23 April Tuesday

ഭാഷാചർച്ചയിലും നിറഞ്ഞ്‌ ഇ എം എസ്‌

ദിനേശ് വർമUpdated: Sunday Mar 19, 2023

ഇ എം എസിന്റെ കൈയെഴുത്ത്‌

തിരുവനന്തപുരം> ഇ എം എസ്‌ നമ്പൂതിരിപ്പാടിന്റെ വേർപാടിന്‌ കാൽനൂറ്റാണ്ട്‌ തികഞ്ഞ വേളയിലും അദ്ദേഹത്തിന്റെ ഭാഷാപ്രയോഗങ്ങൾ ചർച്ച. സർക്കാരിന്റെ നേതൃത്വത്തിൽ പൊതുവായ ഭാഷാശൈലി രൂപീകരിക്കാൻ നടത്തിയ ആശയവിനിമയങ്ങളിലും ഇ എം എസിന്റെ ഭാഷ പ്രതിപാദിക്കപ്പെട്ടു.

മലയാളത്തിൽ ഇ എം എസിന്റേതുപോലെ ലാളിത്യമുള്ള ഭാഷ വേറെയില്ലെന്ന്‌ പറയാറുണ്ട്‌. എത്ര ബൃഹത്തായ ആശയങ്ങളും സാധാരണക്കാർക്ക്‌ മനസ്സിലാകണം എന്നതായിരുന്നു ഇ എം എസിന്റെ മാനദണ്ഡം. നന്നായി മനസ്സിലാക്കിയാണ്‌ താൻ ഒരുകാര്യം പറയുന്നതെന്നും അത്‌ ഏറ്റവും കൂടുതൽ പേർക്ക്‌ മനസ്സിലാകണം എന്നുമുള്ള താൽപ്പര്യം. മനസ്സിൽ കൃത്യമായ രൂപമുണ്ടാക്കിയ ശേഷമേ കുറിക്കാനായി പറഞ്ഞുതരാറുള്ളൂവെന്ന്‌ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവരും ഓർക്കുന്നു.

സമൂഹത്തിൽ അരികുവൽക്കരിക്കപ്പെട്ടവരടക്കം ഏറ്റവും കൂടുതൽ പേർക്ക്‌ താൻ എഴുതുന്നതും പറയുന്നതും മനസ്സിലാകണമെന്ന്‌ ഇ എം എസിന്‌ നിർബന്ധമുണ്ടായിരുന്നുവെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു;  ‘‘ഭാഷ ലളിതമാകണമെന്നുമാത്രമല്ല, പിശകില്ലാത്തതും ആകണമെന്ന്‌ ഇ എം എസ്‌ ശഠിച്ചിരുന്നു. ഇ എം എസ്‌ എഴുതിയ ഒരു അവതാരിക പണ്ട്‌ കുട്ടിക്കൃഷ്ണമാരാർക്ക്‌ വായിക്കാൻ കൊടുത്തിരുന്നു. മാരാർ വെട്ടിത്തിരുത്തി. അന്നുമുതലാണ്‌ തന്റെ ഭാഷയിലെ പിശകുകളെക്കുറിച്ച്‌ ബോധവാനായതെന്ന്‌ ഇ എം എസ്‌ പറഞ്ഞിട്ടുണ്ട്‌’’–- എം എ ബേബി പറഞ്ഞു.

ഏറ്റവും പുതിയ പുസ്തകം വായിച്ച്‌ ഭാഷയിലെ പുത്തൻ ശൈലികളെക്കുറിച്ചും അറിഞ്ഞുകൊണ്ടിരുന്നു ഇ എം എസ്‌.  ഇറങ്ങിയ ഉടൻ ആദ്യ നോവൽ ‘ ഇന്നലത്തെ മഴ ’യുമായി ഇ എം എസിനെ കാണാൻ പോയത്  എഴുത്തുകാരൻ എൻ മോഹനൻ എഴുതിയിട്ടുണ്ട്‌. പുസ്തകവുമായി വീട്ടിൽ ചെന്ന മോഹനനോട്‌ ഇ എം എസ്‌ പറഞ്ഞത്രെ; ‘നോവൽ വായിച്ചു, നന്നായിട്ടുണ്ട്‌, ദേശാഭിമാനി വാരികയിലേക്ക്‌ ഒരു നിരൂപണം എഴുതാനിരിക്കുകയാണ്‌’.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top