26 April Friday

തൃശൂരിലും കാണാം
 ഇ എം എസിന്റെ ചരിത്രവഴികൾ

സി എ പ്രേമചന്ദ്രൻUpdated: Monday Aug 8, 2022

തൃശൂർ പട്ടാളം റോഡിൽ ഒരുക്കുന്ന ഇ എം എസ്‌ ഓപ്പൺ തിയറ്ററിന്റെ മതിലിൽ പതിച്ച ഇ എം എസ്‌ ജീവിതവഴിശിൽപ്ങ്ങൾ

തൃശൂർ > യുഗപ്രഭാവനായ ഇ എം എസിന്റെ  ചരിത്ര ജീവിത വഴികൾ  ഇനി  തൃശൂരിലും കാണാം. ഏലംകുളം മനയിലെ ജനനവും സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്കുള്ള പടിയിറക്കവും  ജയിൽവാസമുൾപ്പെടെ  രാഷ്‌ട്രീയ ജീവിത മുഹൂർത്തങ്ങളുമെല്ലാം  ശിൽപ്പങ്ങളായി പിറന്നു. അതെ തൃശൂരിൽ  ഇ എം എസ് ഓപ്പൺ എയർ തിയറ്റർ  ഒരുങ്ങുകയാണ്‌. കോർപറേഷൻ  എൽഡിഎഫ്‌ ഭരണസമിതിയാണ്‌ ചരിത്രം അടയാളപ്പെടുത്തുന്നത്.

തൃശൂർ പട്ടാളം റോഡിൽ ടൈൽവിരിച്ച  മൈതാനിയിൽ ഇരിപ്പിടങ്ങളും സ്‌റ്റേജും നടപ്പാതകളും നിർമാണം പൂർത്തിയായി. സെൽഫി പോയിന്റും   കൊച്ചുപാർക്ക്‌ നിർമാണവും  അവസാനഘട്ടത്തിലാണ്‌.  സ്‌റ്റേജിനോട്‌ ചേർന്ന്‌  ഇ എം എസ്‌  വെങ്കല ശിൽപ്പം ഒരുക്കിയിട്ടുണ്ട്‌.  ഇ എം എസ് ഇരുന്ന് സംവദിക്കുന്ന രൂപത്തിലുള്ള ശിൽപ്പം ശിൽപ്പി പ്രേംജിയാണ് ഒരുക്കിയത്. മുൻഭാഗത്തുള്ള  മതിൽക്കെട്ടിലാണ്‌ ഇ എം എസിന്റെ  ജീവിതമുഹൂർത്തങ്ങളുടെ ശിൽപ്പങ്ങൾ അടിക്കുറിപ്പോടെ പതിച്ചിട്ടുള്ളത്‌. ഇതിൽ പ്രത്യേകം വിളക്കുകൾ സ്ഥാപിക്കും.
 
യോഗക്ഷേമ സഭ സെക്രട്ടറിയിൽനിന്ന്‌  കെപിസിസി  സെക്രട്ടറിയായതും കമ്യൂണിസ്‌റ്റ്‌ പാർടി ജനറൽ സെക്രട്ടറിയായ ചരിത്രവും  ശിൽപ്പങ്ങളിൽ  കുറിച്ചിരിക്കുന്നു.  ശ്രീനാരായണഗുരുവും കുമാരനാശാനും ഉൾപ്പെടെയുള്ള പൂർവസൂരികളും തിളങ്ങുന്നു. അടുക്കളയിൽനിന്ന്‌ അരങ്ങത്തേക്ക്‌ എന്ന ശിൽപ്പത്തിൽ വി ടിയും എം ആർ ബിയും പ്രേംജിയുമെല്ലാമുണ്ട്‌. ഇ എം എസും ജയിൽവാസവും എന്ന ശിൽപ്പത്തിൽ  എ കെ ജിയും കൃഷ്‌ണപിള്ളയുമെല്ലാമുണ്ട്‌. ഒളിവു ജീവിതത്തിൽ പൊക്കന്റെ കുടിലും  കാണാം. സ്വാതന്ത്ര്യസമരവും ഗാന്ധിസ്‌മരണയും തുടിക്കുന്നുണ്ട്‌. ഇ എം എസ്‌ കലാലോകത്തിൽ തോപ്പിൽ ഭാസിയും തകഴിയും  ജോസഫ്‌ മുണ്ടശ്ശേരിയും അഴീക്കോടുമെല്ലാമുണ്ട്‌.
 
പ്രഥമ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്യൽ,   ഇ എം എസും കുട്ട്യോളും, ഇ എം എസും ഭാര്യ ആര്യ അന്തർജനവും തുടങ്ങി ശിൽപ്പങ്ങളുടെയും നിരയുണ്ട്‌. ഓപ്പൺ തിയറ്റർ ഉടൻ നാടിന്‌ സമർപ്പിക്കുമെന്ന്‌ മേയർ എം കെ വർഗീസ്‌ അറിയിച്ചു.  തൃശൂരിന്‌ സാംസ്കാരിക തിലകക്കുറിയായി തിയറ്റർ മാറുമെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top