ഷേപ -ധനസഹായം തുടങ്ങിയ സേവനങ്ങൾ എംഎസ്എംഇ ക്ലിനിക്കിൽ ലഭ്യമാകും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top