20 April Saturday

ഇ എം എസ്– എ കെ ജി ദിനങ്ങൾ 
ആചരിക്കണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Mar 9, 2023


തിരുവനന്തപുരം
ഇ എം എസിന്റെയും എ കെ ജിയുടെയും ചരമദിനങ്ങൾ സമുചിതം ആചരിക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.  ഇ എം എസിന്റെ ചരമദിനം 19നും എ കെ ജിയുടേത് 22നുമാണ്. എല്ലാ പാർടി ബ്രാഞ്ചുകളിലും ഓഫീസുകൾ അലങ്കരിച്ചും പതാക ഉയർത്തിയും ദിനാചരണവും 19 മുതൽ 22 വരെ അനുസ്മരണ യോഗങ്ങളും പഠനക്ലാസുകളും സംഘടിപ്പിക്കണം.

ദേശീയ സ്വാതന്ത്ര്യസമരത്തിൽ സജീവ സാന്നിധ്യമായിരുന്ന രണ്ടു നേതാക്കളും കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്ക്‌ വഹിച്ചവരാണ്‌. മാർക്സിസം ലെനിനിസത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ എല്ലാ ചലനങ്ങളെയും വിലയിരുത്തി സാധാരണക്കാരന് പകർന്നു നൽകുന്നതിന് ഇ എം എസ് ശ്രദ്ധിച്ചു.

ആധുനിക കേരളം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾക്ക്‌ നേതൃത്വപരമായ പങ്കും കേരളത്തിലെ ആദ്യ മന്ത്രിസഭയിൽ പ്രായോഗികമായ നേതൃത്വവും  വഹിച്ചു. ജീവിതത്തെ ജനങ്ങൾക്കുവേണ്ടിയുള്ള പോരാട്ടമാക്കി മാറ്റിയ നേതാവായിരുന്നു എ കെ ജി. അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്നങ്ങളിൽ ഇഴുകിനിന്ന് പൊരുതിയ പാവങ്ങളുടെ പടത്തലവൻ. കേരളത്തോട് കേന്ദ്രം കാണിച്ച അവഗണനയ്‌ക്കെതിരെ പോരാട്ടങ്ങളുടെ പരമ്പര സൃഷ്ടിക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകി.

ഭരണഘടനാമൂല്യങ്ങൾ തകർക്കാൻ സംഘപരിവാർ ബോധപൂർവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ഘട്ടമാണിത്. കേരളത്തെ ഒറ്റപ്പെടുത്താനും ദുർബലപ്പെടുത്താനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നു. ഇത്തരം പ്രശ്നങ്ങൾ ജനങ്ങൾക്കിടയിൽ എത്തിക്കുന്നതിനും പോരാട്ടങ്ങൾ രൂപപ്പെടുത്തുന്നതിനും ഇ എം എസിന്റെയും എ കെ ജിയുടെയും ഓർമകൾ കരുത്താകുമെന്ന് സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top