29 November Wednesday

'മഴവില്‍' കടന്ന ഇഎംഎസ്‌

വി ജയിൻUpdated: Sunday Mar 24, 2019

തിരുവനന്തപുരം > കുപ്രസിദ്ധമായ വിമോചനസമരത്തിന്റെ മറവിൽ രാജ്യത്തെ ആദ്യത്തെ കമ്യൂണിസ‌്റ്റ‌് മന്ത്രിസഭയെ പിരിച്ചുവിട്ട കോൺഗ്രസ‌് നേതാവും പ്രധാനമന്ത്രിയുമായ ജവാഹർലാൽ നെഹ‌്റു ഇ എം എസിനെ തോൽപ്പിക്കാൻ 1960ൽ പട്ടാമ്പിയിലെത്തി പ്രചാരണം നയിച്ചു. കോൺഗ്രസ‌്–-പിഎസ‌്പി–-മുസ്ലിംലീഗ‌് മുക്കൂട്ടു മുന്നണിയിൽ ജനസംഘത്തിനെയും കൂട്ടി. അങ്ങനെ  കേരളത്തിലെ ആദ്യത്തെ അവിശുദ്ധ രാഷ‌്ട്രീയ കൂട്ടുകെട്ടാണ‌് 1960ൽ ഉദയംകൊണ്ടത‌്. ഈ കൂട്ടുകെട്ടിന‌് പട്ടാമ്പിയിൽ പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു. ഇന്ത്യയിൽ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ‌്റ്റ‌് മുഖ്യമന്ത്രി ഇ എം എസിനെ പരാജയപ്പെടുത്തുകയെന്ന പൊതുലക്ഷ്യമാണ‌് അവിശുദ്ധ കൂട്ടുകെട്ട‌ിനുണ്ടായിരുന്നത‌്.

ഇ എം എസിനെതിരെ കോൺഗ്രസ‌് സ്ഥാനാർഥിയായി ഇവിടെ മത്സരിച്ചത‌് രാഘവൻനായർ.  ജനസംഘം ഭരതൻ എന്നൊരാളെ സ്ഥാനാർഥിയെ നിർത്താൻ തീരുമാനിച്ചു. എന്നാൽ മുൻ കോൺഗ്രസ‌് നേതാവ‌ും അന്ന്‌ മണ്ണാർക്കാട‌് മണ്ഡലത്തിലെ പിഎസ‌്പി സ്ഥാനാർഥിയുമായിരുന്ന എം പി ഗോവിന്ദമേനോൻ ജനസംഘത്തിനോട‌് അഭ്യർഥന നടത്തി, തങ്ങളുടെ സ്ഥാനാർഥിയെ പിൻവലിച്ച‌് കോൺഗ്രസിന‌് പിന്തുണ നൽകാൻ. എം പി ഗോവിന്ദമേനോന്റെ പ്രസ‌്താവനയിലെ പ്രസക്തഭാഗം ഇതാണ‌്:

‘ഇ എം എസിനെ തോൽപ്പിക്കേണ്ടത‌് കേരളത്തിന്റെ മാത്രമല്ല, ഭാരതത്തിന്റെയാകെയും ജനാധിപത്യലോകത്തിന്റെ ഒട്ടാകെയും കർത്തവ്യമാണ‌്. അതിനായി ജനസംഘത്തിന്റെ സ്ഥാനാർഥിയെ പിൻവലിച്ച‌് കോൺഗ്രസ‌് സ്ഥാനാർഥിക്ക‌് സകലവിധ സഹായവും പിന്തുണയും നൽകേണ്ടതാണ‌്’. ജനസംഘം സ്ഥാനാർഥിയെ പിൻവലിച്ചു. ജനസംഘത്തിന്റെ ദേശീയ നേതാവ‌്  ദീൻദയാൽ ഉപാധ്യായ അടക്കം പട്ടാമ്പിയിൽ വന്ന‌് ഇ എം എസിനെതിരെ പ്രചാരണം നടത്തി. അന്ന‌് എഐസിസി അധ്യക്ഷനായിരുന്ന നീലം സഞ‌്ജീവറെഡ്ഡി പട്ടാമ്പിയിൽ ദിവസങ്ങളോളംം ക്യാമ്പുചെയ‌്തു.

കേന്ദ്രമന്ത്രിമാർക്കായിരുന്നു പഞ്ചായത്തുകളുടെ ചുമതലയെന്ന‌് പട്ടാമ്പിയിലെ മുതിർന്ന കമ്യൂണിസ‌്റ്റ‌് നേതാവ‌് സി അച്യുതൻ ഓർക്കുന്നു. മുതുതല പഞ്ചായത്തിന്റെ ചുമതല കേന്ദ്രമന്ത്രി മൊറാർജി ദേശായിക്കായിരുന്നു. കാമരാജ‌്, ഇന്ദിരാഗാന്ധി, സി സുബ്രഹ്മണ്യം തുടങ്ങി കോൺഗ്രസിന്റെ ഉന്നത നേതാക്കളൊക്കെ പട്ടാമ്പിയിൽ തമ്പടിച്ച‌് പ്രവർത്തിച്ചുവെന്ന‌്  സി അച്യുതൻ ദേശാഭിമാനിയോട‌് പറഞ്ഞു. കോൺഗ്രസിന്റെ ദേശീയനേതൃത്വം ഒന്നടങ്കം പട്ടാമ്പിയിലെത്തിയത‌് കമ്യൂണിസ‌്റ്റ‌് നേതാവായ ചരിത്രപുരുഷനെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. ഇന്ത്യയിൽ നിന്ന‌് കമ്യൂണിസ‌്റ്റ‌് പാർടിയെ തുടച്ചുനീക്കാൻ അമേരിക്കൻ ഭരണകൂടവും ഇടപെട്ട‌് സഹായങ്ങൾ നടത്തി. സിഐഎയും ഇന്ത്യയിലെ അമേരിക്കൻ എംബസിയുമാണ‌് ഇതിന്റെ പ്രവർത്തനങ്ങൾ നടത്തിയത‌്.
പ്രചണ്ഡമായ പ്രചാരണത്തിനൊടുവിൽ നടന്ന വോട്ടെടുപ്പിന്റെ ഫലം മഴവിൽ സഖ്യക്കാരെ നിരാശപ്പെടുത്തി.  58822 വോട്ടർമാരിൽ 46371 പേർ വോട്ടുചെയ‌്തു. 78.83 ശതമാനം. സാധുവായ വോട്ട‌് 45634.

ഇ എം എസിന‌് 26478 വോട്ടും കോൺഗ്രസ‌് സ്ഥാനാർഥി എ  രാഘവൻനായർക്ക‌് 19156 വോട്ടും കിട്ടി. 7322 വോട്ടിന്റെ ഭൂരിപക്ഷത്തിന‌് ഇ എം എസ‌് ജയിച്ചു. പെരിന്തൽമണ്ണയിൽ കമ്യൂണിസ‌്റ്റ‌് സ്ഥാനാർഥി ഇ  പി ഗോപാലനും മണ്ണാർക്കാട്ട‌് എം പി ഗോവിന്ദമേനോനെ തോൽപ്പിച്ച‌് കമ്യൂണിസ‌്റ്റ‌് സ്ഥാനാർഥി കൊങ്ങശ്ശേരി കൃഷ‌്ണനും വിജയിച്ചു. പക്ഷേ കേരളത്തിലാകെ മുക്കൂട്ടു മുന്നണിയാണ‌് വിജയിച്ചത‌്. തത്വദീക്ഷയില്ലാത്ത അവിശുദ്ധ സഖ്യത്തെ പരാജയപ്പെടുത്താൻ പട്ടാമ്പി മണ്ഡലത്തിലെ വോട്ടർമാർക്ക‌്  കഴിഞ്ഞു. 1965, 67, 70 വർഷങ്ങളിൽ സിപിഐ എം സ്ഥാനാർഥിയായി പട്ടാമ്പിയിൽ നിന്നും 1977ൽ ആലത്തൂരിൽ നിന്നും ജനവിധി തേടിയാണ്‌ ഇ എം എസ്‌ നിയമസഭയിലെത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top