20 April Saturday

എംപ്ലോയ്‌മെന്റ്‌ വഴി 43,842 പേർക്ക്‌ നിയമനം; ആക്ഷേപിക്കുന്നവര്‍ പരിഹസിക്കുന്നത് ഭിന്നശേഷിക്കാരെയും ദരിദ്രരേയും

വിജേഷ്‌ ചൂടൽUpdated: Sunday Aug 2, 2020

തിരുവനന്തപുരം> എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ വഴി നിയമാനുസൃതമായി ജോലി നൽകുന്നതിനെ പിൻവാതിൽ നിയമനമെന്ന്‌ ആക്ഷേപിക്കുന്നവർ പരിഹസിക്കുന്നത്‌ ഭിന്നശേഷിക്കാരും ദരിദ്രരും ഉൾപ്പെടെയുള്ള വിഭാഗത്തെ. പിഎസ്‌സിക്ക്‌ വിട്ടിട്ടില്ലാത്ത തസ്തികകളിലേക്ക് എംപ്ലോയ്‌മെന്റ്‌  വഴി സ്ഥിരനിയമനം തന്നെ നൽകുന്നുണ്ട്‌ എന്ന വസ്തുത അറിയില്ലെന്ന്‌ നടിച്ചാണ്‌ കുപ്രചാരണം. സ്ഥിരനിയമനം സാധ്യമല്ലാത്ത തസ്തികയിലേക്ക്‌ നാലുവർഷത്തിനിടെ നടത്തിയ നിയമനങ്ങളിൽ മഹാഭൂരിപക്ഷവും എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ വഴിയാണ്‌. ജനുവരിവരെ 43,842 പേർക്ക്‌ ഇത്തരത്തിൽ ജോലി നൽകി.

ലാസ്റ്റ്‌ ഗ്രേഡ്‌ സെർവന്റുമുതൽ കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസുവരെയും പൊതുമേഖലാ സ്ഥാപനങ്ങൾ/ കമ്പനി/ ബോർഡ്, സർവകലാശാലകൾ എന്നിവിടങ്ങളിലെയും കേഡർശേഷിക്കുള്ളിൽ വരുന്ന തസ്തികകളിലേക്കാണ് പിഎസ്‌സിവഴി സ്ഥിരനിയമനം. ഇതിൽപ്പെടാത്ത തസ്തികകളിലേക്ക്‌ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുവഴി സ്ഥിരനിയമനവും താൽക്കാലിക നിയമനവുമുണ്ട്. വിവിധ വകുപ്പുകളിൽ പാർട്ട്‌ ടൈം സ്വീപ്പർ, ഫുൾടൈം സ്വീപ്പർ, മെഡിക്കൽ കോളേജുകളിലെ അറ്റൻഡർ ഗ്രേഡ്‌ 2,  അതിഥിമന്ദിരങ്ങളിലെ വാച്ചർ, സ്റ്റൂർഡ്‌ തുടങ്ങിയ തസ്തികകളിൽ സ്ഥിരനിയമനങ്ങളാണ്. വർഷങ്ങളായി രജിസ്റ്റർചെയ്ത് കാത്തിരിക്കുന്നവരുടെ പട്ടിക സീനിയോറിറ്റി അടിസ്ഥാനത്തിൽ തയ്യാറാക്കി അഭിമുഖം നടത്തിയാണ് സ്ഥിരനിയമനം. മാനദണ്ഡങ്ങളൊന്നും പാലിക്കാതെ നിയമിക്കാൻ കഴിയില്ലെന്ന്‌ വ്യക്തം.

എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുവഴി അനുഭാവികൾക്ക് താൽക്കാലിക നിയമനം നൽകി പിന്നീട് സ്ഥിരപ്പെടുത്തുന്നു എന്ന കണ്ടെത്തൽ വിചിത്രമാണ്‌.  പിഎസ്‌സിക്ക്‌ റിപ്പോർട്ട് ചെയ്ത് നിയമനം നടക്കുന്നതുവരെ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ മുഖേന പരമാവധി 179 ദിവസത്തേക്കാണ്‌ താൽക്കാലിക നിയമനം. ഇതിനിടയ്‌ക്ക്‌ പിഎസ്‌സി നിയമനം നേടിയ ഉദ്യോഗാർഥി ജോലിയിൽ പ്രവേശിച്ചാൽ താൽക്കാലികക്കാരെ സ്വാഭാവികമായും പിരിച്ചുവിടും. താൽക്കാലിക നിയമനത്തിലും സീനിയോറിറ്റിതന്നെയാണ് മാനദണ്ഡം.

ആശ്രിത, ഭിന്നശേഷി നിയമനം ബാധിക്കില്ല


ആശ്രിത, ഭിന്നശേഷി നിയമനം കാരണം പിഎസ്‌സി റാങ്ക് ലിസ്റ്റിൽനിന്ന്‌ നിയമനം നടക്കുന്നില്ലെന്നാണ്‌ ചില കേന്ദ്രങ്ങൾ ഉയർത്തുന്ന ആരോപണം. സർക്കാർവകുപ്പുകളിൽ ഒരുവർഷം ഉണ്ടാകുന്ന ഒഴിവുകളുടെ അഞ്ച്‌ ശതമാനമേ ആശ്രിത നിയമനം നൽകാനാകൂ. ഇത്‌ നിയമപ്രകാരം പാലിച്ചേ മതിയാകൂ. എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ മുഖേന താൽക്കാലികാടിസ്ഥാനത്തിൽ 179 ദിവസം ജോലിചെയ്‌ത ഭിന്നശേഷിക്കാർക്കുമാത്രം വർഷങ്ങൾക്കുശേഷം ചിലപ്പോൾ സ്ഥിരനിയമനം നൽകാറുണ്ട്.
ഇത്‌ കേഡർശേഷിക്കുള്ളിൽ വരുന്നതല്ല.

പിഎസ്‌സി നിയമനങ്ങൾക്ക്‌ മാറ്റിവച്ച ഒഴിവുകളെ ബാധിക്കാത്തതരത്തിൽ സൂപ്പർന്യൂമററി ആയാണ്‌ ഇത്തരം നിയമനം. നിയമനം നേടുന്നവർ വിരമിക്കുന്നതോടെ ആ തസ്‌തിക ഇല്ലാതാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top