കോട്ടയം > നൂതന ആശയങ്ങൾകൊണ്ട് സ്വപ്നത്തിന്റെ ചിറകുവിരിച്ച് പറക്കുകയാണ് പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജിനിയറിങ് കോളേജിലെ ഒരുകൂട്ടം വിദ്യാർഥികൾ. കുട്ടികളുടെ ആശയങ്ങളെ യാഥാർഥ്യമാക്കാനുള്ള പദ്ധതിയുമായി കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ "യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിലാണ്’ കോളേജിലെ വിദ്യാർഥികളുടെ മൂന്ന് നൂതന ആശയങ്ങൾക്ക് സംസ്ഥാന അവാർഡ് ലഭിച്ചത്. വേറിട്ട ചിന്തകൾ വിദ്യാർഥികളിൽനിന്ന് കണ്ടെത്തി പിന്തുണയൊരുക്കി സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാനുള്ള പ്രയത്നമാണ് " യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിലൂടെ’ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.
റബർട്രീ സ്‌കേർട്ടിങ് സിസ്റ്റം
വിലയിടിവുകൊണ്ടും തൊഴിലാളികളുടെ അഭാവംമൂലവും ദുരിതമനുഭവിക്കുന്ന റബർമേഖലയിൽ വഴിത്തിരിവാകുന്ന സാങ്കേതികവിദ്യയാണ് റബർട്രീ സ്‌കേർട്ടിങ് സിസ്റ്റം. മഴക്കാലം ആരംഭിക്കുന്നതോടെ റബർമരങ്ങളിൽ പ്ലാസ്റ്റിക് ഒട്ടിക്കാറുണ്ട്. ഇതിനായി തൊഴിലാളികൾതന്നെയാണ് പശയുംതേക്കുന്നത്. ഇത് പൂർണമായും മെഷീൻ ഉപയോഗിച്ച് നടത്തുന്നതാണ് റബർട്രീ സ്‌കേർട്ടിങ് സിസ്റ്റം. സാധാരണ ഒരുകിലോ പശ പരമാവധി 20 മുതൽ 30 മരങ്ങളിലെ തൊഴിലാളികൾക്ക് ഒട്ടിക്കാനാകൂ. എന്നാൽ മെഷീൻ ഉപയോഗിച്ച് 50 മരങ്ങളിൽവരെ പശതേക്കാനാകും. മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിലെ പ്രൊഫ. ജോസ് ടോം തറപ്പേലിന്റെ നേതൃത്വത്തിലുള്ള പ്രൊജക്‌ട് വിദ്യാർഥികളായിരുന്ന മാനുവൽ കെ സോജൻ, അമൽ ജോസഫ്, ആശിഷ് മാത്യു, നോയൽ സിബി എന്നിവരാണ് ഈ സാങ്കേതികവിദ്യ രൂപകല്‌പന ചെയ്‌തത്.
ഓട്ടോമാറ്റിക് ഹൈഡ്രോപോണിക്സ് സിസ്റ്റം
മണ്ണിലല്ലാതെ, ആവശ്യമായ പോഷകങ്ങളടങ്ങിയ ജലത്തിൽ സസ്യങ്ങളെ വളർത്തുന്നതും കൃഷി നടത്തുന്നതുമായ രീതിയാണ് ഹൈഡ്രോപോണിക്സ്. പൂർണമായും വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തുന്ന ആശയമാണ് ഓട്ടോമാറ്റിക് ഹൈഡ്രോപോണിക്സ് സിസ്റ്റം. മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിലെ പ്രൊഫ. സച്ചിൻ ജോസിന്റെ നേതൃത്വത്തിൽ ഗോഡ്‍ലി ടിജി, ഷാരോൺ ജോസ് എന്നീ വിദ്യാർഥികളാണ് ഈ ആശയത്തിലൂടെ നേട്ടം കൈവരിച്ചത്.
കൃഷി വളരുന്നതിനാവശ്യമായതെല്ലാം നമ്മൾ വെള്ളത്തിൽചേർത്ത് നൽകുകയാണ് പതിവ്. എന്നാൽ ഇത് പൂർണമായും ഓട്ടോമാറ്റിക് ഹൈഡ്രോപോണിക്സ് സിസ്റ്റത്തിന്റെ സഹായത്തോടെ പ്രവർത്തിക്കും. കൃത്യമായ സമയത്ത് കൃഷിക്ക് ആവശ്യമായതെല്ലാം ഇതിലൂടെ ലഭിക്കുന്നതിനാൽ കൂടുതൽ ആദായം ലഭിക്കുമെന്നും ഇവർ അവകാശപ്പെടുന്നു.
ബോർവെൽ റെസ്‌ക്യൂ റോബോട്ട്
കുഴൽക്കിണറിൽ വീഴുന്ന കുട്ടികളെ രക്ഷിക്കുന്നതിനായി വിദ്യാർഥികൾ അവതരിപ്പിച്ച ആശയമാണ് ബോർവെൽ റെസ്‌ക്യൂ റോബോട്ട്. റോബോട്ടിക് കൈകളുള്ള യന്ത്രം ഇലക്‌ട്രോണിക് കയറിന്റെ സഹായത്തോടെ കുഴലിലൂടെ ഇറക്കി അകപ്പെട്ടിരിക്കുന്ന കുട്ടികളെ രക്ഷിക്കുന്ന ആശയമാണിത്. ഇത് പുറത്തുനിന്നും നിയന്ത്രിക്കാനാകും. കുഴിയിൽ അകപ്പെട്ടിരിക്കുന്ന കുട്ടിയെ രക്ഷപെടുത്തുമ്പോൾ പരിക്ക് ഉണ്ടാകാതിരിക്കാൻ റോബോട്ടിക് കൈകളിൽ പ്രത്യേക നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. മെക്കാനിക്കൽ, ഇലക്ട്രോണിക്‌സ് എൻജിനിയറിങ് വിഭാഗത്തിലെ ഡോ. എസ് മധുകുമാർ, പ്രൊഫ. ടോം സഖറിയാ എന്നിവരുടെ നേതൃത്വത്തിൽ പ്രിൻസ്, വിജയ്, അമൽ, ജുബിൻ എന്നീ വിദ്യാർഥികളാണ് ആശയം അവതരിപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..