26 April Friday

നാടിന്റെ ദിശാബോധം വ്യക്തമാക്കി ഇഎംഎസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

സ്വതന്ത്ര ഇന്ത്യയുടെ ഭാവിയെക്കുറിച്ച്‌ കമ്യൂണിസ്റ്റ്‌ പാർടിക്ക്‌ കൃത്യമായ വീക്ഷണമുണ്ടായിരുന്നു. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ കിരാത ഭരണത്തിനു കീഴിലെ അടിമസമാന ജീവിതത്തിൽനിന്ന്‌ മുക്തി നേടുന്നതിനൊപ്പം ജനങ്ങളുടെ അഭിവൃദ്ധിക്കായുള്ള പ്രവർത്തനങ്ങളും പദ്ധതികളും ആവശ്യമാണെന്നും പാർടി ചൂണ്ടിക്കാട്ടി. ഇ എം എസ്‌ ദേശാഭിമാനിയിൽ ‘ആഗസ്‌ത്‌ 15ഉം അതിനുശേഷവും’ എന്നപേരിൽ ലേഖനമെഴുതി. ആറു ദിവസമായി പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ആദ്യഭാഗം 1947 ആഗസ്‌ത്‌ 17നു പ്രസിദ്ധീകരിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തെക്കുറിച്ചും അതിന്റെ തയ്യാറെടുപ്പും വിവരിച്ചാണ് ‘ആഗസ്‌ത്‌ 15 ഒരു നാഴികക്കല്ല്‌, നാഴികക്കല്ലു മാത്രം’ എന്ന ലേഖനം ആരംഭിക്കുന്നത്‌. കോൺഗ്രസ്‌ സ്വാതന്ത്ര്യദിനാഘോഷം തങ്ങളുടേതു മാത്രമാക്കി മാറ്റാൻ നടത്തിയ ശ്രമം ഇ എം എസ്‌ തുറന്നുകാട്ടി.  ‘ബ്രിട്ടീഷ്‌ ജാക്ക്‌ താഴ്‌ത്തി ത്രിവർണ പതാക ഉയർത്തിയെങ്കിലും ഇന്നാട്ടിലെ തൊഴിലാളികളെയും കൃഷിക്കാരെയും കൊള്ളചെയ്‌ത്‌ കീശ വീർപ്പിക്കുന്ന യൂറോപ്യൻ മുതലാളിമാരാരും പോയിട്ടില്ല. ഇവരെല്ലാം പോകുന്നതുവരെ നമുക്ക്‌ വിശ്രമമില്ല’ , ഇ എം എസ്‌ ഓർമപ്പെടുത്തി.

   എല്ലാ പാർടിയും ഒന്നിച്ച്‌ മുനിസിപ്പാലിറ്റികളെ ജനോപകാരപ്രദമാക്കണമെന്ന്‌ അഭ്യർഥിച്ച്‌ കോൺഗ്രസ്‌ നേതാവ്‌ കെ കേളപ്പന്‌ അയച്ച കത്ത്‌ ആഗസ്‌ത്‌ 19നു പ്രസിദ്ധീകരിച്ചു. മലബാറിലെ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിനെ മുൻനിർത്തി കമ്യൂണിസ്റ്റ്‌ പാർടി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നിലപാട്‌ വിശദീകരിക്കുകയും ഒപ്പം കെപിസിസി വല്ല പരിപാടിയും തയ്യാറാക്കിയിട്ടുണ്ടെങ്കിൽ അത്‌ വിശദീകരിക്കാനും ആവശ്യപ്പെടുന്നുണ്ട്‌. പട്ടണങ്ങളുടെ ശുചീകരണം, വൈദ്യസഹായം, വിദ്യാഭ്യാസം, എല്ലാവർക്കും വീട്‌, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി ജനങ്ങൾക്ക്‌ ജീവിക്കാൻവേണ്ട സൗകര്യമൊരുക്കണമെന്നും ഇതിനായുള്ള സാമ്പത്തികസ്ഥിതി കൈവരിക്കണമെന്നും പറയുന്നു. ഇതിനായി ജന്മിമാർ, കുടിയാന്മാർ തുടങ്ങിയവരിൽനിന്ന്‌ കൃത്യമായി നികുതി പിരിക്കാനും നിർദേശിച്ചു. ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുണ്ട്‌. ഇത്‌ നിർത്തലാക്കണമെന്നും ഇതിനായുള്ള നിർദേശങ്ങളും മുന്നോട്ടുവയ്‌ക്കുന്നുണ്ട്‌.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഓണവും പെരുന്നാളും മുൻനിർത്തി ജനങ്ങളുടെ ദുരിതവും അതിനായി സർക്കാർ ചെയ്യേണ്ട പ്രവൃത്തികളും വിശദീകരിക്കുകയാണ്‌ 20നു പ്രസിദ്ധീകരിച്ച ‘സ്വതന്ത്ര ഭാരതത്തിലെ ഒന്നാമത്തെ പെരുന്നാളും ഓണവും: എന്തുകൊണ്ട്‌ നമുക്ക്‌ തുണിയും അരിയുമില്ല’ എന്ന ലേഖനം. ഈ വിശേഷദിവസം ആഘോഷിക്കാനുള്ള കഴിവും സൗകര്യവും ജനങ്ങൾക്കില്ലെന്ന്‌ ഓർമപ്പെടുത്തുന്നു ലേഖനം. ജനങ്ങളുടെ കഷ്ടപ്പാടിന്റെ കാരണങ്ങൾ വിശദീകരിക്കുന്നു, ഒപ്പം അതിനുള്ള പരിഹാരവും. ബ്രിട്ടീഷുകാർ പോയതിനുശേഷം അവരുടെ നയം പിന്തുടരുന്ന കോൺഗ്രസ്‌ സർക്കാർ ബ്രിട്ടീഷുകാരുടെ നെടുംതൂണായ നാട്ടുരാജാക്കന്മാർ, വൻകിട ജന്മിമാർ, കരിഞ്ചന്തക്കാർ, മുതലാളിമാർ എന്നിവരുമായി സന്ധി ചെയ്യുന്നത്‌ അവസാനിപ്പിക്കണമെന്ന്‌ താക്കീതുചെയ്യുന്നു.

 ‘ഉൽപ്പാദനം വർധിപ്പിച്ച്‌ സമാധാനവും സമൃദ്ധിയും സ്ഥാപിക്കാൻ’ എന്ന 21ൽ പ്രസിദ്ധീകരിച്ച ലേഖനം നമ്മുടെ മുഖ്യകടമ നാട്ടിലെ സാമ്പത്തികവ്യവസ്ഥ വളർത്തുകയും പരിഷ്‌കരിക്കുകയുമാണെന്നു പറഞ്ഞാണ്‌ തുടങ്ങുന്നത്‌. സാമ്രാജ്യത്വത്തിന്റെ അവശിഷ്ടങ്ങൾ തുടച്ചുനീക്കി നമുക്കാവശ്യമായ ജീവിതസാമഗ്രികൾ വേണ്ടിടത്തോളം ഉണ്ടാക്കണം. അതിനായി കൃഷിയും വ്യവസായവും അഭിവൃദ്ധിപ്പെടുത്തണം. ഇതിനായി കമ്യൂണിസ്റ്റ്‌ പാർടി ഒരു പരിപാടിയും മുന്നോട്ടുവച്ചു. നാട്ടുകാർക്ക്‌ ആവശ്യമുള്ള സാധനങ്ങളാണ്‌ ഉണ്ടാക്കേണ്ടത്‌. ഇതിന്റെ ഉൽപ്പാദനം, വിതരണം, വിലയെല്ലാം സർക്കാർ മുഖേന നാട്ടുകാർ നിയന്ത്രിക്കണം. ഏതെല്ലാം വ്യവസായങ്ങൾ, എവിടെയെല്ലാം തുടങ്ങിയവയെല്ലാം വ്യവസായിക്ക്‌ വിട്ടുകൊടുക്കാതെ സർക്കാർ നിശ്ചയിക്കണം. തൊഴിലാളികൾക്ക്‌ ന്യായമായ കൂലി കൊടുക്കണം. ജന്മിമാരുടെയും മുതലാളിമാരുടെയും ആദായം കുറയ്‌ക്കുകയും മേധാവിത്വം തകർക്കുകയും വേണം. ഇത്‌ അംഗീകരിച്ചാൽ ട്രേഡ്‌ യൂണിയനുകളും കിസാൻ സംഘങ്ങളും സഹകരിക്കും.  ജനദ്രോഹനടപടി സ്വീകരിച്ചാൽ എതിർക്കും.

         ‘പണിമുടക്കങ്ങൾ കൂടാതെ കഴിയേണ്ടതെങ്ങനെ’ എന്ന ലേഖനമാണ്‌ 22നു പ്രസിദ്ധീകരിച്ചത്‌. പോസ്റ്റൽ, റെയിൽവേ തൊഴിലാളി സമരങ്ങളടക്കമുള്ളവ ചർച്ച ചെയ്യുകയും അവ ന്യായമായി ഒത്തുതീർപ്പാക്കാനുള്ള വഴി നിർദേശിക്കുകയുമാണ്‌. സമരങ്ങൾ പൊളിക്കാൻ മുതലാളിമാർ നടത്തുന്ന ഇടപെടലുകളെ തുറന്നുകാണിക്കുകയാണ്‌ ഇവിടെ. തൊഴിലാളി പ്രശ്‌നങ്ങൾ പരിഹരിക്കാൻ തൊഴിലാളി നിയമം പാസാക്കണം, പ്രശ്‌ന പരിഹാരത്തിന്‌ മധ്യസ്ഥനു പകരം തൊഴിലാളികൾക്കും മുതലാളിക്കും സർക്കാരിനും പ്രാതിനിധ്യമുള്ള ത്രികക്ഷി കമ്മിറ്റി രൂപീകരിക്കണം.

മുതലാളിയുടെ മർക്കടമുഷ്ടി കാരണം തൊഴിൽ പ്രശ്‌നമുണ്ടാകുമ്പോൾ ഒന്നുംചെയ്യാതെ പണിമുടക്ക്‌ വരുമ്പോൾ മാത്രം മധ്യസ്ഥനെവച്ച്‌ മുതലാളിയെ സംരക്ഷിക്കുന്ന തൊഴിലാളിയെ ശിക്ഷിക്കുന്ന നയം പറ്റില്ലെന്ന്‌ താക്കീതുചെയ്യുന്നു.
23ന്‌ ദേശാഭിമാനിയിൽ ‘നാട്ടിൻപുറങ്ങളിൽ സമാധാനം സ്ഥാപിക്കാൻ കോൺഗ്രസ്‌ ഗവൺമെന്റ്‌ ഉടൻ ചെയ്യേണ്ടതെന്ത്‌’ എന്ന ലേഖനമാണ്‌ അച്ചടിച്ചത്‌.

ജന്മിമാരുടെയും കരിഞ്ചന്തക്കാരുടെയും പ്രേരണയിൽ ഉദ്യോഗസ്ഥർ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അതിന്റെ മറവിൽ നടക്കുന്ന കമ്യൂണിസ്റ്റ്‌ വേട്ടയുമാണ്‌ ഇതിൽ പറയുന്നത്‌. ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കുന്ന കൃഷിക്കാരെയടക്കം അടിച്ചമർത്തുകയാണ്‌. ഈ നയം തുടർന്നാൽ നാട്ടിൻപുറങ്ങളിൽ സമാധാനം ഉണ്ടാകില്ല. ഭക്ഷ്യക്ഷാമവും വർധിക്കും. അത്‌ പരിഹരിക്കാർ സർക്കാർ ഇടപെടണമെന്ന്‌ ആവശ്യപ്പെട്ട്‌ നിർദേശങ്ങൾ മുന്നോട്ടുവച്ചാണ്‌ ലേഖനം അവസാനിക്കുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top